സൗദിയിൽ ബസ് അപകടം; കണ്ണൂർ സ്വദേശി ഉൾപ്പെടെ രണ്ട് പേർ മരിച്ചു

0

റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർ മരിച്ചു. അബുഹദ്‌രിയ്യ റോഡിൽ നടന്ന അപകടത്തിൽ കണ്ണൂർ ചെണ്ടയാട് കുനിയിൽ വീട്ടിൽ ഗോപാലക്കുറുപ്പിന്റെയും പദ്മാവതിയുടെയും മകനായ അഭിലാഷ് ഗോപാലകുറുപ്പ് (33) ആണ് മരിച്ചത്.

അഭിലാഷ് ഓടിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ലാൻഡ് റോവർ ഓടിച്ചിരുന്ന സൗദി പൗരൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ നിലവിൽ ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ലാൻഡ് റോവറിലുണ്ടായിരുന്ന ഒരു സൗദി സ്വദേശിനിക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരെ ഉടൻ അൽ നഈരിയ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിവരികയാണ്.

അപകടത്തെ തുടർന്ന് ജുബൈൽ ട്രാഫിക് വിഭാഗം അന്വേഷണം ആരംഭിച്ചു. നിയമനടപടികൾ വേഗത്തിലാക്കുന്നതിനായി വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ ശ്രമങ്ങൾ തുടരുകയാണ്.

English Summary

Two people, including a Malayali driver from Kannur, died in a tragic road accident in Saudi Arabia’s Eastern Province. The bus driven by Abhilash Gopalakurup reportedly lost control and collided with a Land Rover on the Abu Hadriyah Road. The Saudi national driving the Land Rover also died at the scene, while a woman passenger sustained injuries and was hospitalized. Authorities have launched an investigation into the incident.

സ്റ്റാലിന് തിരിച്ചടി; ഡിഎംകെ സഖ്യം വിട്ട് ഐയുഎംഎൽ, വിജയ് സർക്കാരിന് പിന്തുണ തുടരുമെന്ന് പ്രഖ്യാപനം

0

ചെന്നൈ: തമിഴ്നാട്ടിലെ രാഷ്ട്രീയ രംഗത്ത് നിർണായക മാറ്റത്തിന് വഴിവെച്ച് ഭരണകക്ഷിയായ ഡിഎംകെയുമായുള്ള ദീർഘകാല സഖ്യം അവസാനിപ്പിക്കുന്നതായി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഐയുഎംഎൽ) പ്രഖ്യാപിച്ചു. നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടിവികെ) സർക്കാരിന് പിന്തുണ തുടരാനാണ് പാർട്ടിയുടെ തീരുമാനം.

ചെന്നൈയിൽ ചേർന്ന ഐയുഎംഎൽ ജനറൽ കൗൺസിൽ യോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊണ്ടത്. ഡിഎംകെ സഖ്യത്തിൽ നിന്ന് പിന്മാറാനുള്ള പ്രമേയം ജനറൽ ബോഡി അംഗീകരിച്ചതായി പാർട്ടി ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

തമിഴ്നാട്ടിൽ ഗവർണർ ഭരണം പോലുള്ള സാഹചര്യം ഒഴിവാക്കുന്നതിനും ജനവിധിയെ മാനിക്കുന്നതിനുമായാണ് ടിവികെ സർക്കാരിനെ പിന്തുണയ്ക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ തീരുമാനം ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും ഖാദർ മൊയ്തീൻ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ മുന്നണിയുടെ ഭാഗമായാണ് ഐയുഎംഎൽ മത്സരിച്ചതും രണ്ട് സീറ്റുകളിൽ വിജയിച്ചതും. എന്നാൽ തെരഞ്ഞെടുപ്പ് ഫലത്തെ തുടർന്ന് രൂപപ്പെട്ട പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഡിഎംകെ സഖ്യവുമായി മുന്നോട്ട് പോകുന്നത് പ്രായോഗികമല്ലെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.

ടിവികെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ പാർട്ടി പ്രതിനിധാനം ഉള്ള സാഹചര്യത്തിൽ നിലവിലെ രാഷ്ട്രീയ യാഥാർഥ്യങ്ങൾ കണക്കിലെടുത്താണ് പുതിയ നിലപാട് സ്വീകരിച്ചതെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഭാവിയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കോ ഉപതെരഞ്ഞെടുപ്പുകളിലേക്കോ ഉള്ള സഖ്യനീക്കങ്ങളെക്കുറിച്ചുള്ള തീരുമാനം പിന്നീട് പ്രഖ്യാപിക്കുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു.

ഐയുഎംഎല്ലിന്റെ പിന്മാറ്റം തമിഴ്നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ പുതിയ ചർച്ചകൾക്കും സാധ്യതയുള്ള സഖ്യമാറ്റങ്ങൾക്കും വഴിയൊരുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

English Summary

The Indian Union Muslim League (IUML) has announced its decision to end its long-standing alliance with the DMK in Tamil Nadu. The decision was taken at the party’s General Council meeting in Chennai. IUML national president Kader Mohideen said the party would continue supporting the government led by actor Vijay’s Tamilaga Vettri Kazhagam (TVK), citing respect for the people’s mandate and the need to avoid political instability. The party also stated that future alliance decisions would be taken after announcements regarding local body and by-elections. The move is expected to significantly impact Tamil Nadu’s political equations.

