ടെക്‌സസ് മിന്നല്‍ പ്രളയം: മരണം 24 ആയി, കാണാതായത് 25 പെണ്‍കുട്ടികളെ

ടെക്‌സസ്: ടെക്‌സസിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണം 24 ആയി. പ്രദേശത്തെ നദിയില്‍ വെള്ളം ഉയര്‍ന്നത് നാശനഷ്ടങ്ങള്‍ക്കിടയാക്കി. സമ്മര്‍ ക്യാംപില്‍ പങ്കെടുക്കാനെത്തിയ 25 പെണ്‍കുട്ടികളെയും കാണാതായി. ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.

ക്യാംപില്‍ പങ്കെടുത്തവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ടെക്‌സസിന്റെ പടിഞ്ഞാറും മധ്യഭാഗത്തും വീണ്ടും പ്രളയമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

വീണ ജോർജ് കഴിവുകെട്ട മന്ത്രി; രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

വീണയുടെ രാജി വാങ്ങിയിട്ടേ മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകാൻ പാടുള്ളായിരുന്നു. 

വീണ ജോർജ്ജ് കഴിവുകെട്ട മന്ത്രിയാണെന്നും ആരോഗ്യ രംഗത്ത് ഗുരുതര വീഴ്ച വരുത്തിയെന്നും രമേശ് ചെന്നിത്തല രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി. കോട്ടയത്തെ ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണത് പോലെ സർക്കാരും ഇടിഞ്ഞുവീഴുമെന്ന് ചെന്നിത്തല പറ‍ഞ്ഞു.

കോട്ടയം മെഡിക്കൽ കോളജ് വിദ്യാർഥികളുടെ ഹോസ്റ്റൽ കെട്ടിടവും അപകടാവസ്ഥയിൽ

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് വിദ്യാർഥികളുടെ ഹോസ്റ്റൽ കെട്ടിടം അപകടാവസ്ഥയിലെന്ന് റിപ്പോർട്ടുകൾ.

  ഹോസ്റ്റലിലെ പലമുറികളും ചോർന്നൊലിക്കുന്ന നിലയിലാണ്. പലയിടത്തും കോൺക്രീറ്റ് പാളികൾ അടർന്ന അവസ്ഥയുമുണ്ട്.

ആൺകുട്ടികളുടെ ഹോസ്റ്റൽ കെട്ടിടത്തിന് 60 വർഷം പഴക്കമുണ്ട്. പിജി വിദ്യാർഥികളുടെ ഹോസ്റ്റലും അപകടാവസ്ഥയിലാണ്. വിദ്യാർഥികൾ നിരവധി തവണ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.

കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം കാലപ്പഴക്കം മൂലം തകർന്ന് വീണതിന് പിന്നാലെ നിരവധി വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റൽ കെട്ടിടത്തിന്റെ സുരക്ഷയെ സംബന്ധിച്ചും ആശങ്കയുയരുകയാണ്.

കേരള ക്രിക്കറ്റ് ലീഗ്:  സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൽ ഇന്ത്യൻ ടി20 വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് വേണ്ടി കളിക്കും. കെസിഎല്ലിലെ റെക്കോഡ് തുകയായ 26.80 ലക്ഷത്തിനാണ് കൊച്ചി സഞ്ജുവിനെ സ്വന്തമാക്കിയത്. മൂന്ന് ലക്ഷമായിരുന്നു സഞ്ജുവിന്റെ അടിസ്ഥാന വില.

അഞ്ച് ലക്ഷത്തിൽ നിന്നാണ് സഞ്ജുവിനുള്ള ലേലം വിളി തുടങ്ങിയത്. എന്നാൽ തിരുവനന്തപുരം റോയൽസ് 20 ലക്ഷം വരെയാക്കി ഉയർത്തി. എങ്കിലും തൃശൂർ ടൈറ്റൻസ് വിട്ടുകൊടുത്തില്ല. 25 ലക്ഷം ഓഫർ ചെയ്ത് താൽപര്യം പ്രകടിപ്പിച്ചു.

എന്നാൽ ബ്ലൂ ടൈഗേഴ്‌സ് 26.80 രൂപയ്ക്ക് സഞ്ജുവിനെ ടീമിലെത്തിച്ചു. ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണിത്. ആദ്യ കെസിഎല്ലിൽ സഞ്ജു കളിച്ചിരുന്നില്ല.  വിഷ്ണു വിനോദിനെ 12.8 ലക്ഷത്തിന് ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് സ്വന്തമാക്കി.

ജലജ് സക്‌സേനയെ 12.40 ലക്ഷത്തിന് ആലപ്പി റിപ്പിൾസ് സ്വന്തമാക്കി. പേസർ ബേസിൽ തമ്പി തിരുവനന്തപുരം റോയൽസിന് വേണ്ടി കളിക്കും.

