ഇസ്ലാമാബാദ്: പാകിസ്ഥാനിൽ കറാച്ചിയിലെ ലൈരിയിൽ അഞ്ചുനില കെട്ടിടം തകര്‍ന്ന് വീണ് എട്ട് മരണം. ഒമ്പതുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇനിയും നിരവധി പേര്‍ തകര്‍ന്ന കെട്ടിടത്തിനുള്ളിൽ അകപ്പെട്ടിരിക്കുന്നതായാണ് സംശയം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇന്നലെയാണ് 100ഓളം പേർ താമസിച്ചിരുന്ന കെട്ടിടം തകർന്ന് വീണത്.
20ഓളം കുടുംബങ്ങളാണ് ഇവിടെ കഴിഞ്ഞിരുന്നതെന്ന് കെട്ടിടത്തിലെ താമസക്കാരനായ ശങ്കര്‍ കാംഹോ പറഞ്ഞു. സംഭവം നടക്കുമ്പോള്‍ പുറത്തായിരുന്നതിനാലാണ് രക്ഷപ്പെട്ടതെന്നും ഇയാള്‍ പറഞ്ഞു. കെട്ടിടത്തിന് വിള്ളൽ വീണിട്ടുണ്ടെന്ന് പറഞ്ഞ് ഭാര്യ ഫോണ്‍ വിളിച്ചുവെന്നും അപ്പോള്‍ തന്നെ അവിടെ നിന്ന് രക്ഷപ്പെടാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും ശങ്കര്‍ വാര്‍ത്താഏജന്‍സിയോട് പറഞ്ഞു. തുടര്‍ന്ന് ഭാര്യ അയൽക്കാര്‍ക്കും മുന്നറിയിപ്പ് നൽകിയശേഷം മകളെയും കൂട്ടി പുറത്തിറങ്ങുകയായിരുന്നു. തുടര്‍ന്ന് 20 മിനുട്ടിനുശേഷം കെട്ടിടം തകര്‍ന്നുവെന്നും ശങ്കര്‍ പറഞ്ഞു.
അപകടത്തിൽ നിന്ന് രക്ഷപ്പെട്ട പലരുടെയും കുടുംബാംഗങ്ങള്‍ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്, അവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. പത്തിലധികം പേര്‍ കെട്ടിടത്തിൽ കുടുങ്ങിയിട്ടുണ്ടാകാൻ സാധ്യതയുണ്ടെന്ന് രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഭാഗമായ ഈദി വെൽഫെയര്‍ ഫൗണ്ടേഷൻ പ്രവര്‍ത്തകര്‍ പറഞ്ഞു. സമീപത്തെ ഫ്ലാറ്റുകളിൽ താമസിച്ചിരുന്നവരാണ് കെട്ടിടം തകര്‍ന്നുവീണയുടനെ രക്ഷാപ്രവര്‍ത്തനത്തിന് ആദ്യമെത്തിയത്. 2020 ജൂണിലും ഇതേ പ്രദേശത്ത് ഫ്ലാറ്റ് തകര്‍ന്ന് വീണ് 18 പേരുടെ മരണത്തിനിടയായിരുന്നു.