ലോക്കറിൽ രേഖകളില്ല; മാസപ്പടിയിൽ വീണയുടെ തുടർ ചോദ്യം ചെയ്യലിൽ തടസ്സം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട സി.എം.ആർ.എൽ (CMRL) – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ഇ.ഡി  അന്വേഷണം താൽക്കാലിക പ്രതിസന്ധിയിൽ. വീണയെ തുടർ ചോദ്യം ചെയ്യുന്നതിനായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിൽ (SFIO) നിന്നും ലഭിക്കേണ്ട സുപ്രധാന രേഖകൾ ഇനിയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ലഭ്യമാകാത്തതാണ് കാരണം. രേഖകൾ കൈമാറാൻ കോടതി അനുവദിച്ച 10 ദിവസത്തെ സമയപരിധി കഴിഞ്ഞ ബുധനാഴ്ച അവസാനിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട 134 നിർണ്ണായക രേഖകളാണ് എസ്.എഫ്.ഐ.ഒയിൽ നിന്ന് ഇ.ഡിയ്ക്ക് ലഭിക്കാനുള്ളത്. ഈ സാഹചര്യത്തിൽ രേഖകൾ എത്രയും വേഗം കൈപ്പറ്റുന്നതിനായി എസ്.എഫ്.ഐ.ഒ അന്വേഷണ സംഘവുമായി ഇ.ഡി ഉദ്യോഗസ്ഥർ നേരിട്ട് ചർച്ച നടത്തും. ഈ രേഖകൾ വിശദമായി പരിശോധിച്ച ശേഷം മാത്രമേ വീണ വിജയനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീയതി തീരുമാനിക്കൂ എന്നാണ് വിവരം.

അതിനിടെ, കേസിലെ താൽക്കാലിക സ്വത്ത് കണ്ടുകെട്ടലിന്റെ ഭാഗമായുള്ള തെളിവ് സമാഹരണ നടപടികളുമായി ഇ.ഡി മുന്നോട്ട് പോവുകയാണ്. ഇതിനോടകം തന്നെ വിവിധ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും 242 ബാങ്ക് അക്കൗണ്ടുകളിലായി 18 കോടി രൂപ ഇ.ഡി മരവിപ്പിച്ചിട്ടുണ്ട്. ഇതിൽ വീണ വിജയന്റെ രണ്ട് വ്യക്തിഗത അക്കൗണ്ടുകളും എക്‌സാലോജിക് കമ്പനിയുടെ ഒരു അക്കൗണ്ടും ഉൾപ്പെടുന്നു.

എന്നാൽ, സി.എം.ആർ.എല്ലുമായുള്ള പണമിടപാടിന്റെ സുപ്രധാന രേഖകൾ വല്ലതും മറച്ചുവെച്ചിട്ടുണ്ടോ എന്നറിയാൻ തിരുവനന്തപുരത്തെ എച്ച്.ഡി.എഫ്.സി (HDFC) ബാങ്ക് ശാഖയിലുള്ള വീണയുടെ ലോക്കർ ഇ.ഡി പരിശോധിച്ചെങ്കിലും അന്വേഷണത്തിന് സഹായിക്കുന്ന രേഖകളൊന്നും അവിടെ നിന്നും കണ്ടെത്താനായില്ലെന്നാണ് സൂചന.

സിഗ്നൽ മറച്ച് ട്രെയിൻ നിർത്തിച്ചു; കോച്ചിൽ കയറി മാല കവർന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ

0

ചെന്നൈ: റെയിൽവേ സിഗ്നൽ ലൈറ്റ് ഷർട്ട് ഉപയോഗിച്ച് മറച്ചുവെച്ച് ട്രെയിൻ നിർത്തിച്ച ശേഷം യാത്രക്കാരിയുടെ മാല കവർന്ന സംഭവത്തിൽ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിലായി. വില്ലിവാക്കം സ്വദേശിയായ കുമരേശൻ (36) എന്നയാളെയാണ് താംബരം റെയിൽവേ പൊലീസ് പിടികൂടിയത്.

എഗ്‌മോറിൽ നിന്ന് തിരുനെൽവേലിയിലേക്ക് സർവീസ് നടത്തുന്ന നെല്ലൈ എക്സ്പ്രസിലാണ് സംഭവം. വ്യാഴാഴ്ച രാത്രി ട്രെയിൻ താംബരം പിന്നിട്ട് പേത്തേരിയും കട്ടാൻകുളത്തൂരും ഇടയിലുള്ള ഭാഗത്ത് എത്തിയപ്പോൾ ലോക്കോ പൈലറ്റിന് സിഗ്നൽ വ്യക്തമായി കാണാനായില്ല. തുടർന്ന് സുരക്ഷാ നടപടികളുടെ ഭാഗമായി ട്രെയിൻ നിർത്തുകയായിരുന്നു.

പരിശോധനയിൽ സിഗ്നൽ ലൈറ്റ് ഒരു ഷർട്ട് ഉപയോഗിച്ച് മറച്ച നിലയിൽ കണ്ടെത്തി. ഗാർഡ് അത് നീക്കം ചെയ്യുന്ന സമയത്താണ് കുമരേശൻ ട്രെയിനിൽ കയറിയത്. തുടർന്ന് റിസർവ്ഡ് കോച്ചിനുള്ളിൽ ശൗചാലയത്തിലേക്ക് പോകുകയായിരുന്ന തൂത്തുക്കുടി സ്വദേശിനിയുടെ 11 പവൻ മാല കവർന്നെടുക്കാൻ ശ്രമിച്ചു.

യുവതി ചെറുത്തുനിന്നതിനെ തുടർന്ന് മാലയുടെ ഒരു ഭാഗം മാത്രമാണ് ഇയാൾക്ക് കൈക്കലാക്കാൻ കഴിഞ്ഞത്. സംഭവശേഷം ഇയാൾ രക്ഷപ്പെട്ടെങ്കിലും റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിന്നീട് പിടികൂടി.

കുമരേശനെതിരെ കുറുക്കുപ്പേട്ട, റോയപുരം റെയിൽവേ പൊലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. ഗുണ്ടാ നിയമപ്രകാരം മുമ്പ് ജയിലിൽ കഴിഞ്ഞിട്ടുമുണ്ട്.

സിഗ്നൽ സംവിധാനത്തിൽ ഇടപെട്ടത് ഗുരുതരമായ സുരക്ഷാ വീഴ്ചയ്ക്കും വലിയ ട്രെയിൻ അപകടത്തിനും കാരണമാകുമായിരുന്നുവെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. യാത്രക്കാരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കുറ്റകൃത്യമാണിതെന്നും സംഭവത്തിൽ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

English Summary

A notorious thief named Kumaresan (36) was arrested in Chennai after allegedly covering a railway signal light with his shirt to force the Nellai Express to stop. Taking advantage of the halt, he boarded the train and attempted to snatch an 11-sovereign gold chain from a female passenger. The victim resisted, and he managed to escape with only a portion of the chain. Railway Police later tracked him down and arrested him. Authorities described the act as highly dangerous, warning that tampering with railway signals could have led to a major train accident.