8.4 ലക്ഷത്തിലാണ് ബേസിൽ തിരുവനന്തപുരത്തെത്തിയത്. ഷോൺ റോജർ തൃശൂർ ടൈറ്റൻസിന് വേണ്ടി കളിക്കും. 4.40 ലക്ഷത്തിലാണ് ഷോണിനെ ടൈറ്റൻസ് സ്വന്തമാക്കിയത്. സിജോമോൻ ജോസഫും തൃശൂരിലെത്തി 5.20 ലക്ഷമാണ് താരത്തിനായി മുടക്കിയത്. 

കൊച്ചി രാജ്യാന്തരസ്റ്റേഡിയത്തിലെ അഗ്‌നിശമന സംവിധാനങ്ങളില്‍ ഗുരുതര വീഴ്ചകള്‍

കൊച്ചി: അന്തര്‍ദേശീയ മത്സരങ്ങള്‍ക്ക് വേദിയായ കൊച്ചി രാജ്യാന്തരസ്റ്റേഡിയത്തിലെ അഗ്‌നിശമന സംവിധാനങ്ങളില്‍ ഗുരുതര വീഴ്ചകള്‍.

സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന 21 ഹോട്ടലുകള്‍ പാചകവാതക സിലിണ്ടറുകള്‍ ഉപയോഗിക്കുന്നത് സ്റ്റേഡിയത്തിന്റെ സുരക്ഷയ്ക്ക് വന്‍ ഭീഷണിയാണെന്ന് അഗ്‌നിശമനസേനയുടെ ഫയര്‍ഓഡിറ്റില്‍ കണ്ടെത്തി.

സ്റ്റേഡിയം പോലെ ജനങ്ങള്‍ തടിച്ചുകൂടുന്നയിടങ്ങളില്‍ സ്‌ഫോടനസാദ്ധ്യതയുള്ള വസ്തുക്കള്‍ പാടില്ലെന്ന പെട്രോളിയം എക്‌സ്പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ (പെസോ) ചട്ടങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് സ്റ്റേഡിയത്തില്‍ ഹോട്ടലുകളുടെ പ്രവര്‍ത്തനമെന്ന് പരിശോധനയില്‍ തെളിഞ്ഞു.

ചെറുതുംവലുതുമായ 21 ഹോട്ടലുകളില്‍ പകുതിയോളം ഭക്ഷണശാലകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്. ഇവയില്‍മാത്രം 24 സിലിണ്ടറുകള്‍ കണ്ടെത്തി. വൈകിട്ട് തുറക്കുന്ന ഭക്ഷണശാലകളിലുള്‍പ്പെടെ 50ലേറെ സിലിണ്ടറുകളാണുള്ളത്. ഇവയെല്ലാം 19 കിലോതൂക്കമുള്ള വാണിജ്യസിലിണ്ടറുകളാണ്.

പാചകത്തിനായി ഹോട്ടലുകള്‍ക്കുള്ളില്‍ത്തന്നെയാണ് ഇവ സൂക്ഷിക്കുന്നത്. പെസോയുടെ ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണിതെന്ന് അഗ്‌നിശമനസേന വ്യക്തമാക്കി.

ഗാലറിയിലുള്‍പ്പെടെ ഒരേസമയം 40,000പേര്‍ക്ക് കളികാണാന്‍ ശേഷിയുള്ള കലൂര്‍‌സ്റ്റേഡിയത്തിന്റെ സുരക്ഷയ്ക്ക് ഇത് ഭീഷണി ഉയര്‍ത്തുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന കഫേയിലെ സ്റ്റീമര്‍ പൊട്ടിത്തെറിച്ച് അന്യസംസ്ഥാനതൊഴിലാളി മരിച്ചതും തൊഴിലാളികള്‍ക്ക് പരിക്കേറ്റതും.

തുടര്‍ന്ന് സ്റ്റേഡിയത്തിലെ അഗ്‌നിശമന സംവിധാനങ്ങളെപ്പറ്റി ജില്ലാഫയര്‍ ഓഫീസര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഗാന്ധിനഗര്‍ സ്റ്റേഷന്‍ ഓഫീസര്‍ ആര്‍. രാജേഷ്‌കുമാര്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എന്‍.കെ. സുമേഷ് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്
സ്റ്റേഡിയത്തിലെ ഹൈഡ്രന്റ് സംവിധാനവും പമ്പുകളും പ്രവര്‍ത്തനക്ഷമമാണ്. എന്നാല്‍ സ്മാേക്ക് ഡിക്‌റ്റേറ്റിംഗ് സംവിധാനവും ഫയര്‍അലാം പാനലും പ്രവര്‍ത്തിക്കുന്നില്ലെന്ന് തെളിഞ്ഞു. ഓഡിറ്റോറിയത്തിലെ കണ്‍ട്രോള്‍റൂമില്‍ സുരക്ഷാഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നില്ല.

