ദേശീയപാതയോരത്ത് കേരളത്തിന്റെ ആദ്യ ‘ബ്യൂട്ടി സ്പോട്ട്’; മണ്ണിടിച്ചിൽ ഭീഷണി മാറ്റി വീരമല സൗന്ദര്യമലയാകുന്നു

0


ചെറുവത്തൂർ: കഴിഞ്ഞ മഴക്കാലത്ത് ദേശീയപാത യാത്രക്കാരിൽ ആശങ്കയുണ്ടാക്കിയ മയിച്ചയിലെ വീരമല ഇനി സുരക്ഷയും സൗന്ദര്യവും ഒരുമിക്കുന്ന പുതിയ മുഖവുമായി ഒരുങ്ങുന്നു. മണ്ണിടിച്ചിൽ ഭീഷണി കുറയ്ക്കുന്നതിനും പ്രദേശത്തെ ആകർഷകമാക്കുന്നതിനുമായി നടപ്പാക്കുന്ന 10 കോടി രൂപയുടെ പരിസ്ഥിതി സൗഹൃദ സംരക്ഷണ പദ്ധതി അവസാനഘട്ടത്തിലാണെന്ന് അധികൃതർ അറിയിച്ചു. ഒരു മാസത്തിനകം പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.

മലയുടെ സ്ഥിരത ഉറപ്പാക്കുന്നതിനായി മലഞ്ചെരിവുകൾ വിവിധ തട്ടുകളാക്കി (ടെറസുകൾ) രൂപപ്പെടുത്തുന്ന പ്രവൃത്തികളാണ് നിലവിൽ പുരോഗമിക്കുന്നത്. മലയുടെ ഭൂപ്രകൃതിക്കനുസരിച്ച് മൂന്ന് മുതൽ നാല് തട്ടുകൾ വരെ നിർമിക്കുകയും, അവയിൽ ശക്തമായ കമ്പിവലകളും ഭൂവസ്ത്രവും (ജിയോടെക്സ്റ്റൈൽ) സ്ഥാപിക്കുകയും ചെയ്യുന്നു.

മണ്ണൊലിപ്പും മണ്ണിടിച്ചിലും തടയാൻ ആഴത്തിൽ വേരിറക്കുന്ന രാമച്ചം വ്യാപകമായി നട്ടുപിടിപ്പിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. ഏകദേശം ഏഴ് മീറ്റർ വരെ താഴ്ചയിലേക്ക് വളരുന്ന രാമച്ചത്തിന്റെ വേരുകൾ മലയുടെ മണ്ണിനെ ഉറപ്പിച്ച് സംരക്ഷിക്കുമെന്നാണ് വിലയിരുത്തൽ.

കനത്ത മഴക്കാലത്ത് മലയിൽ നിന്നുള്ള വെള്ളപ്പാച്ചിൽ ദേശീയപാതയിലേക്ക് ഒഴുകിയെത്തുന്നത് യാത്രക്കാർക്ക് വലിയ വെല്ലുവിളിയായിരുന്നു. ഇതിന് പരിഹാരമായി വെള്ളം ഒഴുകുന്ന ഭാഗങ്ങളിൽ പ്രത്യേക പടികൾ നിർമിച്ച് ജലപ്രവാഹത്തിന്റെ വേഗം നിയന്ത്രിക്കുന്ന സംവിധാനം ഒരുക്കുന്നു. ഇതിലൂടെ സുരക്ഷ വർധിക്കുന്നതോടൊപ്പം കൃത്രിമ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യവും പ്രദേശത്തിന് ലഭിക്കും.

സുരക്ഷയും വിനോദസഞ്ചാര സാധ്യതകളും ഒരുമിച്ച് ലക്ഷ്യമിടുന്ന ഈ പദ്ധതി പൂർത്തിയാകുന്നതോടെ ദേശീയപാതയോരത്തെ ശ്രദ്ധേയമായ കാഴ്ചാ കേന്ദ്രങ്ങളിലൊന്നായി വീരമല മാറുമെന്നാണ് പ്രതീക്ഷ.

English Summary:
A ₹10 crore eco-friendly protection and beautification project at Veeramala in Cheruvathur is nearing completion. The initiative aims to prevent landslides through terracing, geotextile reinforcement, and large-scale planting of vetiver grass. Special stepped water channels are also being built to control rainwater flow and create waterfall-like attractions. Once completed, Veeramala is expected to become Kerala’s first national highway-side beauty spot combining safety and tourism appeal.

Tags:

LEAVE A REPLY

Please enter your comment!
Please enter your name here