മിതമായ ചൂടും ഈർപ്പമുള്ള കാലാവസ്ഥയും കുരുമുളക് കൃഷിക്ക് അനുയോജ്യം; തൈകൾ നടുമ്പോൾ ഇവ ശ്രദ്ധിക്കുക

0

കറുത്ത പൊന്നെന്ന് വിളിക്കുന്ന കുരുമുളക് നന്നായി വിളവ് ലഭിച്ചാൽ പൊന്നും വില ലഭിക്കുമെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട. നന്നായി വിളവ് ലഭിക്കാൻ കുരുമുളക് തൈ നടുന്ന കാലം മുതൽ ചെയ്യേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. സമുദ്രനിരപ്പിൽനിന്ന് 1200 മീറ്റർ താഴെയുള്ള പ്രദേശങ്ങളും മിതമായ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയുമാണ് കുരുമുളകുകൃഷിക്ക് അനുയോജ്യം.

ഏത് തരം മണ്ണ് വേണം?

നല്ല നീർവാർച്ചയും വായുസഞ്ചാരവും ജൈവാംശവുമുള്ള മണ്ണാണ് അഭികാമ്യം. ചെടിയുടെ കൃത്യമായ വളർച്ചയ്ക്ക് മണ്ണിന്റെ പിഎച്ച് 4.5 മുതൽ 6.5 വരെ ആയിരിക്കണം. വെള്ളം കെട്ടിനിൽക്കാൻ സാധ്യതയില്ലാത്ത, ചെറിയ ചെരിവുള്ള പ്രദേശങ്ങൾ കൃഷിക്കായി തിരഞ്ഞെടുക്കാം. വേനൽക്കാലത്തെ കഠിനമായ വെയിൽ ചെടികളിൽ നേരിട്ടു പതിക്കാതിരിക്കാനായി നടുമ്പോൾ തെക്കു പടിഞ്ഞാറൻ ചെരിവുകൾ ഒഴിവാക്കണം. തെക്കൻ വെയിൽ നേരിട്ട് ഏൽക്കാതിരിക്കാൻ ചെറിയ കൊടികൾ ആദ്യത്തെ 1–2 വർഷം തെങ്ങോല, കമുകിൻപാള എന്നിവകൊണ്ടു പൊതിഞ്ഞു കെട്ടുന്നതു കൊള്ളാം.

നല്ല ഇനങ്ങൾ ഏതൊക്കെ?

അത്യൽപാദനശേഷിയുള്ളവ: പന്നിയൂർ 1 മുതൽ 10 വരെ, വിജയ്, ശ്രീകര, ശുഭകര, പഞ്ചമി, പൗർണമി, ഐഐഎസ്ആർ ശക്തി, ഐഐഎസ്ആർ തേവം, ഐഐഎസ്ആർ ഗിരിമുണ്ട, ഐഐഎസ്ആർ മലബാർ എക്സൽ, പിഎൽഡി–2, അർക്ക കുർഗ് എക്സൽ.

പ്രചാരത്തിലുള്ള മറ്റിനങ്ങൾ: ബാലൻകൊട്ട, കരിമുണ്ട, നാരായക്കൊടി, അയിമ്പിരിയൻ, നീലമുണ്ടി, അരയമുണ്ട, കുതിരവാലി,കല്ലുവള്ളി, തെക്കൻ, വടക്കൻ, കുമ്പുക്കൽ, പുഞ്ഞാറമുണ്ട.

താങ്ങുകാലുകൾ തിരഞ്ഞെടുക്കുമ്പോൾ

കരയം, മട്ടി, ശീമക്കൊന്ന, ബങ്കൺ, കിളിഞ്ഞൽ, പ്ലാവ്, തെങ്ങ്, കമുക്, മറ്റു ഫലവൃക്ഷങ്ങൾ, സിൽവർ ഓക്ക് (വയനാട് ഭാഗങ്ങളിൽ) താങ്ങുകാലുകൾക്ക് വേണ്ട

താങ്ങുകാലുകളുടെ ഗുണങ്ങൾ

കുരുമുളകിന്റെ പറ്റുവേരുകൾ ഒട്ടിപ്പിടിക്കുന്നതിനായി പരുപരുത്ത പുറംതൊലിയുള്ള മരം ആയിരിക്കണം. വേഗത്തിൽ വളർന്ന് ഉയരം വയ്ക്കണം. ഇടയ്ക്കിടെ കമ്പു മുറിക്കുന്നതുകൊണ്ട് ദോഷം പറ്റാത്തവയായിരിക്കണം. രോഗ-കീട പ്രതിരോധശേഷിയുള്ളതും പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ കഴിവുള്ളതും, തായ്‌വേരു പടലം ഉള്ളതുമായ താങ്ങുകാലുകളാണു നല്ലത്.താങ്ങുകാലുകളുടെ ഉയരം ക്രമീകരിക്കുന്നത് വിളവെടുപ്പിനു സഹായകമാകും.