ഓഡിറ്റോറിയത്തിന്റെ ഉടമയായ വിശാലകൊച്ചി വികസന അതോറിട്ടിയുടെ ( ജി.സി.ഡിഎ) ഉദ്യോഗസ്ഥരും അഗ്‌നിശമനസേനയ്‌ക്കൊപ്പം പരിശോധനയില്‍ പങ്കെടുത്തു. ഫയര്‍ഓഡിറ്റ് റിപ്പോര്‍ട്ട് ജില്ലാ ഫയര്‍ഓഫീസര്‍ക്കും ജി.സി.ഡി.എയ്ക്കും സമര്‍പ്പിക്കും.

പാകിസ്ഥാനിൽ അഞ്ചുനില കെട്ടിടം തകര്‍ന്ന് വീണ് എട്ട് മരണം, ഒമ്പതുപേര്‍ക്ക് ഗുരുതര പരിക്ക്; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ കറാച്ചിയിലെ ലൈരിയിൽ അ‍ഞ്ചുനില കെട്ടിടം തകര്‍ന്ന് വീണ് എട്ട് മരണം. ഒമ്പതുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇനിയും നിരവധി പേര്‍ തകര്‍ന്ന കെട്ടിടത്തിനുള്ളിൽ അകപ്പെട്ടിരിക്കുന്നതായാണ് സംശയം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇന്നലെയാണ് 100ഓളം പേർ താമസിച്ചിരുന്ന കെട്ടിടം തകർന്ന് വീണത്.

20ഓളം കുടുംബങ്ങളാണ് ഇവിടെ കഴിഞ്ഞിരുന്നതെന്ന് കെട്ടിടത്തിലെ താമസക്കാരനായ ശങ്കര്‍ കാംഹോ പറഞ്ഞു. സംഭവം നടക്കുമ്പോള്‍ പുറത്തായിരുന്നതിനാലാണ് രക്ഷപ്പെട്ടതെന്നും ഇയാള്‍ പറഞ്ഞു. കെട്ടിടത്തിന് വിള്ളൽ വീണിട്ടുണ്ടെന്ന് പറഞ്ഞ് ഭാര്യ ഫോണ്‍ വിളിച്ചുവെന്നും അപ്പോള്‍ തന്നെ അവിടെ നിന്ന് രക്ഷപ്പെടാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും ശങ്കര്‍ വാര്‍ത്താഏജന്‍സിയോട് പറഞ്ഞു. തുടര്‍ന്ന് ഭാര്യ അയൽക്കാര്‍ക്കും മുന്നറിയിപ്പ് നൽകിയശേഷം മകളെയും കൂട്ടി പുറത്തിറങ്ങുകയായിരുന്നു. തുടര്‍ന്ന് 20 മിനുട്ടിനുശേഷം കെട്ടിടം തകര്‍ന്നുവെന്നും ശങ്കര്‍ പറഞ്ഞു.

അപകടത്തിൽ നിന്ന് രക്ഷപ്പെട്ട പലരുടെയും കുടുംബാംഗങ്ങള്‍ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്, അവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. പത്തിലധികം പേര്‍ കെട്ടിടത്തിൽ കുടുങ്ങിയിട്ടുണ്ടാകാൻ സാധ്യതയുണ്ടെന്ന് രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഭാഗമായ ഈദി വെൽഫെയര്‍ ഫൗണ്ടേഷൻ പ്രവര്‍ത്തകര്‍ പറഞ്ഞു. സമീപത്തെ ഫ്ലാറ്റുകളിൽ താമസിച്ചിരുന്നവരാണ് കെട്ടിടം തകര്‍ന്നുവീണയുടനെ രക്ഷാപ്രവര്‍ത്തനത്തിന് ആദ്യമെത്തിയത്. 2020 ജൂണിലും ഇതേ പ്രദേശത്ത് ഫ്ലാറ്റ് തകര്‍ന്ന് വീണ് 18 പേരുടെ മരണത്തിനിടയായിരുന്നു.

ഇസ്രയേൽ – ഹമാസ് യുദ്ധത്തിന് ഉടൻ അന്ത്യമായേക്കുമെന്ന് സൂചന; വെടിനിർത്തലിന് ഹമാസും സമ്മതമറിയിച്ചു

0

​ഗാസ സിറ്റി: ഇസ്രയേൽ – ഹമാസ് യുദ്ധത്തിന് ഉടൻ അന്ത്യമായേക്കുമെന്ന് സൂചന. ഇസ്രയേലിന് പിന്നാലെ ഹമാസും വെടിനിർത്തലിന് സമ്മതം അറിയിച്ചതോടെയാണ് മേഖലയിൽ സമാധാനത്തിന് വഴിയൊരുങ്ങുന്നത്. സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്ന ഈജിപ്തിനെയും ഖത്തറിനെയുമാണ് ഹമാസ് വെടിനിർത്തലിനുള്ള സമ്മതം അറിയിച്ചത്. 60 ദിവസത്തേക്ക് വെടിനിർത്തലിനാണ് ഇതോടെ കളമൊരുങ്ങുന്നത്. ഇസ്രയേൽ 60 ദിവസത്തെ വെടിനിർത്തലിന് തയ്യാറാണെന്ന് നേരത്തേ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.

