പിഎം ശ്രീ പദ്ധതി; മന്ത്രി വി ശിവൻകുട്ടിയെ കണ്ട് അഭിനന്ദനമറിയിച്ച് എബിവിപി നേതാക്കൾ

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചതിന് മന്ത്രി വി ശിവൻകുട്ടിക്ക് എബിവിപിയുടെ അഭിനന്ദനം.

എബിവിപി സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഔദ്യോഗിക വസതിയിലെത്തി മന്ത്രിയെ അനുമോദിച്ചത്.

തങ്ങളുടെ സമരവിജയമാണിതെന്ന് എബിവിപി നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. പി എം ശ്രീ നടപ്പിലാക്കാത്തതിനെതിരെ നേരത്തെ സംഘടന സമരം നടത്തിയിരുന്നു. വിദ്യാഭ്യാസ മേഖലയിലുള്ള മറ്റ് വിഷയങ്ങളിൽ മന്ത്രിയുടെ ഇടപെടലും എബിവിപി ആവശ്യപ്പെട്ടു.

സിപിഐയുടെ കടുത്ത എതിർപ്പ് അവഗണിച്ചാണ് പിഎം ശ്രീയിൽ വിദ്യാഭ്യാസ സെക്രട്ടറി പദ്ധതിയിൽ ഒപ്പുവെച്ചിരിക്കുന്നത്. ഇതോടെ പിഎം ശ്രീയുടെ ഭാഗമാകുന്ന 34ാമത്തെ ഭരണസംവിധാനമായി കേരളം മാറി.

പിന്നാലെ തടഞ്ഞു വെച്ച ഫണ്ട് ഉടൻ നൽകുമെന്ന് കേന്ദ്രം അറിയിച്ചു. 1500 കോടി രൂപ ആദ്യ ഗഡുവായി ഉടൻ സംസ്ഥാനത്തിന് കൈമാറും.

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബെംഗളൂരുവിൽ തെളിവെടുപ്പ്

തിരുവനന്തപുരം: ശബരിമല സ്വർണക്കടത്ത് കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുമായി എസ്ഐടിയുടെ തെളിവെടുപ്പ്.

ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്ന് പുലർച്ചെ ബെംഗളൂരുവിലേക്ക് കൊണ്ടുപോയി. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസില്‍ എത്തിച്ചും തെളിവെടുക്കും.

അതേസമയം, കേസിൽ പ്രതിപട്ടികയിലുള്ള കൂടുതൽ ദേവസ്വം ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകും എന്നാണ് സൂചന. ദ്വാരപാല ശിൽപ്പത്തിലെ പാളികളിലെ സ്വ‍ർണം കടത്തിയതിൽ 10 പ്രതികളാണുള്ളത്. ഇതിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെയും മുരാരി ബാബുവിന്‍റെയും അറസ്റ്റാണ് ഇതേവരെ നടന്നിട്ടുള്ളത്.

വനിതാ ലോകകപ്പ് സെമി ഫൈനലിലേക്ക് ഇന്ത്യ; ന്യൂസിലൻഡിനെ 53 റൺസിന് തോൽപ്പിച്ചു

0

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അത്ഭുതകരമായ പ്രകടനവുമായി ലോകകപ്പ് സെമിഫൈനലിലേക്ക് പ്രവേശിച്ചു. ന്യൂസിലൻഡിനെതിരായ നിർണായക മത്സരത്തിൽ 53 റൺസിന്റെ ആധികാരിക വിജയമാണ് ടീം ഇന്ത്യ നേടിയത്. സ്മൃതി മന്ദാനയുടെ 109 റൺസും പ്രതിക രാവലിന്റെ 122 റൺസും ഇന്ത്യയ്ക്ക് വമ്പൻ സ്കോർ കെട്ടിപ്പടുക്കാൻ സഹായിച്ചു. ഇരുവരും ചേർന്ന് 212 റൺസിന്റെ ഓപ്പണിങ് പങ്കാളിത്തം നേടി — ഇത് വനിതാ ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും വലിയ ഓപ്പണിങ് റെക്കോർഡായി.