സംസ്ഥാനത്ത് കൂടുതൽ സമയം വൈദ്യുതി മുടങ്ങാൻ സാധ്യത

തിരുവനന്തപുരം:   സംസ്ഥാനത്ത് കൂടുതൽ സമയം വൈദ്യുതി മുടങ്ങാൻ സാധ്യത.

ജൂൺ 30 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാവും എന്ന് മുമ്പ് തന്നെ തീരുമാനിച്ചിരുന്നു.  ആദ്യം 15 മിനുട്ട് വൈദ്യുതി നിയന്ത്രണം ഉണ്ടാവും എന്നാണ് അറിയിച്ചിരുന്നത്.

എന്നാൽ നിലവിൽ‌ വൈദ്യുതി പുറത്ത് നിന്ന് എത്തിക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. ഇതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. 

ചില പ്രദേശങ്ങളിൽ 25 മിനിട്ട് വരെ വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കും. വൈദ്യുതി ആവശ്യകത അനുസരിച്ച് ഫീഡറുകൾ ഓഫാക്കാൻ സബ്സ്റ്റേഷനുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

പൊതുവെ ജൂൺ മാസത്തിൽ പ്രതിദിന വൈദ്യുത ഉപയോഗം 90 ദശലക്ഷം യൂനിറ്റിൽ താഴെയാണ് ഉണ്ടാവേണ്ടത്. എന്നാൽ, മഴ കുറഞ്ഞതോടെ ചൂടു കൂടുകയും വൈദ്യുതി ഉപയോഗം പതിവിന് വിപരീതമായി ജൂൺ മാസത്തിലും 90 ദശലക്ഷം യൂനിറ്റ് മുകളിലാണ്. 

കനത്ത സുരക്ഷയിൽ നീറ്റ് പുനഃപരീക്ഷ നാളെ; മാർഗനിർദ്ദേശങ്ങളുമായി എൻടിഎ

ദില്ലി: നീറ്റ് പുനഃപരീക്ഷ നാളെ നടക്കാനിരിക്കെ കൂടുതൽ മാർഗനിർദ്ദേശങ്ങളുമായി എൻടിഎ(നാഷണൽ ടെസ്റ്റിംഗ് ഏജൻസി).

നാളത്തെ പരീക്ഷക്ക് പുതിയ അഡ്‌മിറ്റ് കാർഡ് ലഭിക്കും. വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യണം. മെയ് 30 ലെ കാർഡ് ഉപയോഗിക്കരുതെന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി പറയുന്നു.

ഔദ്യോഗിക സന്ദേശങ്ങൾ 7827980287 എന്ന വാട്സ് ആപ്പ് നമ്പറിലൂടെ മാത്രമായിരിക്കും ലഭിക്കുകയെന്നും ഇത് ബ്ലൂടിക് വെരിഫൈഡ് നമ്പറാണെന്നും എൻടിഎ അറിയിച്ചു.

വിദ്യാർത്ഥികൾക്ക് തിരികെ സന്ദേശം അയക്കാനാവില്ല. വ്യക്തിഗത വിവരങ്ങൾ ചോദിക്കില്ല. പണം അടക്കാൻ ആവശ്യപ്പെടില്ലെന്നും ചോദ്യപേപ്പർ സംബന്ധിച്ച ഒരു കാര്യവും ഉണ്ടാകില്ലെന്നും എൻടിഎ വ്യക്തമാക്കി.മറിച്ച് നീക്കം നടന്നാൽ നാഷണൽ സൈബർ ക്രൈം ഹെൽപ് ലൈൻ നമ്പറായ 1930 ൽ അറിയിക്കണം.

അതേസമയം, നാഷണൽ മെഡിക്കൽ കമ്മിഷന് കീഴിൽ വരുന്ന ഒരു മെഡിക്കൽ കോളേജും ഇന്നും നാളെയും വിദ്യാർത്ഥികൾക്ക് അവധി നൽകരുതെന്നും നിർദ്ദേശം നൽകി. ചില വിദ്യാർത്ഥികൾ മുൻപ് നടന്ന നീറ്റ് ക്രമക്കേടിന് പിന്നിലുണ്ടായിരുന്നുവെന്ന് കണ്ടാണ് കർശന നിർദ്ദേശം.

കേരളത്തിൽ വീണ്ടും പനി മരണം; കോഴിക്കോട് മാവൂരിൽ ചികിത്സയിലിരുന്ന 54കാരി മരിച്ചു

0

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും പനി മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട് ജില്ലയിലെ മാവൂർ പാറമ്മൽ സ്വദേശിനിയായ സുനിത (54) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ഷിഗെല്ല രോഗലക്ഷണങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്ന ഇവർ ഇന്ന് പുലർച്ചെയോടെയാണ് മരിച്ചത്.

ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ആദ്യം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുനിതയെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർചികിത്സയ്ക്കിടെ ആരോഗ്യനില വഷളാകുകയും മരണപ്പെടുകയുമായിരുന്നു.

ഷിഗെല്ല രോഗബാധ സംശയിച്ച് രോഗിയുടെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ടെങ്കിലും ഫലം ഇതുവരെ ലഭ്യമായിട്ടില്ല. പരിശോധനാ ഫലം പുറത്തുവന്ന ശേഷമേ മരണകാരണം ഷിഗെല്ല രോഗബാധയാണോയെന്ന് വ്യക്തത വരികയുള്ളു.

അതേസമയം, സംസ്ഥാനത്തെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ഹൈപവർ കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ആരോഗ്യമന്ത്രി കെ. മുരളീധരൻ യോഗം ഉദ്ഘാടനം ചെയ്യും.

ഹൈപവർ കമ്മിറ്റി അംഗങ്ങൾ, ഉന്നത ഉദ്യോഗസ്ഥർ, വിവിധ ജില്ലകളിൽ നിന്നുള്ള ജനപ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും. പകർച്ചവ്യാധി പ്രതിരോധം, നിരീക്ഷണം, ചികിത്സാ സൗകര്യങ്ങൾ, ഏകോപന പ്രവർത്തനങ്ങൾ എന്നിവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളാണ് യോഗത്തിൽ ചർച്ച ചെയ്യുക.

