മാസപ്പടി കേസിലെ അന്വേഷണത്തിന്റെ ഭാഗമായി എച്ച്‍ഡിഎഫ്‌സി ബാങ്കിൽ പരിശോധന; കോടതി നിർദേശിച്ച 134 രേഖകൾ ഇതുവരെ എസ്എഫ്ഐഒ കൈമാറിയില്ല
തിരുവനന്തപുരം: സി.എം.ആർ.എൽ–എക്സാലോജിക് മാസപ്പടി കേസിലെ അന്വേഷണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ ബാങ്ക് ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധിച്ചു. തിരുവനന്തപുരം ആയുർവേദ കോളേജ് ജംഗ്ഷനിലെ എച്ച്‍ഡിഎഫ്‌സി ബാങ്ക് ശാഖയിൽ നടന്ന പരിശോധനയിൽ വീണയെ നേരിട്ട് വിളിച്ചുവരുത്തി ലോക്കർ തുറപ്പിക്കുകയായിരുന്നു.
മൂന്ന് മണിക്കൂറിലേറെ നീണ്ട പരിശോധനയിൽ കേസുമായി ബന്ധപ്പെട്ട നിർണായക രേഖകളൊന്നും കണ്ടെത്താനായില്ലെന്നാണ് ലഭിക്കുന്ന വിവരം. കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.
അടുത്തിടെ ഇഡിക്ക് മുന്നിൽ ഹാജരായപ്പോൾ വീണ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലോക്കറിനെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണസംഘം ശേഖരിച്ചത്. ലോക്കർ തുറന്നതുമായി ബന്ധപ്പെട്ട രേഖകളും മറ്റ് വിവരങ്ങളും ബാങ്കിൽ നിന്ന് ഉദ്യോഗസ്ഥർ പരിശോധിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട രേഖകളോ വിവരങ്ങളോ ലോക്കറിലേക്ക് മാറ്റിയിട്ടുണ്ടോ എന്നതും പരിശോധിച്ചതായാണ് റിപ്പോർട്ട്.
ലോക്കറിൽ ഉണ്ടായിരുന്ന സ്വർണം ഉൾപ്പെടെയുള്ള മറ്റ് വസ്തുക്കളുടെ വിവരങ്ങൾ ഇഡി രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, കേസുമായി നേരിട്ട് ബന്ധപ്പെട്ട രേഖകളൊന്നും കണ്ടെത്താനായില്ലെന്നാണ് സൂചന.
തിരുവനന്തപുരം ധനലക്ഷ്മി ബാങ്കിൽ വീണയുടെയും എക്സാലോജിക് കമ്പനിയുടെയും പേരിൽ മറ്റ് രണ്ട് അക്കൗണ്ടുകൾ നിലവിലുണ്ടെങ്കിലും അവയുമായി ബന്ധപ്പെട്ട് ലോക്കർ സൗകര്യമില്ലെന്നാണ് വിവരം. ഈ അക്കൗണ്ടുകൾ നേരത്തെ തന്നെ ഇഡി മരവിപ്പിച്ചിരുന്നു.
ഇതിനിടെ, കോടതി കൈമാറാൻ നിർദേശിച്ച 134 രേഖകൾ ഇതുവരെ ഗൗരവമായ തട്ടിപ്പ് അന്വേഷണ ഏജൻസിയായ എസ്എഫ്ഐഒ ഇഡിക്ക് കൈമാറിയിട്ടില്ല. രേഖകൾ ലഭിച്ചശേഷം വീണ വിജയനെ വീണ്ടും ചോദ്യം ചെയ്യാനുള്ള സാധ്യതയും അന്വേഷണസംഘം പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
English Summary
The Enforcement Directorate (ED) conducted a three-hour search of Veena Vijayan’s bank locker at an HDFC Bank branch in Thiruvananthapuram as part of the CMRL-Exalogic “Masappadi” case investigation. Veena was summoned to open the locker, but no crucial documents related to the case were reportedly found. The ED also collected details regarding locker operations and recorded information about valuables stored inside. Meanwhile, the Serious Fraud Investigation Office (SFIO) has not yet handed over 134 documents that a court had directed it to share with the ED, potentially delaying further stages of the investigation.