ന്യൂസിലൻഡ് 44 ഓവറിൽ എട്ട് വിക്കറ്റുകൾക്ക് 271 റൺസിൽ ഒതുങ്ങി. ഇന്ത്യയുടെ ബൗളിംഗ് നിരയിൽ രാധാ യാദവ് മൂന്ന് വിക്കറ്റുകളും ദീപ്തി ശർമ്മ രണ്ട് വിക്കറ്റുകളും നേടി.

“ഇത് ഒരു ടീം എഫർട്ടാണ്. മന്ദാനയും പ്രതികയും മികച്ച തുടക്കം നൽകി. ബൗളിംഗ് വിഭാഗം ഇനി കുറച്ച് കാര്യങ്ങൾ മെച്ചപ്പെടുത്തണം, പക്ഷേ ഈ വിജയം ഞങ്ങൾക്കൊരു വലിയ ആത്മവിശ്വാസം നൽകി.”- ക്യാപ്റ്റൻ ഹർമൻപ്രീത് കൌർ മത്സരശേഷം പറഞ്ഞു. ഈ വിജയത്തോടെ ഇന്ത്യ ലോകകപ്പ് സെമിഫൈനലിൽ സ്ഥാനം ഉറപ്പിച്ചു.

മുംബൈ സ്‌ഫോടനം തടയാൻ സഞ്ജയ് ദത്തിന് കഴിയുമായിരുന്നുവെന്ന് പബ്ലിക് പ്രോസിക്യൂട്ടർ; താരം ആയുധ ശേഖരം നേരിട്ട് കണ്ടെന്നും വെളിപ്പെടുത്തൽ

0

മുംബൈ: 1993ലെ മുംബൈ സ്‌ഫോടനം തടയാൻ നടൻ സഞ്ജയ് ദത്തിന് കഴിയുമായിരുന്നുവെന്ന് മുൻ പബ്ലിക് പ്രോസിക്യൂട്ടർ ഉജ്ജ്വൽ നികം. സഞ്ജയ് ദത്തിന് ആക്രമണത്തിന് മുൻപ് ആയുധങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചിരുന്നുവെന്നും, അത് പൊലീസിനെ അറിയിച്ചിരുന്നെങ്കിൽ നിരവധി ജീവനുകൾ രക്ഷിക്കാമായിരുന്നുവെന്നും നികം അഭിപ്രായപ്പെട്ടു. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

“സഞ്ജയ് ദത്തിന് ആയുധങ്ങളോട് വലിയ ഭ്രമമുണ്ടായിരുന്നു. അബു സലേം ആയുധങ്ങളുമായി അദ്ദേഹത്തിന്റെ വീട്ടിലേക്ക് എത്തിയപ്പോൾ ദത്ത് ഒരു AK-56 റൈഫിൾ സ്വന്തമായി സൂക്ഷിച്ചു. ബാക്കി ആയുധങ്ങൾ തിരികെ അയച്ചു. അന്ന് തന്നെ അദ്ദേഹം പൊലീസിനെ വിവരം അറിയിച്ചിരുന്നെങ്കിൽ മുംബൈയിൽ നടന്ന ഭീകരാക്രമണം തടയാനാകുമായിരുന്നുവെന്നു,”- നികം വ്യക്തമാക്കി. “അദ്ദേഹം വിവരങ്ങൾ പങ്കുവെച്ചിരുന്നെങ്കിൽ അന്വേഷണം നേരത്തെ തന്നെ തുടങ്ങാമായിരുന്നു. ദത്തിന് അന്ന് വലിയ ഉത്തരവാദിത്വമുണ്ടായിരുന്നു,” എന്നായിരുന്നു നികം പറഞ്ഞത്.

1993 മാർച്ച് 12ന് മുംബൈയിൽ നടന്ന പരമ്പരാഗത സ്‌ഫോടനങ്ങളിൽ 250ലധികം പേർ കൊല്ലപ്പെട്ടത്. ഈ കേസിൽ അബു സലേം ഉൾപ്പെടെയുള്ള അധോലോക നേതാക്കളെതിരെ വൻ അന്വേഷണങ്ങളായിരുന്നു നടന്നത്. 1993 മുംബൈ സ്‌ഫോടന കേസിൽ ടെററിസം ആൻഡ് ഡിസ്രപ്റ്റീവ് ആക്ടിവിറ്റീസ് (ടാഡ) നിയമപ്രകാരം സഞ്ജയ് ദത്തിനെതിരെ കേസെടുത്തിരുന്നു. എന്നാൽ, പിന്നീട് ഭീകരതാ ആരോപണങ്ങളിൽനിന്ന് അദ്ദേഹത്തെ വെറുതെ വിട്ടെങ്കിലും, അനധികൃതമായി ആയുധം സൂക്ഷിച്ചതിന് ശിക്ഷ വിധിച്ചിരുന്നു.