English Summary:
A 54-year-old woman from Mavoor in Kozhikode died while undergoing treatment at Kozhikode Medical College Hospital after developing fever and symptoms suspected to be linked to Shigella infection. Test results are still pending, and authorities have not yet confirmed the exact cause of death. Meanwhile, Kerala’s High-Power Committee on communicable disease prevention is set to meet in Thiruvananthapuram to review preparedness and response measures.

പിഎം ശ്രീ പദ്ധതി;  ഇളവ് തേടി കേന്ദ്രത്തെ സമീപിക്കാൻ സർക്കാർ

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയുടെ ഭാഗമാകുമ്പോൾ സ്‌കൂൾ ഘടനയിലും ബ്രാൻഡിങിലും ഉണ്ടായേക്കാവുന്ന മാറ്റങ്ങളിൽ ഇളവ് തേടി കേന്ദ്രസർക്കാരിനെ സമീപിക്കാൻ സംസ്ഥാന സർക്കാർ. സ്‌കൂൾ ഘടനയിലും ബ്രാൻഡിങിലും ഇളവ് തേടി മന്ത്രിസഭ ഉപസമിതി കേന്ദ്രത്തിന് കത്തയക്കും.

ദേശീയ വിദ്യാഭ്യാസ നയത്തിൽ അത് ഫൗണ്ടേഷൻ, പ്രിപ്പറേറ്ററി, മിഡിൽ സ്റ്റേജ്, സെക്കൻഡറി എന്ന് മാറും.

ഇക്കാര്യത്തിൽ വ്യക്തതയും ഇളവും തേടി കേന്ദ്രത്തെ സമീപിക്കാനാണ് സംസ്ഥാന തീരുമാനം. സ്‌കൂൾ ഘടനയിൽ വരുത്തേണ്ട മാറ്റമാണ് നിലവിൽ സർക്കാരിനെ ആശങ്കപ്പെടുത്തുന്നത്. നിലവിലെ എൽപി, യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി എന്നിങ്ങനെയുള്ള ഘടന മാറ്റേണ്ടി വരും.

കോടതിക്കുള്ളിൽ റീൽ ചിത്രീകരണം: കേസെടുത്ത് പൊലീസ്

കൊല്ലം: കോടതിക്കുള്ളിൽ റീൽ ചിത്രീകരണം. കൊല്ലം അഡീഷണൽ ഡിസ്ട്രിക് കോടതി (3)യിലാണ് സംഭവം.

കാപ്പാ കേസ് പ്രതികൾ ഉൾപ്പെടെയുള്ളവരെ ഉപയോഗിച്ചുള്ള റീൽ  ‘അക്ഷയ് പാരിപ്പള്ളി’ എന്ന അക്കൗണ്ട് വഴിയാണ്   പുറത്ത് വിട്ടത്.  ‘അവന്റെയൊക്കെ കൈ മാത്രമല്ല, കാലും വെട്ടണം’ എന്ന സിനിമാ ഡയലോഗിലാണ് റീൽ തുടങ്ങുന്നത്.

കോടതിയുടെ വിചാരണക്കൂട്ടിൽ നിൽക്കുന്നതും കോടതിക്ക് പുറത്തേക്ക് വരുന്നതും ചിത്രീകരിച്ചിട്ടുണ്ട്. സംഭവത്തിൽ വെസ്റ്റ് പൊലീസ് സ്വമേധയാ കേസെടുത്തു.

പൊതുസമൂഹത്തിന് ഭീഷണി ഉണ്ടാക്കുന്ന വിധമാണ് റീലെന്ന് പൊലീസ് പ്രതികരിച്ചു. പൊതുസേവകരെ ഭീഷണിപ്പെടുത്തുന്ന സംഭാഷണത്തോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

കേരളത്തിൽ വീര്യം കുറഞ്ഞ മദ്യങ്ങൾക്ക് പുതിയ നികുതി ഘടന; ‘ലോ ആൽക്കഹോളിക് ബിവറേജസ്’ വിപണിക്ക് വഴിതുറന്ന് ബജറ്റ്

0

തിരുവനന്തപുരം: കേരളത്തിൽ വീര്യം കുറഞ്ഞ മദ്യങ്ങളുടെ (Low Alcoholic Beverages) വിൽപനയ്ക്ക് പുതിയ സാധ്യതകൾ തുറന്ന് സംസ്ഥാന ബജറ്റിൽ പ്രത്യേക നികുതി ഘടന പ്രഖ്യാപിച്ചു. 0.5 ശതമാനം മുതൽ 20 ശതമാനം വരെ ആൽക്കഹോൾ അംശമുള്ള പാനീയങ്ങളെയാണ് പുതിയ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ബജറ്റിൽ പ്രഖ്യാപിച്ച നികുതി നിരക്ക് പ്രകാരം 0.5 മുതൽ 10 ശതമാനം വരെ ആൽക്കഹോൾ ഉള്ള പാനീയങ്ങൾക്ക് 120 ശതമാനവും 10 മുതൽ 20 ശതമാനം വരെ ആൽക്കഹോൾ ഉള്ളവയ്ക്ക് 175 ശതമാനവും നികുതി ബാധകമാകും.

2022-23 അബ്കാരി നയത്തിൽ വീര്യം കുറഞ്ഞ മദ്യങ്ങളുടെ വിൽപനയ്ക്ക് അനുമതി നൽകിയിരുന്നെങ്കിലും പ്രത്യേക നികുതി നിരക്ക് നിശ്ചയിച്ചിരുന്നില്ല. ഇതോടെ ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് (IMFL) ബാധകമായ 251 ശതമാനം നികുതി തന്നെയാണ് ഈ ഉൽപ്പന്നങ്ങൾക്കും ബാധകമായിരുന്നത്. ഉയർന്ന നികുതി ഭാരമാണ് പല കമ്പനികളെയും കേരള വിപണിയിൽ നിന്ന് അകറ്റിനിർത്തിയതെന്നാണ് വിലയിരുത്തൽ.