താങ്ങുകാലുകളുടെ നടീൽ

താങ്ങുകാലുകൾക്കായുള്ള കൊമ്പുകൾ കുംഭമാസത്തിൽ മുറിച്ചെടുത്ത് തണലിൽ മുളയ്ക്കാൻ വയ്ക്കണം. 20–25 സെ.മീ. വണ്ണമുള്ള കാലുകൾ മുറിച്ചെടുത്ത് 10–15 ദിവസം തണലത്തു കിടത്തിവച്ച് അതിനുശേഷം നടാറാകുന്നതുവരെ വെയിൽ തട്ടാതെ ചാരിവയ്ക്കണം. ഏപ്രിൽ–മേയ് മാസങ്ങളിലെ ആദ്യ മഴയ്ക്ക് താങ്ങുകാലുകൾ നടാം.

വള്ളിത്തല നടീൽ

നിരപ്പായ സ്ഥലത്ത് വരികൾ തമ്മിലും ചെടികൾ തമ്മിലും 3 മീറ്റർ അകലവും ചെരിവുള്ള സ്ഥലത്ത് ചെരിവിനു കുറുകെ ചെടികൾ തമ്മിൽ 2 മീറ്ററും വരികൾ തമ്മിൽ 4 മീറ്ററും അകലം നൽകിയാണ് കൊടിത്തൈ നടേണ്ടത്. പുതുമഴ കിട്ടുമ്പോൾ താങ്ങുകാലുകളുടെ വടക്കു ഭാഗത്ത് തൈകൾ നടാനായി കുഴികൾ തയാറാക്കണം. അര മീറ്റർ സമചതുരത്തിലും ആഴത്തിലും കുഴികളെടുത്ത് മേൽമണ്ണും 5 കിലോ ഉണക്കിപ്പൊടിച്ച കാലിവളം അല്ലെങ്കിൽ കംപോസ്റ്റും ചേർത്തു നിറയ്ക്കണം. കുഴി തയാറാക്കി രണ്ടാഴ്ച കഴിഞ്ഞാൽ കൊടി നടാവുന്നതാണ്. വള്ളിത്തല നടുന്ന സമയത്ത് കുഴികളിൽ ട്രൈക്കോഡെർമ മണ്ണിരക്കംപോസ്റ്റിലോ ചാണകപ്പൊടിയിലോ ചേർത്തു കൊടുക്കുന്നത് ദ്രുതവാട്ടത്തെ ചെറുക്കും. കാലവർഷാരംഭത്തോടെ, ജൂൺ–ജൂലൈ മാസങ്ങളിൽ ഒരു കുഴിയിൽ വേരുപിടിപ്പിച്ച രണ്ടു തൈകൾ വീതം നടാം. അല്ലെങ്കിൽ മൂന്നോ നാലോ മുട്ടുകൾ നീളത്തിൽ നാലു ചെന്തലകൾ, രണ്ടു മുട്ടുകൾ മണ്ണിനടിയിലായി വരുംവിധം കാലിൽ നിന്നു 30 സെ.മീ. അകലത്തിൽ നടാം.

തെങ്ങിലും കമുകിലും കുരുമുളകു പടർത്തുമ്പോൾ വേരുപടലത്തിന്റെ ആധിക്യം കുറഞ്ഞ ഭാഗ ത്താവണം കുരുമുളകു നടാനുള്ള കുഴികൾ എടുക്കേണ്ടത്. തെങ്ങിന്റെ ചുവട്ടിൽനിന്നും ഒന്നര മീറ്ററും കമുകിന്റെ ചുവട്ടിൽനിന്ന് ഒരു മീറ്ററും അകലം വിട്ട് കുഴി എടുക്കാം. വള്ളികൾ നട്ട കുഴിയിൽ വെള്ളം കെട്ടി നിൽക്കാതെ ശ്രദ്ധിക്കണം.
ദ്രുതവാട്ടം വന്നു നശിച്ച തോട്ടങ്ങളിൽ പുതുതായി നടേണ്ട കുഴികൾ കരിയില ഇട്ട് നന്നായി കത്തിക്കണം. കൂടാതെ, 1% വീര്യമുള്ള ബോർഡോ മിശ്രിതം കുഴികളിൽ ഒഴിച്ച് മണ്ണിലെ കുമിളിനെ നശിപ്പിക്കണം. കുരുമുളകുതൈകൾ വളർന്നു തുടങ്ങുമ്പോൾത്തന്നെ കാലുകളോടു ചേർത്തു കെട്ടിക്കൊടുക്കണം. വള്ളിത്തല കെട്ടൽ ഇടയ്ക്കിടെ ചെയ്യേണ്ടതാണ്. വേനൽക്കാല സംരക്ഷണമായി തൈകൾ ഓലകൊണ്ട് പൊതിഞ്ഞു കെട്ടാം.