അടിക്കുന്ന ദൃശ്യങ്ങളിൽ ഉള്ളത് താനല്ല; ഷാഫി പറമ്പിലിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി സിഐ അഭിലാഷ് ഡേവിഡ്

കോഴിക്കോട്: പേരമ്പ്ര സംഘർഷത്തിൽ ഷാഫി പറമ്പിലിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി വടകര കൺട്രോൾ റൂം സിഐ അഭിലാഷ് ഡേവിഡ് രംഗത്ത്. ഷാഫിയുടെ ആരോപണങ്ങൾ തെറ്റാണ് എന്നും  അടിക്കുന്ന ദൃശ്യങ്ങളിൽ ഉള്ളത് കറുത്ത ഹെൽമറ്റ് ധരിച്ച ആളാണ് എന്നും അന്ന് താൻ ധരിച്ചിരുന്നത് കാക്കി ഹെൽമറ്റ് ആണെന്നും ആണ് അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം താൻ നിന്നിരുന്നത് പേരാമ്പ്ര ബസ് സ്റ്റാൻഡിന് സമീപമായിരുന്നെന്നും തന്നെ സർവീസിൽ നിന്നും പിരിച്ചുവിട്ടിരുന്നെന്ന ഷാഫി പറമ്പിലിന്റെ വാദം തെറ്റാണെന്നും സിഐ അഭിലാഷ് ഡേവിഡ് പറഞ്ഞു.

സർവീസിൽ നിന്നും പിരിച്ചുവിട്ടിരുന്നില്ല. സസ്പെൻഷൻ മാത്രമാണ് ഉണ്ടായത്. സസ്പെൻഷനിലായ താൻ 22 മാസം മുൻപ് സർവീസിൽ കയറി. പിരിച്ചു വിട്ടിരുന്നുവെന്ന അന്നത്തെ വാർത്ത ഞാനും കണ്ടിരുന്നെന്നും സിഐ അഭിലാഷ് ഡേവിഡ് കൂട്ടിച്ചേർത്തു.

വേടനെതിരെ ഗൂഢാലോചനയില്ലെന്ന് പൊലീസ്; പരാതിക്കാരിക്ക് നൽകിയ നോട്ടീസ് പിൻവലിച്ചു

കൊച്ചി: റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരായ ലൈംഗികാതിക്രമക്കേസിൽ പരാതിക്കാരിക്ക് നൽകിയ നോട്ടീസ് പൊലീസ് പിൻവലിച്ചതായി റിപ്പോർട്ട്. പരാതിക്കാരി ഹാജരാകേണ്ടെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

അതേസമയം തന്നെ കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങൾ നോട്ടീസിലുണ്ടെന്നും ഈ വിവരം പുറത്തുവിടരുതെന്ന് പൊലീസിന് കർശന നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൊഴിയെടുക്കാനുള്ള പൊലീസ് നോട്ടീസ് പിൻവലിച്ചത്. എറണാകുളം സെൻട്രൽ പൊലീസാണ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്.

പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ മലേഷ്യ ഭാസ്‌കര്‍ അന്തരിച്ചു

പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ മലേഷ്യ ഭാസ്‌കര്‍ അന്തരിച്ചതായി റിപ്പോർട്ട്. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം സംഭവിച്ചത്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലായി ഒട്ടേറെ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഫാസില്‍, സിബി മലയില്‍, സിദ്ധിഖ് തുടങ്ങി മലയാളത്തിലെ മുതിര്‍ന്ന സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച കലാകാരൻ ആണ് അദ്ദേഹം. ഫ്രണ്ട്‌സ്, മൈ ഡിയര്‍ കരടി, കൈ എത്തും ദൂരത്ത്, അമൃതം, ബോഡി ഗാര്‍ഡ് തുടങ്ങിയവ അദ്ദേഹം പ്രവര്‍ത്തിച്ച സിനിമകളാണ്.

