തിരുവനന്തപുരം: കേരളത്തിൽ വീര്യം കുറഞ്ഞ മദ്യങ്ങളുടെ (Low Alcoholic Beverages) വിൽപനയ്ക്ക് പുതിയ സാധ്യതകൾ തുറന്ന് സംസ്ഥാന ബജറ്റിൽ പ്രത്യേക നികുതി ഘടന പ്രഖ്യാപിച്ചു. 0.5 ശതമാനം മുതൽ 20 ശതമാനം വരെ ആൽക്കഹോൾ അംശമുള്ള പാനീയങ്ങളെയാണ് പുതിയ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ബജറ്റിൽ പ്രഖ്യാപിച്ച നികുതി നിരക്ക് പ്രകാരം 0.5 മുതൽ 10 ശതമാനം വരെ ആൽക്കഹോൾ ഉള്ള പാനീയങ്ങൾക്ക് 120 ശതമാനവും 10 മുതൽ 20 ശതമാനം വരെ ആൽക്കഹോൾ ഉള്ളവയ്ക്ക് 175 ശതമാനവും നികുതി ബാധകമാകും.
2022-23 അബ്കാരി നയത്തിൽ വീര്യം കുറഞ്ഞ മദ്യങ്ങളുടെ വിൽപനയ്ക്ക് അനുമതി നൽകിയിരുന്നെങ്കിലും പ്രത്യേക നികുതി നിരക്ക് നിശ്ചയിച്ചിരുന്നില്ല. ഇതോടെ ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് (IMFL) ബാധകമായ 251 ശതമാനം നികുതി തന്നെയാണ് ഈ ഉൽപ്പന്നങ്ങൾക്കും ബാധകമായിരുന്നത്. ഉയർന്ന നികുതി ഭാരമാണ് പല കമ്പനികളെയും കേരള വിപണിയിൽ നിന്ന് അകറ്റിനിർത്തിയതെന്നാണ് വിലയിരുത്തൽ.
പുതിയ നികുതി ഘടന നിലവിൽ വരുന്നതോടെ ആരോഗ്യബോധമുള്ള ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുതിയ ഉൽപ്പന്നങ്ങൾ കേരള വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. ഇതിലൂടെ സംസ്ഥാനത്തിന് അധിക വരുമാനവും ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.
അതേസമയം, കശുമാങ്ങ ഉൾപ്പെടെയുള്ള പഴങ്ങളിൽ നിന്ന് നിർമ്മിക്കുന്ന ഹോർട്ടി ലിക്കറുകൾക്കും പുതിയ സാധ്യതകൾ തെളിയുന്നുണ്ട്. 20 മുതൽ 30 ശതമാനം വരെ ആൽക്കഹോൾ അടങ്ങിയ ഹോർട്ടി ലിക്കറുകളുടെ ഉൽപ്പാദനത്തിനും വിൽപനയ്ക്കും ചട്ടഭേദഗതി നിലവിലുണ്ടെങ്കിലും നികുതി നിരക്ക് നിശ്ചയിക്കാത്തതിനാൽ ഇതുവരെ ഉൽപ്പാദനം ആരംഭിച്ചിട്ടില്ല.
എക്സൈസ് വകുപ്പിൽ സാങ്കേതിക നവീകരണങ്ങൾ നടപ്പാക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ലഹരിക്കടത്തും വ്യാജമദ്യ നിർമാണവും തടയുന്നതിനായി പ്രത്യേക രാസപരിശോധനാ ലാബ്, ചെക്‌പോസ്റ്റുകളിൽ എഐ ക്യാമറകൾ, ലഹരിവസ്തുക്കൾ തിരിച്ചറിയാനുള്ള പരിശോധനാ കിറ്റുകൾ എന്നിവ സ്ഥാപിക്കും.
കൂടാതെ, മാവേലിക്കര മേഖലയിലെ വിവിധ പഞ്ചായത്തുകൾ സംയോജിപ്പിച്ച് പുതിയ മാതൃകാ എക്സൈസ് റേഞ്ച് ഓഫീസ് സ്ഥാപിക്കുമെന്നും ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
English Summary:
Kerala has introduced a separate tax structure for low-alcohol beverages in the state budget, paving the way for a new market segment. Drinks containing 0.5% to 20% alcohol will now be taxed at lower rates than IMFL, encouraging manufacturers to enter the Kerala market. The budget also proposes excise department modernization measures, including AI cameras, testing kits, and a chemical analysis lab to curb illicit liquor and drug trafficking.