പുതിയ നികുതി ഘടന നിലവിൽ വരുന്നതോടെ ആരോഗ്യബോധമുള്ള ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുതിയ ഉൽപ്പന്നങ്ങൾ കേരള വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. ഇതിലൂടെ സംസ്ഥാനത്തിന് അധിക വരുമാനവും ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.

അതേസമയം, കശുമാങ്ങ ഉൾപ്പെടെയുള്ള പഴങ്ങളിൽ നിന്ന് നിർമ്മിക്കുന്ന ഹോർട്ടി ലിക്കറുകൾക്കും പുതിയ സാധ്യതകൾ തെളിയുന്നുണ്ട്. 20 മുതൽ 30 ശതമാനം വരെ ആൽക്കഹോൾ അടങ്ങിയ ഹോർട്ടി ലിക്കറുകളുടെ ഉൽപ്പാദനത്തിനും വിൽപനയ്ക്കും ചട്ടഭേദഗതി നിലവിലുണ്ടെങ്കിലും നികുതി നിരക്ക് നിശ്ചയിക്കാത്തതിനാൽ ഇതുവരെ ഉൽപ്പാദനം ആരംഭിച്ചിട്ടില്ല.

എക്സൈസ് വകുപ്പിൽ സാങ്കേതിക നവീകരണങ്ങൾ നടപ്പാക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ലഹരിക്കടത്തും വ്യാജമദ്യ നിർമാണവും തടയുന്നതിനായി പ്രത്യേക രാസപരിശോധനാ ലാബ്, ചെക്‌പോസ്റ്റുകളിൽ എഐ ക്യാമറകൾ, ലഹരിവസ്തുക്കൾ തിരിച്ചറിയാനുള്ള പരിശോധനാ കിറ്റുകൾ എന്നിവ സ്ഥാപിക്കും.

കൂടാതെ, മാവേലിക്കര മേഖലയിലെ വിവിധ പഞ്ചായത്തുകൾ സംയോജിപ്പിച്ച് പുതിയ മാതൃകാ എക്സൈസ് റേഞ്ച് ഓഫീസ് സ്ഥാപിക്കുമെന്നും ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

English Summary:
Kerala has introduced a separate tax structure for low-alcohol beverages in the state budget, paving the way for a new market segment. Drinks containing 0.5% to 20% alcohol will now be taxed at lower rates than IMFL, encouraging manufacturers to enter the Kerala market. The budget also proposes excise department modernization measures, including AI cameras, testing kits, and a chemical analysis lab to curb illicit liquor and drug trafficking.

എബോള ഭീതി ഒഴിഞ്ഞു; സൗത്ത് സുഡാനിൽ നിന്നെത്തിയ കോട്ടയം സ്വദേശിനിയുടെ പരിശോധനാഫലം നെഗറ്റീവ്

0

കോട്ടയം: സൗത്ത് സുഡാനിൽ നിന്ന് കേരളത്തിലെത്തിയ ശേഷം എബോള രോഗലക്ഷണങ്ങളെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന 52-കാരിയുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു. പുണെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് രോഗബാധയില്ലെന്ന് വ്യക്തമായത്. ഇതോടെ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന സ്ത്രീയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

സൗത്ത് സുഡാനിൽ നിന്ന് ഉഗാണ്ട വഴിയാണ് ഇവർ കേരളത്തിലെത്തിയത്. യാത്രയ്ക്കുശേഷം കടുത്ത ഛർദിയും രക്തത്തിലെ പഞ്ചസാരയുടെ അളവിലെ വ്യതിയാനവും അനുഭവപ്പെട്ടതിനെ തുടർന്ന് ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് കൂടുതൽ നിരീക്ഷണത്തിനായി കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു.

ഉഗാണ്ട വഴിയുള്ള യാത്രയും ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യവും പരിഗണിച്ച് ആരോഗ്യവകുപ്പ് ജാഗ്രതാ നടപടികൾ സ്വീകരിച്ചു. രോഗിയുടെ സാമ്പിളുകൾ പരിശോധനയ്ക്കായി പുണെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു.

പരിശോധനാഫലം നെഗറ്റീവായതോടെ എബോള സംബന്ധിച്ച ആശങ്കകൾക്ക് വിരാമമായി. അതേസമയം, ഉഗാണ്ടയിലും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും എബോളയുടെ ബുണ്ടിബുഗ്യോ വകഭേദം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് നിരീക്ഷണം തുടരുകയാണ്.

കേരളത്തിൽ ഇതുവരെ എബോള സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അന്തർദേശീയ യാത്രകൾ വർധിക്കുന്ന സാഹചര്യത്തിൽ വിദേശരാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് രോഗലക്ഷണങ്ങൾ പ്രകടമാകുകയാണെങ്കിൽ ഉടൻ ചികിത്സ തേടണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിച്ചു.

English Summary

A 52-year-old woman from Kottayam, who was placed under observation after arriving in Kerala from South Sudan via Uganda with symptoms resembling Ebola, has tested negative for the virus. The sample was examined at the National Institute of Virology in Pune. Following the negative result, she was discharged from Kottayam Medical College Hospital. Health authorities had taken precautionary measures due to her travel history and reports of Ebola cases in parts of Africa. While the result has eased concerns, the Health Department continues to maintain vigilance amid increasing international travel.

ഐഎഫ്എഫ്കെ കൊച്ചിയിലേക്ക് മാറ്റുമോ? ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ തലസ്ഥാനത്ത് പ്രതിഷേധം ശക്തം

0


തിരുവനന്തപുരം: മൂന്ന് പതിറ്റാണ്ടിലേറെയായി തിരുവനന്തപുരത്തിന്റെ സാംസ്കാരിക അടയാളമായി മാറിയ അന്താരാഷ്ട്ര ചലച്ചിത്രമേളയായ ഐഎഫ്എഫ്കെ (IFFK) കൊച്ചിയിലേക്ക് മാറ്റുമെന്ന ആശങ്ക ഉയർന്ന് വരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച 2026-27 സാമ്പത്തിക വർഷത്തെ പുതുക്കിയ ബജറ്റിലെ പ്രഖ്യാപനങ്ങളാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.