ഒക്ടോബർ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ വിതരണം ചെയ്യും; 812 കോടി അനുവദിച്ചതായി ധനവകുപ്പ്

0

തിരുവനന്തപുരം: ഒക്ടോബർ മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ച് ധനകാര്യവകുപ്പ്. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ ഗുണഭോക്താക്കൾക്ക് 27 മുതൽ ലഭിക്കും. ഇതിനായി 812 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർ 1600 രൂപവീതം ആണ് ലഭിക്കുന്നത്.

26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്ക്‌ ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ്‌ നൽകേണ്ടത്‌. ഇതിനാവശ്യമായ 24. 21 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്‌. ഈ വിഹിതം കേന്ദ്ര സർക്കാരിൻ്റെ പിഎഫ്‌എംഎസ്‌ സംവിധാനം വഴിയാണ്‌ ഗുണഭോക്താക്കളുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ ക്രഡിറ്റ്‌ ചെയ്യേണ്ടത്. 43,653 കോടി രൂപയാണ് സംസ്ഥാന സർക്കാർ ഇതുവരെ ക്ഷേമ പെൻഷൻ വിതരണത്തിനായി ചെലവിട്ടത്.

അസമിൽ റെയിൽവെ ട്രാക്കിൽ സ്ഫോടനം; ഒഴിവായത് വൻ ദുരന്തം

0

ദിസ്പുർ: അസമിൽ റെയിൽവെ ട്രാക്കിൽ സ്ഫോടനം. അസമിലെ കൊക്രജാർ ജില്ലയിൽ കൊക്രജാർ റെയിൽവേ സ്റ്റേഷന് കിഴക്ക് അഞ്ചു കിലോമീറ്റർ അകലെയാണ് റയിൽവെ ട്രാക്കിൽ സ്ഫോടനമുണ്ടായത്. അർധരാത്രി ഒരു മണിയോടെ ഗുഡ്സ് ട്രെയിൻ കടന്നു പോകുന്നതിനിടെയാണ് സംഭവം. സ്ഫോടനത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

കൊക്രജാർ, സലാകാത്തി സ്റ്റേഷനുകൾക്കിടയിലാണ് ഐഇഡി (ഇംപ്രൊവൈസ്‌‍ഡ് എക്സ്പ്ലോസീവ് ഡിവൈസ്) പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ ട്രാക്കുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സ്ഫോടനത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. ‘‘വലിയൊരു കുലുക്കമുണ്ടായതിനു പിന്നാലെ ട്രെയിൻ നിന്നു എന്ന് ട്രെയിൻ മാനേജർ അറിയിച്ചു. പരിശോധിച്ചപ്പോൾ ട്രാക്കുകൾ തകർന്നതായി കണ്ടെത്തി. ബോംബ് സ്ഫോടനം ആണെന്നാണ് കരുതുന്നത്.’’ – നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ (എൻഎഫ്ആർ) വാർത്താക്കുറിപ്പിൽ അറിയിച്ചു.

നിരവധി ട്രെയിനുകൾ അടുത്തുള്ള സ്റ്റേഷനുകളിൽ നിർത്തി ഇട്ടിരിക്കുകയായിരുന്നു. നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിലായി. ആരാണ് ആക്രമണത്തിനു പിന്നിലെന്ന് വ്യക്തമായിട്ടില്ല. സംസ്ഥാന പൊലീസും ആർപിഎഫും രഹസ്യാന്വേഷണ ഏജൻസികളും അന്വേഷണം നടത്തുന്നുണ്ട്. പുലർച്ചെ അഞ്ചരയോടെ ട്രാക്ക് പൂർവസ്ഥിതിയിലാക്കി ഗതാഗതം പുനഃസ്ഥാപിച്ചു. മേഖലയിൽ പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.

