പക്ഷിപ്പനി: സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കും; നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

0

തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങളും സാങ്കേതിക മാർഗങ്ങളും പുറത്തിറക്കി. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ആണ് ഇക്കാര്യമറിയിച്ചത്. മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സ്റ്റേറ്റ് റാപ്പിഡ് റെസ്പോൺസ് ടീമിന്റെ തീരുമാന പ്രകാരമാണ് മാർഗ നിർദേശങ്ങൾ പുറത്തിറക്കിയത്. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.(Bird flu: Monitoring will be intensified in the state; Health Department with instructions,)

സംസ്ഥാനത്ത് പനി നിരീക്ഷണം ശക്തിപ്പെടുത്തും. ശക്തമായ ശരീര വേദന, പനി, ചുമ, ശ്വാസംമുട്ട് എന്നീ രോഗലക്ഷണങ്ങളോടെയെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കും. പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പരിശീലനം സിദ്ധിച്ച വൺ ഹെൽത്ത് കമ്മ്യൂണിറ്റി വോളന്റിയർമാരുടെ നേതൃത്വത്തിൽ സാമൂഹിക അവബോധം സൃഷ്ടിക്കുകയും പ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

കാക്കകളിലും മറ്റ് പക്ഷികളിലുമുണ്ടാകുന്ന അസ്വാഭാവിക മരണങ്ങൾ മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കേണ്ടതാണ്. മറ്റ് രാജ്യങ്ങളിൽ സസ്തനികളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കേരളത്തിൽ ഇതുവരെ അത്തരം കേസ് റിപ്പോർട്ട് ചെയ്തിട്ടില്ല. അതിനാൽ സസ്തനികളിലും പെട്ടെന്നുള്ള മരണമുണ്ടായാൽ ബന്ധപ്പെട്ടവരെ വിവരം അറിയിക്കേണ്ടതാണ്. ചത്ത പക്ഷികളെയോ രോഗം ബാധിച്ചവയെയോ കൈകാര്യം ചെയ്യരുത്.നന്നായി പാചകം ചെയ്ത മാംസവും മുട്ടയും മാത്രം ഉപയോഗിക്കുക. രോഗബാധിത പ്രദേശങ്ങളിലുള്ളവരിലെ പനിയും മറ്റ് രോഗലക്ഷണങ്ങളും ആരോഗ്യ വകുപ്പ് പ്രത്യേകം നിരീക്ഷണം നടത്തി വരുന്നു. ഈ പ്രദേശങ്ങളിലുള്ളവർക്ക് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായാൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here