കൊച്ചിയിൽ 100 കോടി രൂപ ചെലവിൽ ‘ജെ.സി. ഡാനിയേൽ ഇന്റർനാഷണൽ ഫിലിം സിറ്റി’ സ്ഥാപിക്കുമെന്നും അവിടെ ഐഎഫ്എഫ്കെയ്ക്ക് സ്ഥിരം വേദിയൊരുക്കുമെന്നുമുള്ള ബജറ്റ് പരാമർശമാണ് ചലച്ചിത്രപ്രേമികളുടെയും തലസ്ഥാനത്തെ സാംസ്കാരിക കൂട്ടായ്മകളുടെയും പ്രതിഷേധത്തിന് കാരണമായത്.

ഐഎഫ്എഫ്കെയുടെ സ്ഥിരം വേദി തിരുവനന്തപുരത്ത് നിന്ന് മാറ്റുന്നത് അന്താരാഷ്ട്ര തലത്തിൽ സാങ്കേതികവും ഭരണപരവുമായ പ്രതിസന്ധികൾ സൃഷ്ടിക്കുമെന്നാണ് ചലച്ചിത്ര മേഖലയിലെ പ്രവർത്തകരുടെ ആശങ്ക. ലോകത്തെ പ്രമുഖ ചലച്ചിത്രമേളകൾക്ക് അംഗീകാരം നൽകുന്ന ഫിയാപ്ഫ് (FIAPF) നിബന്ധനകൾ പ്രകാരം മേളയ്ക്ക് സ്ഥിരതയുള്ള വേദി നിർണായകമാണെന്നും, വേദിമാറ്റം അന്താരാഷ്ട്ര അംഗീകാരത്തെ ബാധിക്കാമെന്നുമാണ് വിലയിരുത്തൽ.

തിരുവനന്തപുരത്തെ ടാഗോർ തിയേറ്റർ, കൈരളി-ശ്രീ-നിള തിയേറ്റർ സമുച്ചയം, നിശാഗന്ധി, കലാഭവൻ തുടങ്ങിയ വേദികൾ ഉൾപ്പെടുന്ന പ്രത്യേക ചലച്ചിത്രമേളാ അന്തരീക്ഷം മറ്റൊരു നഗരത്തിൽ പുനഃസൃഷ്ടിക്കാൻ കഴിയില്ലെന്നാണ് സിനിമാ ആസ്വാദകരുടെയും സാംസ്കാരിക സംഘടനകളുടെയും വാദം. നടന്ന് വിവിധ വേദികളിലേക്ക് എത്താൻ കഴിയുന്ന സൗകര്യവും, പ്രതിനിധികൾക്കായുള്ള താമസ-ഗതാഗത സംവിധാനങ്ങളും തിരുവനന്തപുരം ഐഎഫ്എഫ്കെയുടെ പ്രധാന ആകർഷണങ്ങളായി ചൂണ്ടിക്കാട്ടപ്പെടുന്നു.

കോവിഡ് കാലത്ത് 25-ാമത് ഐഎഫ്എഫ്കെ വിവിധ മേഖലകളിലായി സംഘടിപ്പിക്കാനുള്ള തീരുമാനത്തിനെതിരെയും സമാന പ്രതിഷേധം ഉയർന്നിരുന്നു. അന്ന് അത് താൽക്കാലിക ക്രമീകരണമാണെന്നും തിരുവനന്തപുരം തന്നെയായിരിക്കും മേളയുടെ സ്ഥിരം വേദിയെന്നും സർക്കാർ ഉറപ്പ് നൽകിയിരുന്നു.

ഇതിനിടെ, ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായിട്ടുണ്ട്. ഐഎഫ്എഫ്കെയുടെ പാരമ്പര്യവും അന്താരാഷ്ട്ര സ്വീകാര്യതയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സിനിമാപ്രേമികളും വിവിധ കൂട്ടായ്മകളും രംഗത്തെത്തിയിരിക്കുകയാണ്.

English Summary:
Concerns have emerged that the International Film Festival of Kerala (IFFK) may be shifted from Thiruvananthapuram to Kochi following a budget announcement about establishing a ₹100-crore J.C. Daniel International Film City in Kochi with a permanent venue for the festival. Film enthusiasts and cultural groups argue that moving the festival could affect its international accreditation and disrupt the unique festival ecosystem built in Thiruvananthapuram over three decades. The proposal has triggered widespread protests and debate across the state.

കേരള ടൂറിസത്തിന് വ്യവസായ പദവി; വൻ നിക്ഷേപത്തിനും വികസനത്തിനും വഴിതുറന്ന് ബജറ്റ് പ്രഖ്യാപനം

0


തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിനോദസഞ്ചാര മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ടൂറിസത്തിന് ‘വ്യവസായ പദവി’ നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റിൽ പ്രഖ്യാപിച്ചു. ദീർഘകാലമായി ടൂറിസം മേഖലയിലെ വിവിധ സംഘടനകൾ ഉന്നയിച്ചിരുന്ന ആവശ്യത്തിനാണ് ഇതോടെ അംഗീകാരം ലഭിച്ചിരിക്കുന്നത്.

ടൂറിസത്തെ മുൻഗണനാ മേഖലയായി പരിഗണിക്കുമെന്നും വ്യവസായ സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന വിവിധ ആനുകൂല്യങ്ങൾ ടൂറിസം മേഖലയ്ക്കും ലഭ്യമാക്കുമെന്നും ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങൾക്ക് പിന്നാലെയാണ് കേരളവും ടൂറിസത്തിന് വ്യവസായ പദവി നൽകുന്നത്.

പുതിയ പദവിയിലൂടെ ടൂറിസം പദ്ധതികൾക്ക് ആവശ്യമായ അനുമതികൾ ഏകജാലക സംവിധാനത്തിലൂടെ വേഗത്തിൽ ലഭ്യമാകും. കൂടാതെ വൈദ്യുതി, വെള്ളം, നികുതി തുടങ്ങിയ മേഖലകളിൽ സബ്‌സിഡി ആനുകൂല്യങ്ങളും ലഭ്യമാകും. സംരംഭകർക്ക് ബാങ്ക് വായ്പകൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും ഇത് സഹായകരമാകും.

