ഗാസ സിറ്റി: ഇസ്രയേൽ – ഹമാസ് യുദ്ധത്തിന് ഉടൻ അന്ത്യമായേക്കുമെന്ന് സൂചന. ഇസ്രയേലിന് പിന്നാലെ ഹമാസും വെടിനിർത്തലിന് സമ്മതം അറിയിച്ചതോടെയാണ് മേഖലയിൽ സമാധാനത്തിന് വഴിയൊരുങ്ങുന്നത്. സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്ന ഈജിപ്തിനെയും ഖത്തറിനെയുമാണ് ഹമാസ് വെടിനിർത്തലിനുള്ള സമ്മതം അറിയിച്ചത്. 60 ദിവസത്തേക്ക് വെടിനിർത്തലിനാണ് ഇതോടെ കളമൊരുങ്ങുന്നത്. ഇസ്രയേൽ 60 ദിവസത്തെ വെടിനിർത്തലിന് തയ്യാറാണെന്ന് നേരത്തേ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.
ഇസ്രയേൽ അകാരണമായി പലസ്തീനികളെ കൊന്നൊടുക്കുകയാണെന്ന് ഹമാസ് ആരോപിക്കുന്നു. എത്രയും വേഗം വെടിനിർത്തൽ കൊണ്ടുവരുന്നതിന് സമ്മതമാണെന്നും ഹമാസ് മധ്യസ്ഥരാജ്യങ്ങളെ അറിയിച്ചു. സ്ഥിരമായ വെടിനിർത്തലിന് വഴി തെളിക്കുന്ന കരാറിലേക്ക് എത്തിച്ചേരുന്നതാവണം നിലവിലെ വ്യവസ്ഥകളെന്ന് ഹമാസിൻറെ സഖ്യ കക്ഷിയായ ഇസ്‍ലാമിക് ജിഹാദ് ആവശ്യപ്പെട്ടു. രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കണമെന്നും സംഘടന നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
ഹമാസ്– ഇസ്രയേൽ വെടിനിർത്തൽ കരാർ വൈകാതെ പ്രാബല്യത്തിൽ വരുമെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഹമാസ് ഒരു ശത്രുവെന്ന് പറയാനാകാത്ത വിധം നശിപ്പിച്ചു കളഞ്ഞുവെന്നും സൈന്യത്തിൻറെ പക്കലാണ് നിയന്ത്രണമെന്നും ഇസ്രയേൽ സൈനിക വക്താവ് വ്യക്തമാക്കി. ഹമാസിൻറെ പിടിയിലുള്ള ബന്ദികളെ പൂർണമായും മോചിപ്പിക്കുന്നത് വരെ നടപടികൾ തുടരുമെന്നും സൈന്യം നേരത്തെ വ്യക്തമാക്കിയിരുന്നു.
അതിനിടെ ഗാസയിൽ ഇസ്രയേൽ സൈന്യം തുടരുന്ന ആക്രമണങ്ങളിൽ ആറു പലസ്തീനികൾ കൊല്ലപ്പെടുകയും പത്തുപേർക്ക് പരുക്കേൽക്കുകയും ചെയ്തു. പലസ്തീനികൾ കൂട്ടമായി കഴിയുന്ന ടെൻറുകൾക്ക് നേരെ നടത്തിയ ആക്രമണത്തിലാണ് ആളുകൾ കൊല്ലപ്പെട്ടത്.