ഇസ്രയേൽ അകാരണമായി പലസ്തീനികളെ കൊന്നൊടുക്കുകയാണെന്ന് ഹമാസ് ആരോപിക്കുന്നു. എത്രയും വേഗം വെടിനിർത്തൽ കൊണ്ടുവരുന്നതിന് സമ്മതമാണെന്നും ഹമാസ് മധ്യസ്ഥരാജ്യങ്ങളെ അറിയിച്ചു. സ്ഥിരമായ വെടിനിർത്തലിന് വഴി തെളിക്കുന്ന കരാറിലേക്ക് എത്തിച്ചേരുന്നതാവണം നിലവിലെ വ്യവസ്ഥകളെന്ന് ഹമാസിൻറെ സഖ്യ കക്ഷിയായ ഇസ്‍ലാമിക് ജിഹാദ് ആവശ്യപ്പെട്ടു. രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കണമെന്നും സംഘടന നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

ഹമാസ്– ഇസ്രയേൽ വെടിനിർത്തൽ കരാർ വൈകാതെ പ്രാബല്യത്തിൽ വരുമെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഹമാസ് ഒരു ശത്രുവെന്ന് പറയാനാകാത്ത വിധം നശിപ്പിച്ചു കളഞ്ഞുവെന്നും സൈന്യത്തിൻറെ പക്കലാണ് നിയന്ത്രണമെന്നും ഇസ്രയേൽ സൈനിക വക്താവ് വ്യക്തമാക്കി. ഹമാസിൻറെ പിടിയിലുള്ള ബന്ദികളെ പൂർണമായും മോചിപ്പിക്കുന്നത് വരെ നടപടികൾ തുടരുമെന്നും സൈന്യം നേരത്തെ വ്യക്തമാക്കിയിരുന്നു.

അതിനിടെ ഗാസയിൽ ഇസ്രയേൽ സൈന്യം തുടരുന്ന ആക്രമണങ്ങളിൽ ആറു പലസ്തീനികൾ കൊല്ലപ്പെടുകയും പത്തുപേർക്ക് പരുക്കേൽക്കുകയും ചെയ്തു. പലസ്തീനികൾ കൂട്ടമായി കഴിയുന്ന ടെൻറുകൾക്ക് നേരെ നടത്തിയ ആക്രമണത്തിലാണ് ആളുകൾ കൊല്ലപ്പെട്ടത്.

കോട്ടയം മെഡിക്കൽ കോളേജ് അപകടം; മരിച്ച ബിന്ദുവിന്റെ മകന് സർക്കാർ സ്ഥിരം ജോലി നല്‍കണം; പത്ത് ദിവസത്തിനകം ബിന്ദുവിന്റെ വീടിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കും; ചാണ്ടി ഉമ്മൻ

0

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ച സംഭവത്തില്‍ അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയോ​ഗിക്കണമെന്ന് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍. ഹോസ്പിറ്റൽ കമ്മറ്റി ചെയർമാൻ തന്നെ സംഭവം അന്വേഷിക്കുന്നത് നീതിയുക്തമല്ല എന്നും അദ്ദേഹം പ്രതികരിച്ചു.

മരിച്ച ബിന്ദുവിന്റെ മകന്‍ നവനീതിന് സ്ഥിരം ജോലി നല്‍കണമെന്നും ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു. നവനീതിന് താല്‍ക്കാലിക ജോലി നല്‍കി പറ്റിക്കാമെന്ന് കരുതേണ്ട. സര്‍ക്കാര്‍ രക്ഷപ്പെടാമെന്ന് കരുതരുത്. ശക്തമായി പ്രതിപക്ഷം ഇതിന്റെ പിന്നാലെയുണ്ടെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.

