മന്ത്രിയും സര്‍ക്കാരും സിപിഎമ്മും വീണിടത്തു കിടന്ന് ഉരുളുകയാണ്; എംബി രാജേഷിനെ മാറ്റി നിര്‍ത്തി ജൂഡീഷ്യൽ അന്വേഷണം നടത്തണം, ആവശ്യവുമായി രമേശ് ചെന്നിത്തല

0

തിരുവനന്തപുരം: ബാർ കോഴ വിവാദത്തിൽ എക്സൈസ് മന്ത്രി എം ബി രാജേഷിനെ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തി സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് ജൂഡീഷ്യൽ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രിയും സര്‍ക്കാരും സി പി എമ്മും ഇപ്പോള്‍ വീണിടത്തു കിടന്നു ഉരുളുകയാണെന്നും അദ്ദേഹം പറഞ്ഞു.

മദ്യനയം മാറ്റുന്നതിന് പിന്നിലെ വ്യക്തമായ അഴിമതിയാണ് പുറത്തു വന്നിരിക്കുന്നത്. സര്‍ക്കാര്‍ ഇത് വരെ മദ്യനയത്തില്‍ മാറ്റം വരുത്തുന്നതിനുള്ള ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ലെന്ന് മന്ത്രി പറയുന്നത് രക്ഷപ്പെടാനുള്ള തന്ത്രം മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.

ഒന്നാം തീയതികളിലെ ഡ്രൈടേ പിന്‍വലിക്കുന്നതുള്‍പ്പടെയുള്ള മാറ്റങ്ങളെക്കുറിച്ച് മാധ്യമങ്ങളിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി വാര്‍ത്ത വന്നിട്ടും സര്‍ക്കാരോ മന്ത്രിയോ നിഷേധിച്ചിട്ടില്ല. ഒന്നാം തീയതിയിലെ മദ്യവില്പന പുനരാരംഭിക്കുന്ന കാര്യത്തില്‍ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ ഉന്നതാധികാര സമിതി അനുകൂല തീരുമാനമടുത്തതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നിട്ടാണ് ഇപ്പോള്‍ ചര്‍ച്ചയിലേക്ക് കടന്നിട്ടില്ലെന്ന് മന്ത്രി പറയുന്നത്. യഥാര്‍ത്ഥത്തില്‍ അതാത് സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പാണ് മദ്യനയത്തില്‍ തീരുമാനമുണ്ടാകാറുള്ളത്. ഇവിടെ ഇത്രയും നീണ്ടു പോയതു ബാറുടമകളില്‍ നിന്നുള്ള കോഴ കിട്ടാന്‍ വൈകിയതു കൊണ്ടാണെന്ന് സംശയിക്കണം. ബാറുടമാ നേതാവിന്റെ ശബ്ദസന്ദേശം ഈ സംശയം ബലപ്പെടുത്തുന്നുമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

യുഡി.എഫ് സര്‍ക്കാര്‍ അടച്ചു പൂട്ടിയ ബാറുകളെല്ലാം തുറന്നു എന്ന് മാത്രമല്ല യഥേഷ്ടം പുതിയ ബാറുകള്‍ അനുവദിക്കുകയും ചെയ്ത് വഴി കേരളത്തിൽ യഥേഷ്ടം മദ്യലഭ്യത വർദ്ധിപ്പിക്കാനുള്ള ശ്രമമാണ് ഇവിടെ സർക്കാർ നടത്തിയിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല ചൂണ്ടികാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here