ഒ ആര്‍ കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

0

തിരുവനന്തപുരം: പട്ടികജാതി പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയായി സിപിഎം നേതാവ് ഒ ആര്‍ കേളു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ വൈകീട്ട് നാലു മണിക്ക് നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവം സത്യപ്രതിജ്ഞ ചെയ്താണ് കേളു അധികാരമേറ്റത്. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മറ്റു മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങിന് സാക്ഷിയാകാന്‍ കുടുംബാംഗങ്ങളും എത്തിയിരുന്നു.(OR Kelu took oath as minister,)

കെ രാധാകൃഷ്ണന്‍ രാജിവെച്ച ഒഴിവിലാണ് കേളു മന്ത്രിയായത്. വയനാട്ടിലെ മാനന്തവാടിയില്‍ നിന്നുള്ള എംഎല്‍എയാണ് കേളു. വയനാട്ടില്‍ നിന്നുള്ള ആദ്യ സിപിഎം മന്ത്രിയാണ്. ആദിവാസി വിഭാഗത്തില്‍ നിന്നും ആദ്യമായി മന്ത്രിയാകുന്ന സിപിഎം നേതാവുമാണ് കേളു. 10 വര്‍ഷം തുടര്‍ച്ചയായി പഞ്ചായത്ത് പ്രസിഡന്റായിരുന്നതിന്റെ ഭരണപരിചയവുമായിട്ടാണ് കേളു മന്ത്രിപദവിയിലേക്കെത്തിയത്.കെ രാധാകൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്ന എല്ലാ വകുപ്പുകളും കേളുവിന് നല്‍കിയിട്ടില്ല. പട്ടികജാതി- പട്ടിക വര്‍ഗ ക്ഷേമം മാത്രമാണ് നല്‍കിയിട്ടുള്ളത്. ദേവസ്വം വകുപ്പ് വി എന്‍ വാസവനും പാര്‍ലമെന്ററി കാര്യം എംബി രാജേഷിനും നല്‍കാനാണ് സിപിഎം തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here