ബിന്ദുവിന്റെ വീട്ടിലെത്തിയ സമയം ‘ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്‍’ വഴി കുടുംബത്തിന് 5 ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ പ്രഖ്യാപിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് പത്ത് ദിവസത്തിനകം ബിന്ദുവിന്റെ വീടിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുകയും വീട് കുടുംബത്തിന് നല്‍കുമെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. ഈ ഫണ്ടിലേക്കായി കോട്ടയം മഹിളാ കോണ്‍ഗ്രസ് കമ്മിറ്റി ഒരുലക്ഷം രൂപ നൽകാമെന്ന് അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

അതേസമയം ബിന്ദുവിന്റെ മരണത്തിന് പിന്നാലെ ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്നലെ സംസ്ഥാന വ്യാപക പ്രതിഷേധം നടന്നിരുന്നു. പലയിടത്തും മാർച്ച് അക്രമാസക്തമായി. കോട്ടയം മെഡിക്കൽ കോളേജിന് മുന്നിൽ യൂത്ത്കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന മാർച്ചിൽ സംഘർഷമുണ്ടായി. ബാരിക്കേഡിനുമുകളിൽ കയറി പ്രവർത്തകർ പ്രതിഷേധിച്ചു. ഇന്നും പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ യുവജന സംഘടനകളുടെ തീരുമാനം. സംസ്ഥാന വ്യാപകമായി ഡിഎംഒ ഓഫീസുകളിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തും. തിരുവനന്തപുരത്തെ പ്രവര്‍ത്തകര്‍ ആരോഗ്യ മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കാണ് മാര്‍ച്ച് നടത്തുക. ചൊവ്വാഴ്ച്ച താലൂക്ക്, ജില്ലാ ആശുപത്രികളിലേക്ക് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും.

പാകിസ്ഥാനിലെ മൈക്രോസോഫ്റ്റ് ഓഫിസ് അടച്ചുപൂട്ടുന്നു; അവസാനിക്കുന്നത് 25 വര്‍ഷത്തെ മൈക്രോസോഫ്റ്റ് സാന്നിധ്യം

0

ഇസ്‌ലാമാബാദ്: പാകിസ്ഥാന് വൻ തിരിച്ചടിയായി ടെക് ഭീമനായ മൈക്രോസോഫ്റ്റ് നീക്കം. രാജ്യത്ത് 25 വർഷമായി ഉണ്ടായിരുന്ന ഓഫീസ് പ്രവർത്തങ്ങൾ കമ്പനി അവസാനിപ്പിക്കുകയാണ്. പാകിസ്ഥാനിലെ പ്രവര്‍ത്തന മോഡല്‍ മാറുകയാണെന്നും റീസെല്ലര്‍മാരും തൊട്ടടുത്തുള്ള മൈക്രോസോഫ്റ്റ് ഓഫീസുകള്‍ വഴിയും സേവനങ്ങള്‍ എത്തിക്കുമെന്നും കമ്പനി അറിയിച്ചതായി ടെക്‌ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്തു. പുതിയ മാറ്റം കൊണ്ട് ഉപഭോക്താക്കള്‍ക്കും സേവനങ്ങള്‍ക്കും തടസം നേരിടില്ലെന്നും മൈക്രോസോഫ്റ്റ് പറയുന്നു. പാകിസ്ഥാനിൽ ഇന്ത്യ പോലെ വളരുന്നൊരു വിപണിയില്ല എന്നതാണ് മൈക്രോസോഫ്റ്റിന്‍റെ പിന്‍മാറ്റത്തിന് കാരണം എന്നാണ് വിലയിരുത്തലുകൾ.

പാകിസ്ഥാനില്‍ മാത്രമല്ല, മറ്റ് ചില രാജ്യങ്ങളിലും പ്രവര്‍ത്തന രീതികളില്‍ മാറ്റം വരുത്താന്‍ മൈക്രോസോഫ്റ്റ് പദ്ധതിയിടുന്നുണ്ട്. ‘ഉപഭോക്താക്കള്‍ക്കാണ് കമ്പനിയുടെ ഏറ്റവും വലിയ പരിഗണന, ഉയര്‍ന്ന നിലവാരമുള്ള സേവനം അവര്‍ക്ക് പ്രതീക്ഷിക്കാമെന്നും’ മൈക്രോസോഫ്റ്റ് വക്താവ് വ്യക്തമാക്കി. പാകിസ്ഥാനില്‍ നിലവില്‍ മൈക്രോസോഫ്റ്റിന് അഞ്ച് ജീവനക്കാരാണ് ഉണ്ടായിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ വശദീകരിക്കുന്നു. ഇന്ത്യയിലെയോ മറ്റ് വളര്‍ന്നുവരുന്ന ടെക് വിപണികളിലെയോ പോലെ എഞ്ചിനീയര്‍മാരുടെ സംഘമോ ആസ്യൂര്‍, ഓഫീസ് പ്രൊഡക്‌ടുകള്‍ കൈകാര്യം ചെയ്യുന്ന വിഭാഗമോ മൈക്രോസോഫ്റ്റിന് പാകിസ്ഥാനിലില്ല. ലോകവ്യാപകമായി മൈക്രോസോഫ്റ്റ് നടത്തുന്ന പുനഃസംഘടനയുടെ ഭാഗമായാണ് പാകിസ്ഥാനിലെ ഓഫീസ് അടച്ചുപൂട്ടുന്നത്. ആഗോളതലത്തില്‍ നാല് ശതമാനം ജീവനക്കാരെ വെട്ടിച്ചുരുക്കാന്‍ മൈക്രോസോഫ്റ്റ് അടുത്തിടെ തീരുമാനിച്ചിരുന്നു.

