തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിനോദസഞ്ചാര മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ടൂറിസത്തിന് ‘വ്യവസായ പദവി’ നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റിൽ പ്രഖ്യാപിച്ചു. ദീർഘകാലമായി ടൂറിസം മേഖലയിലെ വിവിധ സംഘടനകൾ ഉന്നയിച്ചിരുന്ന ആവശ്യത്തിനാണ് ഇതോടെ അംഗീകാരം ലഭിച്ചിരിക്കുന്നത്.
ടൂറിസത്തെ മുൻഗണനാ മേഖലയായി പരിഗണിക്കുമെന്നും വ്യവസായ സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന വിവിധ ആനുകൂല്യങ്ങൾ ടൂറിസം മേഖലയ്ക്കും ലഭ്യമാക്കുമെന്നും ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങൾക്ക് പിന്നാലെയാണ് കേരളവും ടൂറിസത്തിന് വ്യവസായ പദവി നൽകുന്നത്.
പുതിയ പദവിയിലൂടെ ടൂറിസം പദ്ധതികൾക്ക് ആവശ്യമായ അനുമതികൾ ഏകജാലക സംവിധാനത്തിലൂടെ വേഗത്തിൽ ലഭ്യമാകും. കൂടാതെ വൈദ്യുതി, വെള്ളം, നികുതി തുടങ്ങിയ മേഖലകളിൽ സബ്‌സിഡി ആനുകൂല്യങ്ങളും ലഭ്യമാകും. സംരംഭകർക്ക് ബാങ്ക് വായ്പകൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും ഇത് സഹായകരമാകും.
ടൂറിസം അടിസ്ഥാനസൗകര്യ വികസനത്തിനും ആഭ്യന്തര-വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും പുതിയ തീരുമാനം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. ഇതിന്റെ ഗുണഫലമായി പ്രാദേശിക വിപണികളും യാത്രാ സൗകര്യങ്ങളും മെച്ചപ്പെടുകയും കൂടുതൽ സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ.
തോട്ടം മേഖലയിൽ ടൂറിസം പദ്ധതികൾക്ക് കൂടുതൽ സാധ്യതകൾ സൃഷ്ടിക്കുന്നതിനായി നിയമഭേദഗതി കൊണ്ടുവരുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. നിലവിൽ ഉപയോഗിക്കപ്പെടാതെ കിടക്കുന്ന തോട്ടഭൂമികൾ ടൂറിസം ആവശ്യങ്ങൾക്ക് വിനിയോഗിക്കാൻ ഇത് സഹായിക്കും.
ടൂറിസം മേഖലയെ ഉത്തേജിപ്പിക്കുന്നതിനായി നിരവധി പ്രത്യേക പദ്ധതികളും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അർത്തുങ്കൽ ബസലിക്ക, അമ്പലപ്പുഴ ക്ഷേത്രം, കാക്കഴം പള്ളി, കൃഷ്ണപുരം കൊട്ടാരം, മാതാ അമൃതാനന്ദമയി മഠം, ഓച്ചിറ ക്ഷേത്രം എന്നിവയെ ബന്ധിപ്പിക്കുന്ന തീർത്ഥാടന ടൂറിസം സർക്യൂട്ട് നടപ്പിലാക്കും. വേമ്പനാട്ടുകായലിലെ പാതിരാമണൽ ദ്വീപിലേക്ക് മുഹമ്മയിൽ നിന്ന് റോപ്‌വേ പദ്ധതി യാഥാർഥ്യമാക്കും.
ആലപ്പുഴയിലെ ഹൗസ്ബോട്ട് മേഖലയിലെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി പുതിയ സംസ്കരണ പ്ലാന്റും സ്ഥാപിക്കും. ഫോർട്ട് കൊച്ചി, മൂന്നാർ, ആലപ്പുഴ, കോവളം തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷയും മേൽനോട്ടവും ഉറപ്പാക്കാൻ ‘ഗ്രീൻ മാർഷൽസ്’ സംവിധാനം നടപ്പിലാക്കും.
കൊച്ചി വിമാനത്താവളത്തിന് സമീപം അന്താരാഷ്ട്ര നിലവാരത്തിലുള്ള എക്സിബിഷൻ സെന്റർ സ്ഥാപിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പദ്ധതികൾ കേരള ടൂറിസത്തിന്റെ വളർച്ചയ്ക്ക് പുതിയ ഊർജം പകരുമെന്നും മേഖലയിൽ വലിയ സാമ്പത്തിക ചലനം സൃഷ്ടിക്കുമെന്നും വിദഗ്ധർ വിലയിരുത്തുന്നു.
English Summary:
Kerala has granted industry status to the tourism sector through the state budget, a long-pending demand of tourism stakeholders. The move will enable faster approvals through a single-window system, provide subsidies, improve access to bank loans, and attract more investments. The budget also announced new tourism projects, including pilgrimage circuits, a ropeway to Pathiramanal Island, waste management facilities for Alappuzha houseboats, Green Marshals at major tourist destinations, and an international exhibition center near Kochi airport.
-