രാഷ്ട്രപതിയുടെ കേരള സന്ദർശനത്തിലുണ്ടായ സുരക്ഷാ വീഴ്ച്ചയിൽ ഉദ്യോഗസ്ഥർക്ക് എതിരെ നടപടിയുണ്ടായേക്കില്ല

തിരുവനന്തപുരം: രാഷ്ട്രപതിയുടെ കേരള സന്ദർശനത്തിലുണ്ടായ സുരക്ഷാ വീഴ്ച്ചയിൽ ഉദ്യോഗസ്ഥർക്ക് എതിരെ നടപടിയുണ്ടായേക്കില്ല.

എച്ച് മാർക്കിനപ്പുറം ഹെലികോപ്ടർ ഇറങ്ങിയതിനാലാണ് ടയർ താഴ്ന്ന് പോയതെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. മുൻകൂട്ടി നിശ്ചയിച്ചതിൽ നിന്നും അഞ്ച് അടി മാറിയാണ് ഹെലികോപ്ടർ ലാന്റ് ചെയ്തത്.

ഹെലികോപ്ടറിന്റെ ടയർ താഴ്ന്നതിൽ വീഴ്ച്ച ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. കേന്ദ്രം ഇനി വിശദീകരണം ചോദിക്കാൻ സാധ്യതയില്ലെന്നാണ് സർക്കാരിന്റെ നിഗമനം.

വന്ദേഭാരത് ട്രെയിനില്‍ നിര്‍ബന്ധിത കാറ്ററിങ് ഫീസ്?; സാങ്കേതിക തകരാര്‍ മൂലമെന്ന് റെയില്‍വേ

കൊച്ചി: വന്ദേഭാരത് ട്രെയിനില്‍ നിര്‍ബന്ധിത കാറ്ററിങ് ഫീസ് ഈടാക്കുന്നതായി റിപ്പോര്‍ട്ടുകള്‍പുറത്ത്. ഭക്ഷണം കഴിച്ചില്ലെങ്കിലും നിര്‍ബന്ധിത ഭക്ഷണ ചാര്‍ജ് ഈടാക്കുകയാണ് വന്ദേഭാരത് എന്നാണ് യാത്രക്കാരുടെ പരാതി.

ഓണ്‍ലൈനായി വന്ദേഭാരത് ട്രെയിനില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴാണ് നിര്‍ബന്ധിത ഭക്ഷണ ചാര്‍ജ് ഈടാക്കുന്നത്. മീല്‍ പ്രിഫറന്‍സില്‍ നിന്ന് ‘നോ ഫുഡ്’ എന്ന ഓപ്ഷന്‍ ഒഴിവാക്കിയിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

അതേസമയം ഇത് മനപൂർവം അല്ല എന്നും സംഭവം സാങ്കേതിക തകരാര്‍ മൂലമെന്നുമാണ് റെയില്‍ വേയുടെ വിശദീകരണം

വായ്പ തിരിച്ചടവ് മുടങ്ങി; മലപ്പുത്ത് വീട്ടില്‍ കയറി കുടുംബത്തെ ആക്രമിച്ചു ഗുണ്ടാസംഘം

മലപ്പുറം: വായ്പ തിരിച്ചടവ് മുടങ്ങിയതിന് വീട്ടില്‍ കയറി കുടുംബത്തെ ആക്രമിച്ചു ഗുണ്ടാസംഘം . മഞ്ചേരി വായ്പാറപ്പടി അച്ചിപ്പുറത്ത് വീട്ടില്‍ അസദുല്ല (47), ഭാര്യ മിന്‍സിയ (43), മകന്‍ ആമിന്‍ സിയ (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി യില്‍ പ്രവേശിപ്പിച്ചു.

അതേസമയം ആക്രമണത്തിന് പിന്നില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഗുണ്ടകളാണെന്ന് അസദുല്ല പരാതിയിൽ പറയുന്നു. അസദുല്ല കാര്‍ വാങ്ങാന്‍ 2023 മാര്‍ച്ചില്‍ മഞ്ചേരിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍നിന്ന് 4.1 ലക്ഷം രൂപ വായ്പയെടുത്തിരുന്നു.