9,000-ത്തോളം ജീവനക്കാരെ പിരിച്ചുവിടാന്‍ മൈക്രോസോഫ്റ്റ് ഒരുങ്ങുന്നതായാണ് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നത്. ലോകമെമ്പാടും 228,000 ജീവനക്കാര്‍ മൈക്രോസോഫ്റ്റിനുണ്ടെന്നാണ് 2024 ജൂണില്‍ പുറത്തുവന്ന കണക്ക്. ആറായിരത്തോളം ജീവനക്കാരെ ബാധിക്കുന്ന പിരിച്ചുവിടല്‍ കഴിഞ്ഞ മെയ് മാസം മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരുന്നു. സെയില്‍സ് വിഭാഗത്തിലാണ് ഇത് കൂടുതലായി ബാധിക്കുകയെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ അടുത്ത കൂട്ടപ്പിരിച്ചുവിടലിന് മൈക്രോസോഫ്റ്റ് തയ്യാറെടുക്കുന്നത്. കമ്പനിയുടെ പുനഃസംഘടനയുടെ ഭാഗമായാണ് ഈ പിരിച്ചുവിടലുകളെല്ലാം എന്നാണ് മൈക്രോസോഫ്റ്റിന്‍റെ വാദം. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സില്‍ കോടികളുടെ നിക്ഷേപം കമ്പനി നടത്തുന്നതിനിടയില്‍ കൂടിയാണ് ഈ ലേഓഫുകള്‍ നടക്കുന്നത്.

അപകടത്തിൽ വാരിയെല്ലുകൾ പൂർണമായും ഒടിഞ്ഞു; തലയ്ക്ക് ഗുരുതര പരുക്ക്, ബിന്ദുവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. തലയ്ക്കേറ്റ ഗുരുതര പരുക്കും ആന്തരിക രക്തസ്രാവവുമാണ് മരണ കാരണം. അപകടത്തിൽ തലയോട്ടി പൊട്ടി തലച്ചോർ പുറത്തുവന്നു. വാരിയെല്ലുകൾ പൂർണമായും ഒടിഞ്ഞെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശ്വാസകോശം , ഹൃദയം , കരൾ ഉൾപ്പെടെ ആന്തരിക അവയങ്ങൾക്ക് അപകടത്തിൽ ഗുരുതരമായി ക്ഷതമേറ്റിട്ടുണ്ട്.

മകളുടെ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിൽ കൂട്ടിരിക്കാനായി എത്തിയതായിരുന്നു ബിന്ദു. വ്യഴാഴ്ച രാവിലെ 10.30ഓടെയാണ് അപകടമുണ്ടായത്. ആശുപത്രിയുടെ പഴയ കെട്ടിടത്തിലെ 14-ാം വാർഡിന്റെ ശുചിമുറിയുടെ ഭാഗമാണ് ഇടിഞ്ഞുവീണത്. കെട്ടിടം വലിയ ശബ്ദത്തോടെ ഇടിഞ്ഞുവീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പിന്നീട് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയ ബിന്ദുവിനെ മണിക്കൂറുകൾ കഴിഞ്ഞാണ് പുറത്തെടുത്തത്. ശരീരത്തിൽ കോൺക്രീറ്റ് കഷ്ണങ്ങൾ വന്നു വീഴുകയായിരുന്നു.

അതേസമയം, ബിന്ദുവിന്റെ സംസ്കാരം ഇന്ന് തലയോലപ്പറമ്പിലുള്ള വീട്ടിൽ നടന്നു. നിരവധിയാളുകളാണ് അവസാനമായി ബിന്ദുവിനെ കാണാനും അന്ത്യോപചാരം അർപ്പിക്കാനുമായി എത്തിയത്. വിഷയത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് ആദ്യമായി പ്രതികരിക്കുകയും ചെയ്തു. . ബിന്ദുവിന്റെ കുടുംബത്തിന്റെ ദുഃഖം തന്റെയും ദുഃഖം എന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. മെഡിക്കല്‍ കോളജില്‍ ഉണ്ടായ അപകടത്തില്‍ ബിന്ദു മരണമടഞ്ഞ സംഭവം വേദനിപ്പിക്കുന്നതെന്നും സര്‍ക്കാര്‍ പ്രിയപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകുമെന്നും മന്ത്രി കുറിപ്പില്‍ വ്യക്തമാക്കി.

TVKയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വിജയ്‌യെ പ്രഖ്യാപിച്ചു; BJP ക്ഷണം തള്ളി

ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി വിജയ്‌യെ പ്രഖ്യാപിച്ചു. ടിവികെ നേതൃയോഗത്തിലായിരുന്നു പ്രഖ്യാപനം. വിജയ് യുടെ നേതൃത്വം അംഗീകരിക്കുന്നവരുമായി മാത്രം സഖ്യം ഉണ്ടാക്കും. ഓഗസ്റ്റിൽ ടിവികെ സംസ്ഥാന സമ്മേളനം നടക്കും. സെപ്റ്റംബർ മുതൽ ഡിസംബർ വരെ വിജയ് യുടെ സംസ്ഥാന പര്യടനം ഉണ്ടാകുമെന്നും യോഗത്തിൽ പ്രഖ്യാപനം ഉണ്ടായി.

ടിവികെ AIADMK സഖ്യത്തിലേക്കില്ലെന്ന് വിജയ് വ്യക്തമാക്കി. ബിജെപിയുടെ ക്ഷണവും വിജയ് തള്ളി. ബിജെപി തങ്ങളുടെ രാഷ്ട്രീയ എതിരാളികൾ. ബിജെപി മതപരമായി ജനങ്ങളെ വിഭജിക്കുന്ന പാർട്ടി. ബിജെപിയുടെ നീക്കം തമിഴ്നാട്ടിൽ ഫലം കാണില്ല. ബിജെപി യുടെ കൂടെ ചേരാൻ ഇത് ഡിഎംകെയോ എഐഎഡിഎംകെയോ അല്ല. ഇത് TVK ആണെന്നും വിജയ് പറഞ്ഞു. ബിജെപി യുമായോ ഡിഎംകെയുമായോ സമരസപ്പെടില്ലെന്നും വിജയ് വ്യക്തമാക്കി.

പരന്തൂർ വിനത്താവളം, ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടില്ലെങ്കിൽ പ്രദേശവാസികളെയും കൂട്ടി മുഖ്യമന്ത്രിക്ക് മുന്നിൽ വന്ന് സമരം ചെയ്യുമെന്ന് വിജയ് വെല്ലുവിളിച്ചു. 15000 ജനങ്ങളുടെ പ്രശ്നം സർക്കാരിന് ചെറുതാണോ എന്നും വിജയ് വിജയ് ചോദിച്ചു.

ബിന്ദുവിന് നീതി കിട്ടണം, അതുവരെ ബിജെപി സമരത്തിന് ഇറങ്ങും’; രാജീവ്‌ ചന്ദ്രശേഖർ

സർക്കാരിന്റെ കുറ്റകരമായ അനാസ്ഥയുടെ ഇരയാണ് ബിന്ദുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിന്ദുവിന്റേത് സാധാരണ മരണം അല്ല. മന്ത്രിമാർ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം വൈകിപ്പിച്ചു സർക്കാരിന്റെ മുഖം രക്ഷിക്കാൻ മന്ത്രിമാർ ശ്രമിച്ചത് കൊണ്ടാണ് ബിന്ദു മരിച്ചതെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.

ബിന്ദുവിന്റേത് ദുരഭിമാന കൊലയാണ്. ബിന്ദുവിന് നീതി കിട്ടണം. അതുവരെ ബിജെപി എൻഡിഎ സമരത്തിന് ഇറങ്ങും. സമരം ഏത് രീതിയിൽ വേണമെന്ന് ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അപകടമുണ്ടായപ്പോള്‍ ഉപയോഗമില്ലാത്ത കെട്ടിടമാണ് തകര്‍ന്നതെന്ന് പറഞ്ഞ് തടിതപ്പാനായിരുന്നു സര്‍ക്കാരിന്റെ ശ്രമം. അങ്ങനെയെങ്കില്‍ ഒരാള്‍ മരണപ്പെട്ടതില്‍ സര്‍ക്കാര്‍ മറുപടി പറയണം. ആശുപത്രികളില്‍ എത്തുന്ന രോഗികളുടെ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. അപകട ഭീഷണിയുള്ള കെട്ടിടമാണെങ്കില്‍ തന്നെ അവിടെ എത്തുന്ന ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും അങ്ങോട്ടുള്ള പ്രവേശനം തടയാനും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.

കേരളത്തിലെ ആരോഗ്യ മേഖലയില്‍ നിന്നും ഉയര്‍ന്നു വരുന്ന വലിയ വീഴ്ചകളുടെ കാരണക്കാരിയായ സംസ്ഥാന ആരോഗ്യ മന്ത്രിയെ എത്രയും വേഗം ആ ചുമതലയില്‍ നിന്നും രാജി വെച്ച് ഒഴിവാക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്.തീര്‍ത്തും നിരുത്തരവാദിത്തപരമായ സമീപനത്തിലൂടെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്ന ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടുകയാണ് സര്‍ക്കാരെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു.