പരിപാലനം

വർഷത്തിൽ 2 പ്രാവശ്യം (കാലവർഷാരംഭത്തിലും തുലാവർഷാരംഭത്തോടെയും) തോട്ടം മുഴുവനോ അല്ലെങ്കിൽ കൊടിച്ചുവട്ടിൽനിന്ന് ഒരു മീറ്റർ അകലത്തിലോ കൊത്തിയിളക്കിയിടണം. കളയും നീക്കാം. ദ്രുതവാട്ടരോഗം കാണുന്ന തോട്ടങ്ങളിൽ കൊത്തിയിളക്കാൻ പാടില്ല. പകരം കളകൾ വെട്ടി നശിപ്പിക്കാം. വേനൽക്കാലത്ത് തടത്തിൽ കരിയിലകളും അടയ്ക്കാത്തൊണ്ടും മറ്റുപയോഗിച്ചു പുതയിടാം. കൊടി നട്ട് ഒരു വർ‌ഷം പ്രായമാകുമ്പോൾ തണ്ടിനു കേടുവരാതെ കാലിൽനിന്നു സാവധാനത്തിൽ അടർത്തിയെടുക്കുക. തണ്ടിന്റെ അഗ്രഭാഗത്ത് 4–5 ഇലകൾ മാത്രം നിർത്തി ബാക്കിയുള്ളവ നുള്ളിക്കളയുക. കാലിന്റെ ചുറ്റുമായി ചുവട്ടിൽനിന്ന് ഏകദേശം 25 സെ.മീ. ആഴത്തിലും 10 സെ.മീ. വീതിയിലും ഒരു ചാൽ കീറി തണ്ടിന്റെ അഗ്രഭാഗം മണ്ണിന്റെ മുകളിലായി ചാലിൽ പതിച്ചുവച്ച് മണ്ണിട്ടു മൂടണം. മണ്ണിനു മുകളിലുള്ള ഭാഗം കാലിനോടു ചേർത്തു കെട്ടിക്കൊടുക്കണം. ചാലിൽ ട്രൈക്കോഡെർമ മിശ്രിതമോ സ്യൂഡോമോണസോ ചേർത്ത് മണ്ണിട്ടു മൂടാം. ഇങ്ങനെ ഇറക്കി പതിച്ച കൊടികളിൽ ചുവട്ടിൽനിന്നു തന്നെ ഒട്ടേറെ പാർശ്വശാഖകൾ ഉണ്ടാകും.

തണൽ നിയന്ത്രണം

വർഷകാലത്ത് താങ്ങുകാലുകളുടെ കമ്പുകൾ ഇടയ്ക്കിടെ മുറിച്ചു മാറ്റി കൊടികൾക്ക് നല്ല സൂര്യപ്രകാശം ലഭ്യമാക്കണം. തണൽ നിയന്ത്രിക്കുന്നതോടൊപ്പം താങ്ങുകാലുകളുടെ ഉയരം 6 മീറ്ററായി പരിമിതപ്പെടുത്തുകയും വേണം.

ഇടവിളകൾ

ചേന, ചേമ്പ്, മഞ്ഞൾ, ഇഞ്ചി തുടങ്ങിയവ ഇടവിളയായി കൃഷി ചെയ്യാം. നടീലിനു ശേഷം ആദ്യ വർഷങ്ങളിൽ വാഴയും ഇടവിളയാക്കാമെങ്കിലും 4–5 വർഷം പ്രായമായ കുരുമുളകു തോട്ടങ്ങളിൽ വാഴ നടുന്നത് വിളവു കുറയ്ക്കാൻ ഇടയാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here