‘ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ’ പരിഹസിച്ച് റോജി; ‘യുഡിഎഫ് ആയാല്‍ ആഹാ, ഇപ്പോ ഓഹോ’യെന്ന് മന്ത്രിയുടെ മറുപടി

0

തിരുവനന്തപുരം: മദ്യനയത്തില്‍ ബാര്‍ ഉടമകള്‍ ഇടപെടുന്നതായുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസില്‍ നിയമസഭയില്‍ ചൂടേറിയ ചര്‍ച്ച. അടിയന്തരപ്രമേയത്തിന് അനുമതി തേടി റോജി എം ജോണ്‍ നടത്തിയ പ്രസംഗത്തില്‍ ഉന്നയിച്ച കാര്യങ്ങള്‍ അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ് പറഞ്ഞു. മദ്യനയം ആവിഷ്‌കരിക്കുന്നത് എക്സൈസ് വകുപ്പാണ്. സ്റ്റേക്ഹോള്‍ഡേഴ്സുമായുള്ള ചര്‍ച്ചയുടെ ആദ്യഘട്ടം നടക്കാനിരിക്കുന്നതേയുള്ളൂവെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.(Roji sneered,’Don’t pay attention to this,Ampan’; The minister’s reply was,’If UDF is aha,now ooh’,)

മദ്യനയം മാറ്റാന്‍ ബാര്‍ ഉടമകള്‍ പണം പിരിച്ച് നല്‍കണമെന്ന് ബാര്‍ അസോസിയേഷന്‍ നേതാവിന്റെ ശബ്ദരേഖ പുറത്തുവന്നതാണ് പ്രതിപക്ഷം അടിയന്തര പ്രമേയമായി അവതരിപ്പിച്ചത്. അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. പ്ലക്കാര്‍ഡുകളും ഉയര്‍ത്തി. പിന്നീട് പ്രതിപക്ഷം സഭ വിട്ടിറങ്ങി. നിയമസഭാ ഇന്നത്തേയ്ക്കു പിരിഞ്ഞു.

ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നതു പോലൊരു ശബ്ദരേഖയുടെ അടിസ്ഥാനത്തിലാണ് മുന്‍പ് കെഎം മാണിക്കെതിരെ ബാര്‍ കോഴ ആരോപണം എല്‍ഡിഎഫ് ഉന്നയിച്ചതെന്നു റോജി എം ജോണ്‍ പറഞ്ഞു. ബാര്‍ അസോസിയേഷന്‍ നേതാവിന്റെ ശബ്ദരേഖയുടെ പിന്നിലുള്ള കാര്യങ്ങള്‍ ഏതാണെന്ന് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ശബ്ദ രേഖ പുറത്തുവന്നത് മാത്രമാണ് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. കോഴ ആവശ്യപ്പെട്ടിട്ടുണ്ടോ എന്നോ, ആരാണ് ആവശ്യപ്പെട്ടതെന്നോ അന്വേഷിക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടില്ല. പിഎ മുഹമ്മദ് റിയാസിന്റെ ടൂറിസം വകുപ്പ് എക്‌സൈസ് വിഭാഗത്തില്‍ കൈകടത്തുകയാണ്. എക്‌സൈസ് വകുപ്പ് ഇവരില്‍ ആരുടെ കയ്യിലാണെന്നു ജനങ്ങള്‍ക്ക് സംശയമുണ്ട്. ഇതുവരെ തയാറാകാത്ത മദ്യനയത്തെ സംബന്ധിച്ച്, ‘ജനിക്കാത്ത കുട്ടിയുടെ ജാതകം’ എഴുതിയെന്നാണ് എക്‌സൈസ് മന്ത്രി പറയുന്നത്. കുട്ടി ജനിച്ചിട്ടുമുണ്ട്, ജാതകം എഴുതിയിട്ടുമുണ്ട്. കുട്ടിയുടെ അച്ഛനാരെന്നു മാത്രം അന്വേഷിച്ചാല്‍ മതി. ‘ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേയെന്നും’ റോജി പരിഹസിച്ചു.മുന്‍ യുഡിഎഫ് സര്‍ക്കാര്‍ പഠനറിപ്പോര്‍ട്ട് അവതരിപ്പിച്ചായിരുന്നു എം.ബി. രാജേഷിന്റെ മറുപടി. ടൂറിസം വകുപ്പും മദ്യവ്യവസായവും തമ്മില്‍ ഏത് കാലത്താണ് ബന്ധമില്ലാത്തത്? നിങ്ങളുടെ സര്‍ക്കാരിന്റെ കാലത്ത് ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തിയാല്‍ ‘ആഹാ, ഇപ്പൊ ഓഹോ’. പ്രമേയാവതാരകന്റെ അത്യന്തം അധിക്ഷേപകരവും ധാര്‍ഷ്ട്യവും പുച്ഛവും നിന്ദയും നിറഞ്ഞ പ്രസംഗം ക്ഷമയോടെയാണ് താന്‍ കേട്ടിരുന്നത്. വസ്തുതപുറത്തുവരുമ്പോഴാണ് അസഹിഷ്ണുതയുണ്ടാവുന്നതെന്നും പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് നിരന്തരം പ്രകോപനമുണ്ടായപ്പോള്‍ മന്ത്രി പറഞ്ഞു.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍നല്‍കുന്ന, വരുമാനമുണ്ടാക്കുന്ന, കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ മേഖലയെ തകര്‍ത്ത് തരിപ്പണമാക്കിയ മദ്യനയം യുഡിഎഫ് സര്‍ക്കാരിന്റേതാണ്. ടൂറിസം വകുപ്പാണോ എക്സൈസ് പോളിസി ഉണ്ടാക്കുന്നതെന്ന ചോദ്യം മുന്‍കാല പ്രാബല്യത്തോടെ ചോദിക്കേണ്ടിവരും. ഈ സര്‍ക്കാര്‍ ഡ്രൈഡേ പിന്‍വലിച്ചിട്ടില്ല, അതിനെക്കുറിച്ച് പ്രാഥമിക ആലോചനപോലും നടത്തിയിട്ടില്ലെന്നും എംബി രാജേഷ് പറഞ്ഞു.

ടൂറിസം സെക്രട്ടറിയുടെ ആ റിപ്പോര്‍ട്ട് പ്രതിപക്ഷം വായിച്ച് പഠിക്കണം. എല്ലാ ഞായറാഴ്ചയും യുഡിഎഫ് ഭരണത്തില്‍ ഡ്രൈ ഡേ ഏര്‍പ്പെടുത്തി. ഡ്രൈ ഡേ വര്‍ഷത്തില്‍ 52 ആയി. അതു പിന്‍വലിക്കുന്നതിന് പുതിയ മദ്യനയം കൊണ്ടുവന്നു. ഇതിനായി എത്ര പണം വാങ്ങി എന്നു താന്‍ ചോദിക്കുന്നില്ല. പ്രതിപക്ഷ ആരോപണം തിരിച്ചു കുത്തും. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ ഒക്ടോബര്‍ രണ്ടിനു മാത്രമാണ് ഡ്രൈ ഡേയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here