എന്നാൽ കൃത്യമായി അടച്ചിരുന്ന വായ്പാ തിരിച്ചടവ് രണ്ടു മാസമായി മുടങ്ങി. ഇതോടെ ആണ് രണ്ടുപേര്‍ വീട്ടിലെത്തി പ്രശ്നമുണ്ടാക്കിയത്. ഒരാഴ്ച കൊണ്ട് അടക്കാമെന്ന് പറഞ്ഞെങ്കിലും ഇവര്‍ സമ്മതിച്ചില്ല. തുടര്‍ന്നാണ് ഇവരിലൊരാള്‍ ഹെല്‍മറ്റുകൊണ്ട് ആമീന്‍ സിയയെ അടിച്ചത്. മഞ്ചേരി പൊലീസില്‍ പരാതി നല്‍കി. രണ്ടു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സമാധാനിക്കാം! സ്വര്‍ണവില താഴേക്ക് തന്നെ, ഇന്നും പടിയിറക്കം

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു. വ്യാഴാഴ്ച പവന്റെ വില 600 രൂപ കുറഞ്ഞ് 91,720 രൂപയായി. 92,320 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ഗ്രാമിനാകട്ടെ 75 രൂപ കുറഞ്ഞ് 11,465 രൂപയുമായി. ഇതോടെ നാല് ദിവസത്തിനിടെ പവന്റെ വിലയിലുണ്ടായ ഇടിവ് 5,640 രൂപയാണ്.

സ്വര്‍ണവിലയിലുണ്ടാകുന്ന ഉയര്‍ച്ച അനുസരിച്ച് സ്വര്‍ണത്തിന്റെ ആവശ്യകതയില്‍ ഇടിവ് ഉണ്ടായിട്ടില്ലെന്നത് എടുത്ത് പറയേണ്ടതാണ്. ആഭരണത്തിന് മാത്രമാണ് ആവശ്യക്കാര്‍ കുറയുന്നത്. അതേസമയം, ബാര്‍, കോയിന്‍, ഡിജിറ്റല്‍ ഗോള്‍ഡ് എന്നിങ്ങനെ പല രീതിയില്‍ സ്വര്‍ണവില്‍പ്പന നടക്കുന്നുണ്ട്. അവയ്‌ക്കെല്ലാമാണ് ആവശ്യക്കാരുള്ളത്. നിക്ഷേപകരും ഉപഭോക്താക്കളും സ്വര്‍ണവിലയില്‍ തുടരുന്ന ഈ സ്ഥിരതയെ ഇരുകൈയും നീട്ടി സ്വീകരിക്കുക തന്നെയാണ്.

സ്വര്‍ണവില ഒട്ടും വൈകാതെ തന്നെ ഒരു ലക്ഷം കടക്കുമെന്ന സൂചനകളായിരുന്നു ഈ ആഴ്ചയുടെ തുടക്കത്തില്‍ വന്നിരുന്നത്. അതിവേഗമായിരുന്നു വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ കുറച്ച് ദിവസമായി സ്വര്‍ണവില കുറയുന്ന ലക്ഷണമാണ് കാണിക്കുന്നത്.

ഗുരുകുലത്തിലെ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി; മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ ജീവനൊടുക്കി; സംഭവം ആന്ധ്രയിൽ

0

അമരാവതി: ജഗന്നാധഗിരി ഗുരുകുലത്തിലെ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ജീവനൊടുക്കി. 13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ തതിക്ക നാരായണ റാവുവാണ് ജീവനൊടുക്കിയത്. ആന്ധ്രാപ്രദേശിലെ കാക്കിനട ജില്ലയിലായിരുന്നു സംഭവം. കേസിന്റെ ഭാഗമായി പ്രതിയെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് ഇയാൾ ജീവനൊടുക്കിയത്. കോമാട്ടി ചേരുവിലുള്ള തടാകത്തിൽ ചാടിയാണ് പ്രതി ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു.

തെലുങ്കുദേശം പാർട്ടിയുടെ (ടിഡിപി) മുതിർന്ന ദളിത് നേതാവ് തതിക്ക നാരായണ റാവു ഒക്ടോബർ 22 ന് ആണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി നാരായണ റാവുവിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ രാത്രി ഏകദേശം 10.30ഓടെ തൂണി നഗരത്തിന് പുറത്തുള്ള കോമാട്ടി ചേരുവ് എന്ന സ്ഥലത്തിനടുത്ത് വച്ച് ശുചിമുറിയിൽ പോകാനായി വാഹനം നിർത്തണമെന്ന് ഇയാൾ പൊലീസിനോട് ആവശ്യപ്പെട്ടു. തുടർന്ന് പോലീസ് വാഹനം നിർത്തി.

