അസമിൽ റെയിൽവെ ട്രാക്കിൽ സ്ഫോടനം; ഒഴിവായത് വൻ ദുരന്തം

0

ദിസ്പുർ: അസമിൽ റെയിൽവെ ട്രാക്കിൽ സ്ഫോടനം. അസമിലെ കൊക്രജാർ ജില്ലയിൽ കൊക്രജാർ റെയിൽവേ സ്റ്റേഷന് കിഴക്ക് അഞ്ചു കിലോമീറ്റർ അകലെയാണ് റയിൽവെ ട്രാക്കിൽ സ്ഫോടനമുണ്ടായത്. അർധരാത്രി ഒരു മണിയോടെ ഗുഡ്സ് ട്രെയിൻ കടന്നു പോകുന്നതിനിടെയാണ് സംഭവം. സ്ഫോടനത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

കൊക്രജാർ, സലാകാത്തി സ്റ്റേഷനുകൾക്കിടയിലാണ് ഐഇഡി (ഇംപ്രൊവൈസ്‌‍ഡ് എക്സ്പ്ലോസീവ് ഡിവൈസ്) പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ ട്രാക്കുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സ്ഫോടനത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. ‘‘വലിയൊരു കുലുക്കമുണ്ടായതിനു പിന്നാലെ ട്രെയിൻ നിന്നു എന്ന് ട്രെയിൻ മാനേജർ അറിയിച്ചു. പരിശോധിച്ചപ്പോൾ ട്രാക്കുകൾ തകർന്നതായി കണ്ടെത്തി. ബോംബ് സ്ഫോടനം ആണെന്നാണ് കരുതുന്നത്.’’ – നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ (എൻഎഫ്ആർ) വാർത്താക്കുറിപ്പിൽ അറിയിച്ചു.

നിരവധി ട്രെയിനുകൾ അടുത്തുള്ള സ്റ്റേഷനുകളിൽ നിർത്തി ഇട്ടിരിക്കുകയായിരുന്നു. നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിലായി. ആരാണ് ആക്രമണത്തിനു പിന്നിലെന്ന് വ്യക്തമായിട്ടില്ല. സംസ്ഥാന പൊലീസും ആർപിഎഫും രഹസ്യാന്വേഷണ ഏജൻസികളും അന്വേഷണം നടത്തുന്നുണ്ട്. പുലർച്ചെ അഞ്ചരയോടെ ട്രാക്ക് പൂർവസ്ഥിതിയിലാക്കി ഗതാഗതം പുനഃസ്ഥാപിച്ചു. മേഖലയിൽ പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here