ടൂറിസം അടിസ്ഥാനസൗകര്യ വികസനത്തിനും ആഭ്യന്തര-വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും പുതിയ തീരുമാനം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. ഇതിന്റെ ഗുണഫലമായി പ്രാദേശിക വിപണികളും യാത്രാ സൗകര്യങ്ങളും മെച്ചപ്പെടുകയും കൂടുതൽ സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ.

തോട്ടം മേഖലയിൽ ടൂറിസം പദ്ധതികൾക്ക് കൂടുതൽ സാധ്യതകൾ സൃഷ്ടിക്കുന്നതിനായി നിയമഭേദഗതി കൊണ്ടുവരുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. നിലവിൽ ഉപയോഗിക്കപ്പെടാതെ കിടക്കുന്ന തോട്ടഭൂമികൾ ടൂറിസം ആവശ്യങ്ങൾക്ക് വിനിയോഗിക്കാൻ ഇത് സഹായിക്കും.

ടൂറിസം മേഖലയെ ഉത്തേജിപ്പിക്കുന്നതിനായി നിരവധി പ്രത്യേക പദ്ധതികളും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അർത്തുങ്കൽ ബസലിക്ക, അമ്പലപ്പുഴ ക്ഷേത്രം, കാക്കഴം പള്ളി, കൃഷ്ണപുരം കൊട്ടാരം, മാതാ അമൃതാനന്ദമയി മഠം, ഓച്ചിറ ക്ഷേത്രം എന്നിവയെ ബന്ധിപ്പിക്കുന്ന തീർത്ഥാടന ടൂറിസം സർക്യൂട്ട് നടപ്പിലാക്കും. വേമ്പനാട്ടുകായലിലെ പാതിരാമണൽ ദ്വീപിലേക്ക് മുഹമ്മയിൽ നിന്ന് റോപ്‌വേ പദ്ധതി യാഥാർഥ്യമാക്കും.

ആലപ്പുഴയിലെ ഹൗസ്ബോട്ട് മേഖലയിലെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി പുതിയ സംസ്കരണ പ്ലാന്റും സ്ഥാപിക്കും. ഫോർട്ട് കൊച്ചി, മൂന്നാർ, ആലപ്പുഴ, കോവളം തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷയും മേൽനോട്ടവും ഉറപ്പാക്കാൻ ‘ഗ്രീൻ മാർഷൽസ്’ സംവിധാനം നടപ്പിലാക്കും.

കൊച്ചി വിമാനത്താവളത്തിന് സമീപം അന്താരാഷ്ട്ര നിലവാരത്തിലുള്ള എക്സിബിഷൻ സെന്റർ സ്ഥാപിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പദ്ധതികൾ കേരള ടൂറിസത്തിന്റെ വളർച്ചയ്ക്ക് പുതിയ ഊർജം പകരുമെന്നും മേഖലയിൽ വലിയ സാമ്പത്തിക ചലനം സൃഷ്ടിക്കുമെന്നും വിദഗ്ധർ വിലയിരുത്തുന്നു.

English Summary:
Kerala has granted industry status to the tourism sector through the state budget, a long-pending demand of tourism stakeholders. The move will enable faster approvals through a single-window system, provide subsidies, improve access to bank loans, and attract more investments. The budget also announced new tourism projects, including pilgrimage circuits, a ropeway to Pathiramanal Island, waste management facilities for Alappuzha houseboats, Green Marshals at major tourist destinations, and an international exhibition center near Kochi airport.


-

ദേശീയപാതയോരത്ത് കേരളത്തിന്റെ ആദ്യ ‘ബ്യൂട്ടി സ്പോട്ട്’; മണ്ണിടിച്ചിൽ ഭീഷണി മാറ്റി വീരമല സൗന്ദര്യമലയാകുന്നു

0


ചെറുവത്തൂർ: കഴിഞ്ഞ മഴക്കാലത്ത് ദേശീയപാത യാത്രക്കാരിൽ ആശങ്കയുണ്ടാക്കിയ മയിച്ചയിലെ വീരമല ഇനി സുരക്ഷയും സൗന്ദര്യവും ഒരുമിക്കുന്ന പുതിയ മുഖവുമായി ഒരുങ്ങുന്നു. മണ്ണിടിച്ചിൽ ഭീഷണി കുറയ്ക്കുന്നതിനും പ്രദേശത്തെ ആകർഷകമാക്കുന്നതിനുമായി നടപ്പാക്കുന്ന 10 കോടി രൂപയുടെ പരിസ്ഥിതി സൗഹൃദ സംരക്ഷണ പദ്ധതി അവസാനഘട്ടത്തിലാണെന്ന് അധികൃതർ അറിയിച്ചു. ഒരു മാസത്തിനകം പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.

മലയുടെ സ്ഥിരത ഉറപ്പാക്കുന്നതിനായി മലഞ്ചെരിവുകൾ വിവിധ തട്ടുകളാക്കി (ടെറസുകൾ) രൂപപ്പെടുത്തുന്ന പ്രവൃത്തികളാണ് നിലവിൽ പുരോഗമിക്കുന്നത്. മലയുടെ ഭൂപ്രകൃതിക്കനുസരിച്ച് മൂന്ന് മുതൽ നാല് തട്ടുകൾ വരെ നിർമിക്കുകയും, അവയിൽ ശക്തമായ കമ്പിവലകളും ഭൂവസ്ത്രവും (ജിയോടെക്സ്റ്റൈൽ) സ്ഥാപിക്കുകയും ചെയ്യുന്നു.

മണ്ണൊലിപ്പും മണ്ണിടിച്ചിലും തടയാൻ ആഴത്തിൽ വേരിറക്കുന്ന രാമച്ചം വ്യാപകമായി നട്ടുപിടിപ്പിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. ഏകദേശം ഏഴ് മീറ്റർ വരെ താഴ്ചയിലേക്ക് വളരുന്ന രാമച്ചത്തിന്റെ വേരുകൾ മലയുടെ മണ്ണിനെ ഉറപ്പിച്ച് സംരക്ഷിക്കുമെന്നാണ് വിലയിരുത്തൽ.