ഓപ്പറേഷൻ സിന്ദൂർ: ചൈന സാധ്യമായ എല്ലാ സഹായങ്ങളും പാകിസ്ഥാന് നൽകി: ലെഫ്. ജനറൽ രാഹുൽ ആർ. സിങ്

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ നടക്കുന്ന സമയത്ത് ചൈന, സാധ്യമായ എല്ലാ സഹായങ്ങളും പാകിസ്ഥാന് നൽകിയിരുന്നുവെന്ന് ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫ് (കേപ്പബിലിറ്റി ഡെവലപ്മെന്റ് ആൻഡ് സസ്റ്റെനൻസ്) ലെഫ്. ജനറൽ രാഹുൽ ആർ. സിങ് വ്യക്തമാക്കി. ഡൽഹിയിൽ എഫ്ഐസിസിഐ സംഘടിപ്പിച്ച ന്യൂ ഏജ് മിലിട്ടറി ടെക്നോളജീസ് എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദേഹം.

മെയ് ഏഴ് മുതൽ പത്ത് വരെയായിരുന്നു ഇന്ത്യ-പാകിസ്ഥാൻ സംഘർഷം നടന്നത്. ചൈന തങ്ങളുടെ ആയുധങ്ങൾ മറ്റ് ആയുധങ്ങൾക്കെതിരെ പരീക്ഷിക്കുകയായിരുന്നു. അങ്ങനെ നോക്കുമ്പോൾ ചൈനീസ് മിലിട്ടറിയുടെ തത്സമയ പരീക്ഷണശാലയായിരുന്നു പാകിസ്ഥാനെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായി ബന്ധപ്പെട്ട സൈനിക വിവരങ്ങൾ തത്സമയം ചൈന, പാകിസ്ഥാന് കൈമാറിയിരുന്നെന്നും അദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ അതിർത്തികളിൽ ഒരിടത്ത് (പടിഞ്ഞാറുഭാഗത്ത്) സംഘർഷം രൂപംകൊണ്ടപ്പോൾ അവിടെ മൂന്ന് എതിരാളികൾ (പാകിസ്ഥാൻ, ചൈന, തുർക്കി) ഉണ്ടായിരുന്നു. ചൈനയും തുർക്കിയും പാകിസ്ഥാൻ സൈന്യത്തിന് സൈനികോപകരണങ്ങളും ഡ്രോണുകളും ലഭ്യമാക്കി. പാകിസ്ഥാൻ ഉപയോഗിക്കുന്ന സൈനികോപകരണങ്ങളിൽ 81 ശതമാനവും ചൈനീസ് നിർമിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോട്ടയം മെ‍ഡിക്കൽ കോളേജിലെ അപകട മരണം ; ഹൈക്കോടതി ഇടപെടൽ ആവശ്യപ്പെട്ട് പൊതുതാൽപര്യ ഹർജി

കൊച്ചി: കോട്ടയം മെ‍ഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം തകര്‍ന്ന് വീണ ബിന്ദു എന്ന സ്ത്രീ മരിച്ച സംഭവത്തിലും ഡോക്ടർ ഹാരിസിന്‍റെ വെളിപ്പെടുത്തലിലും കോടതി ഇടപെടൽ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാല്‍പര്യ ഹർജി.

ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് തുടർച്ചയായി ഉണ്ടാകുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കോടതി ഇടപെടണം എന്നാണ് പൊതുതാല്‍പര്യ ഹർജിയിലെ ആവശ്യം.

കോട്ടയം മെഡിക്കൽ കോളജ് അപകടം; ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം.  സെക്രട്ടറിയേറ്റ് അനക്‌സ് 2 ലേക്ക് മഹിളാ കോൺഗ്രസും മാർച്ച് നടത്തി.

ഗേറ്റിന് മുകളിൽ കയറി പ്രതിഷേധിച്ച പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

കോട്ടയം മെഡിക്കൽ കോളജിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി. ആരോഗ്യമന്ത്രിയുടെ കോലവുമായി എത്തിയ പ്രതിഷേധക്കാർ ബാരിക്കേഡ് തകർക്കാൻ ശ്രമിക്കുകയും പൊലീസിന് നേരെ കല്ലേറ് നടത്തുകയും ചെയ്തു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. 

മന്ത്രി വീണാ ജോർജിന്റെ പത്തനംതിട്ടയിലെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി.

ശവപ്പെട്ടിയും ചുമന്നുകൊണ്ടാണ് മാർച്ച് നടത്തിയത്.   ആരോഗ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം നടക്കുന്നത്.