റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർ മരിച്ചു. അബുഹദ്‌രിയ്യ റോഡിൽ നടന്ന അപകടത്തിൽ കണ്ണൂർ ചെണ്ടയാട് കുനിയിൽ വീട്ടിൽ ഗോപാലക്കുറുപ്പിന്റെയും പദ്മാവതിയുടെയും മകനായ അഭിലാഷ് ഗോപാലകുറുപ്പ് (33) ആണ് മരിച്ചത്.
അഭിലാഷ് ഓടിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ലാൻഡ് റോവർ ഓടിച്ചിരുന്ന സൗദി പൗരൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ നിലവിൽ ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ലാൻഡ് റോവറിലുണ്ടായിരുന്ന ഒരു സൗദി സ്വദേശിനിക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരെ ഉടൻ അൽ നഈരിയ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിവരികയാണ്.
അപകടത്തെ തുടർന്ന് ജുബൈൽ ട്രാഫിക് വിഭാഗം അന്വേഷണം ആരംഭിച്ചു. നിയമനടപടികൾ വേഗത്തിലാക്കുന്നതിനായി വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ ശ്രമങ്ങൾ തുടരുകയാണ്.
English Summary
Two people, including a Malayali driver from Kannur, died in a tragic road accident in Saudi Arabia’s Eastern Province. The bus driven by Abhilash Gopalakurup reportedly lost control and collided with a Land Rover on the Abu Hadriyah Road. The Saudi national driving the Land Rover also died at the scene, while a woman passenger sustained injuries and was hospitalized. Authorities have launched an investigation into the incident.