കനത്ത മഴക്കാലത്ത് മലയിൽ നിന്നുള്ള വെള്ളപ്പാച്ചിൽ ദേശീയപാതയിലേക്ക് ഒഴുകിയെത്തുന്നത് യാത്രക്കാർക്ക് വലിയ വെല്ലുവിളിയായിരുന്നു. ഇതിന് പരിഹാരമായി വെള്ളം ഒഴുകുന്ന ഭാഗങ്ങളിൽ പ്രത്യേക പടികൾ നിർമിച്ച് ജലപ്രവാഹത്തിന്റെ വേഗം നിയന്ത്രിക്കുന്ന സംവിധാനം ഒരുക്കുന്നു. ഇതിലൂടെ സുരക്ഷ വർധിക്കുന്നതോടൊപ്പം കൃത്രിമ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യവും പ്രദേശത്തിന് ലഭിക്കും.

സുരക്ഷയും വിനോദസഞ്ചാര സാധ്യതകളും ഒരുമിച്ച് ലക്ഷ്യമിടുന്ന ഈ പദ്ധതി പൂർത്തിയാകുന്നതോടെ ദേശീയപാതയോരത്തെ ശ്രദ്ധേയമായ കാഴ്ചാ കേന്ദ്രങ്ങളിലൊന്നായി വീരമല മാറുമെന്നാണ് പ്രതീക്ഷ.

English Summary:
A ₹10 crore eco-friendly protection and beautification project at Veeramala in Cheruvathur is nearing completion. The initiative aims to prevent landslides through terracing, geotextile reinforcement, and large-scale planting of vetiver grass. Special stepped water channels are also being built to control rainwater flow and create waterfall-like attractions. Once completed, Veeramala is expected to become Kerala’s first national highway-side beauty spot combining safety and tourism appeal.

Tags:

വീണ വിജയന്റെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി; മൂന്ന് മണിക്കൂർ നീണ്ട പരിശോധനയിൽ നിർണായക രേഖകൾ കണ്ടെത്തിയില്ല

0

മാസപ്പടി കേസിലെ അന്വേഷണത്തിന്റെ ഭാഗമായി എച്ച്‍ഡിഎഫ്‌സി ബാങ്കിൽ പരിശോധന; കോടതി നിർദേശിച്ച 134 രേഖകൾ ഇതുവരെ എസ്എഫ്ഐഒ കൈമാറിയില്ല

തിരുവനന്തപുരം: സി.എം.ആർ.എൽ–എക്സാലോജിക് മാസപ്പടി കേസിലെ അന്വേഷണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ ബാങ്ക് ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധിച്ചു. തിരുവനന്തപുരം ആയുർവേദ കോളേജ് ജംഗ്ഷനിലെ എച്ച്‍ഡിഎഫ്‌സി ബാങ്ക് ശാഖയിൽ നടന്ന പരിശോധനയിൽ വീണയെ നേരിട്ട് വിളിച്ചുവരുത്തി ലോക്കർ തുറപ്പിക്കുകയായിരുന്നു.

മൂന്ന് മണിക്കൂറിലേറെ നീണ്ട പരിശോധനയിൽ കേസുമായി ബന്ധപ്പെട്ട നിർണായക രേഖകളൊന്നും കണ്ടെത്താനായില്ലെന്നാണ് ലഭിക്കുന്ന വിവരം. കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.

അടുത്തിടെ ഇഡിക്ക് മുന്നിൽ ഹാജരായപ്പോൾ വീണ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലോക്കറിനെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണസംഘം ശേഖരിച്ചത്. ലോക്കർ തുറന്നതുമായി ബന്ധപ്പെട്ട രേഖകളും മറ്റ് വിവരങ്ങളും ബാങ്കിൽ നിന്ന് ഉദ്യോഗസ്ഥർ പരിശോധിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട രേഖകളോ വിവരങ്ങളോ ലോക്കറിലേക്ക് മാറ്റിയിട്ടുണ്ടോ എന്നതും പരിശോധിച്ചതായാണ് റിപ്പോർട്ട്.

ലോക്കറിൽ ഉണ്ടായിരുന്ന സ്വർണം ഉൾപ്പെടെയുള്ള മറ്റ് വസ്തുക്കളുടെ വിവരങ്ങൾ ഇഡി രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, കേസുമായി നേരിട്ട് ബന്ധപ്പെട്ട രേഖകളൊന്നും കണ്ടെത്താനായില്ലെന്നാണ് സൂചന.

തിരുവനന്തപുരം ധനലക്ഷ്മി ബാങ്കിൽ വീണയുടെയും എക്സാലോജിക് കമ്പനിയുടെയും പേരിൽ മറ്റ് രണ്ട് അക്കൗണ്ടുകൾ നിലവിലുണ്ടെങ്കിലും അവയുമായി ബന്ധപ്പെട്ട് ലോക്കർ സൗകര്യമില്ലെന്നാണ് വിവരം. ഈ അക്കൗണ്ടുകൾ നേരത്തെ തന്നെ ഇഡി മരവിപ്പിച്ചിരുന്നു.

ഇതിനിടെ, കോടതി കൈമാറാൻ നിർദേശിച്ച 134 രേഖകൾ ഇതുവരെ ഗൗരവമായ തട്ടിപ്പ് അന്വേഷണ ഏജൻസിയായ എസ്എഫ്ഐഒ ഇഡിക്ക് കൈമാറിയിട്ടില്ല. രേഖകൾ ലഭിച്ചശേഷം വീണ വിജയനെ വീണ്ടും ചോദ്യം ചെയ്യാനുള്ള സാധ്യതയും അന്വേഷണസംഘം പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

English Summary

The Enforcement Directorate (ED) conducted a three-hour search of Veena Vijayan’s bank locker at an HDFC Bank branch in Thiruvananthapuram as part of the CMRL-Exalogic “Masappadi” case investigation. Veena was summoned to open the locker, but no crucial documents related to the case were reportedly found. The ED also collected details regarding locker operations and recorded information about valuables stored inside. Meanwhile, the Serious Fraud Investigation Office (SFIO) has not yet handed over 134 documents that a court had directed it to share with the ED, potentially delaying further stages of the investigation.

Slug

Tags