പുറത്തിറങ്ങിയ ഇയാൾ ഉടൻതന്നെ തടാകത്തിലേക് ചാടി മരിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പിന്നാലെ രാത്രി മുഴുവൻ തിരച്ചിൽ നടത്തിയിട്ടും മൃതദേഹം കണ്ടെത്താനായില്ല. രാവിലെ തിരച്ചിൽ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെടുത്തത്. സംഭവം ആത്മഹത്യയാണെന്ന് പോലീസ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം തുടരുകയാണ്.

സ്വപ്നങ്ങളുമായി പറന്ന 18 വയസുകാരൻ, ഗോൾഡൻ വീസ നേടിയ മികച്ച വിദ്യാർത്ഥി ഇനി ഓർമ്മ; മരണം കവർന്നത് ദീപാവലി ആഘോഷങ്ങൾക്കിടെ കുഴഞ്ഞ് വീണ്

0

ദുബായ്: ദുബായിൽ ദീപാവലി ആഘോഷങ്ങൾക്കിടെ മലയാളി വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. ബിബിഎ മാർക്കറ്റിംഗ് ഒന്നാം വർഷ വിദ്യാർത്ഥിയും മാവേലിക്കര സ്വദേശിയുമായ വൈഷ്‌ണവ് കൃഷ്ണകുമാർ ആണ് മരിച്ചത്. 18 വയസായിരുന്നു. ഹൃദയാഘാതം ആണ് മരണകാരണം.

ചൊവ്വാഴ്ച രാത്രി ദുബായിലെ ഇന്റർനാഷണൽ അക്കാദമിക് സിറ്റിയിലാണ് വൈഷ്‌ണവ് കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മരണകാരണം സംബന്ധിച്ച് ഫോറൻസിക് പരിശോധന നടക്കുകയാണ്. നേരത്തെ ജെംസ് ഔ‌ർ ഓൺ ഇന്ത്യൻ സ്കൂളിലെ ഹെഡ് ഓഫ് സ്കൂൾ കൗൺസിൽ ആയിരുന്നു വെെഷ്ണവ്. കൂടാതെ മോഡൽ യുണെെറ്റ്ഡ് നേഷൻസ് ക്ലബ്ബിന്റെയും ഡിബേറ്റിംഗ് സൊസെെറ്റിയുടെയും പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു.

2024ലെ സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ 97.4 ശതമാനം മാർക്ക് നേടി എല്ലാ വിഷയങ്ങൾക്കും എ വൺ ഗ്രേഡ് കരസ്ഥമാക്കിയിരുന്നുയ മാർക്കറ്റിംഗ്, എന്റർപ്രണർഷിപ്പ് വിഷയങ്ങളിൽ നൂറിൽ നൂറ് മാർക്ക് നേടി. ഈ നേട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് വെെഷ്‌ണവിന് യുഎഇ ഗോൾഡൻ വീസ ലഭിച്ചത്.

വിദ്യാഭ്യാസത്തിന് പുറമെ സാമ്പത്തിക ഉപദേശങ്ങൾ,​ ലെെഫ്‌സ്റ്റെൽ മോട്ടിവേഷൻ,​ വ്യായാമം എന്നിവ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വെെഷ്ണവ് സജീവമായിരുന്നു. ഒട്ടേറെ കമ്പനികളിൽ ഇന്റേൺഷിപ്പുകൾ പൂർത്തിയാക്കിയ വെെഷ്ണവിന് സംരംഭകനാകാനായിരുന്നു ആഗ്രഹം.

വി ജി കൃഷ്ണകുമാർ – വിധു കൃഷ്ണകുമാർ ദമ്പതികളുടെ മകനാണ്. സഹോദരി വൃഷ്ടി കൃഷ്ണകുമാർ. 20 വർഷമായി വെെഷ്‌ണവിന്റെ കുടുംബം യുഎഇയിലാണ് താമസിക്കുന്നത്. ദുബായ് ഇന്ത്യൻ സ്കൂളിലെ അദ്ധ്യാപികയാണ് വെെഷ്ണവിന്റെ മാതാവ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.