കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ച സംഭവത്തില്‍ അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കണമെന്ന് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍. ഹോസ്പിറ്റൽ കമ്മറ്റി ചെയർമാൻ തന്നെ സംഭവം അന്വേഷിക്കുന്നത് നീതിയുക്തമല്ല എന്നും അദ്ദേഹം പ്രതികരിച്ചു.
മരിച്ച ബിന്ദുവിന്റെ മകന്‍ നവനീതിന് സ്ഥിരം ജോലി നല്‍കണമെന്നും ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു. നവനീതിന് താല്‍ക്കാലിക ജോലി നല്‍കി പറ്റിക്കാമെന്ന് കരുതേണ്ട. സര്‍ക്കാര്‍ രക്ഷപ്പെടാമെന്ന് കരുതരുത്. ശക്തമായി പ്രതിപക്ഷം ഇതിന്റെ പിന്നാലെയുണ്ടെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.
ബിന്ദുവിന്റെ വീട്ടിലെത്തിയ സമയം ‘ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്‍’ വഴി കുടുംബത്തിന് 5 ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ പ്രഖ്യാപിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് പത്ത് ദിവസത്തിനകം ബിന്ദുവിന്റെ വീടിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുകയും വീട് കുടുംബത്തിന് നല്‍കുമെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. ഈ ഫണ്ടിലേക്കായി കോട്ടയം മഹിളാ കോണ്‍ഗ്രസ് കമ്മിറ്റി ഒരുലക്ഷം രൂപ നൽകാമെന്ന് അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
അതേസമയം ബിന്ദുവിന്റെ മരണത്തിന് പിന്നാലെ ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്നലെ സംസ്ഥാന വ്യാപക പ്രതിഷേധം നടന്നിരുന്നു. പലയിടത്തും മാർച്ച് അക്രമാസക്തമായി. കോട്ടയം മെഡിക്കൽ കോളേജിന് മുന്നിൽ യൂത്ത്കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന മാർച്ചിൽ സംഘർഷമുണ്ടായി. ബാരിക്കേഡിനുമുകളിൽ കയറി പ്രവർത്തകർ പ്രതിഷേധിച്ചു. ഇന്നും പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ യുവജന സംഘടനകളുടെ തീരുമാനം. സംസ്ഥാന വ്യാപകമായി ഡിഎംഒ ഓഫീസുകളിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തും. തിരുവനന്തപുരത്തെ പ്രവര്‍ത്തകര്‍ ആരോഗ്യ മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കാണ് മാര്‍ച്ച് നടത്തുക. ചൊവ്വാഴ്ച്ച താലൂക്ക്, ജില്ലാ ആശുപത്രികളിലേക്ക് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും.

