ചെന്നൈ: റെയിൽവേ സിഗ്നൽ ലൈറ്റ് ഷർട്ട് ഉപയോഗിച്ച് മറച്ചുവെച്ച് ട്രെയിൻ നിർത്തിച്ച ശേഷം യാത്രക്കാരിയുടെ മാല കവർന്ന സംഭവത്തിൽ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിലായി. വില്ലിവാക്കം സ്വദേശിയായ കുമരേശൻ (36) എന്നയാളെയാണ് താംബരം റെയിൽവേ പൊലീസ് പിടികൂടിയത്.
എഗ്‌മോറിൽ നിന്ന് തിരുനെൽവേലിയിലേക്ക് സർവീസ് നടത്തുന്ന നെല്ലൈ എക്സ്പ്രസിലാണ് സംഭവം. വ്യാഴാഴ്ച രാത്രി ട്രെയിൻ താംബരം പിന്നിട്ട് പേത്തേരിയും കട്ടാൻകുളത്തൂരും ഇടയിലുള്ള ഭാഗത്ത് എത്തിയപ്പോൾ ലോക്കോ പൈലറ്റിന് സിഗ്നൽ വ്യക്തമായി കാണാനായില്ല. തുടർന്ന് സുരക്ഷാ നടപടികളുടെ ഭാഗമായി ട്രെയിൻ നിർത്തുകയായിരുന്നു.
പരിശോധനയിൽ സിഗ്നൽ ലൈറ്റ് ഒരു ഷർട്ട് ഉപയോഗിച്ച് മറച്ച നിലയിൽ കണ്ടെത്തി. ഗാർഡ് അത് നീക്കം ചെയ്യുന്ന സമയത്താണ് കുമരേശൻ ട്രെയിനിൽ കയറിയത്. തുടർന്ന് റിസർവ്ഡ് കോച്ചിനുള്ളിൽ ശൗചാലയത്തിലേക്ക് പോകുകയായിരുന്ന തൂത്തുക്കുടി സ്വദേശിനിയുടെ 11 പവൻ മാല കവർന്നെടുക്കാൻ ശ്രമിച്ചു.
യുവതി ചെറുത്തുനിന്നതിനെ തുടർന്ന് മാലയുടെ ഒരു ഭാഗം മാത്രമാണ് ഇയാൾക്ക് കൈക്കലാക്കാൻ കഴിഞ്ഞത്. സംഭവശേഷം ഇയാൾ രക്ഷപ്പെട്ടെങ്കിലും റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിന്നീട് പിടികൂടി.
കുമരേശനെതിരെ കുറുക്കുപ്പേട്ട, റോയപുരം റെയിൽവേ പൊലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. ഗുണ്ടാ നിയമപ്രകാരം മുമ്പ് ജയിലിൽ കഴിഞ്ഞിട്ടുമുണ്ട്.
സിഗ്നൽ സംവിധാനത്തിൽ ഇടപെട്ടത് ഗുരുതരമായ സുരക്ഷാ വീഴ്ചയ്ക്കും വലിയ ട്രെയിൻ അപകടത്തിനും കാരണമാകുമായിരുന്നുവെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. യാത്രക്കാരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കുറ്റകൃത്യമാണിതെന്നും സംഭവത്തിൽ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
English Summary
A notorious thief named Kumaresan (36) was arrested in Chennai after allegedly covering a railway signal light with his shirt to force the Nellai Express to stop. Taking advantage of the halt, he boarded the train and attempted to snatch an 11-sovereign gold chain from a female passenger. The victim resisted, and he managed to escape with only a portion of the chain. Railway Police later tracked him down and arrested him. Authorities described the act as highly dangerous, warning that tampering with railway signals could have led to a major train accident.

