കോഴിക്കോട്: ബിരിയാണി മസാല പാക്കിംഗിന്റെ മറവില്‍ കഞ്ചാവ് വില്പന നടത്തിയ പ്രതി പിടിയിൽ. പേരാമ്പ്ര എരവട്ടൂര്‍ കനാല്‍മുക്ക് സ്വദേശി കെ.കെ മുഹമ്മദ് ഷമീം(39) ആണ് പേരാമ്പ്ര പൊലീസിന്റെ പിടിയിലായത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് ഇയാളിൽ നിന്നും കഞ്ചാവ് പിടികൂടിയത്. ഇയാളില്‍ നിന്ന് 87.17 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ബിരിയാണി മസാല പാക്കിംഗിന്റെ മറവില്‍ കഞ്ചാവ് പാക്ക് ചെയ്തു വില്പന നടത്തുകയായിരുന്നു പ്രതി. തുടര്‍ന്ന് എരവട്ടൂരിലെ ഷമീം നടത്തിയിരുന്ന സ്ഥാപനത്തില്‍ കയറി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് പാക്കിംഗ് കണ്ടെത്തിയത്.
എസ്ഐ ഷമീര്‍, സനേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഇയാള്‍ എരവട്ടൂരും പേരാമ്പ്രയും കേന്ദ്രീകരിച്ച് യുവാക്കള്‍ക്കും സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും കഞ്ചാവ് വിതരണം നടത്തി വന്നിരുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. ഷമീമിനെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ് എടുത്തിട്ടുണ്ട്. ലഹരി വില്‍പനക്കാരെപ്പറ്റിയുള്ള വിവരങ്ങള്‍ ലഹരി വിരുദ്ധ സ്ക്വാഡുകള്‍ക്ക് കൈമാറണമെന്നും ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പേരാമ്പ്ര ഡിവൈ എസ്പി അറിയിച്ചു.

