‘പല തവണ ബലാത്സംഗം ചെയ്തു, തള്ളിയിട്ടു കൊലപ്പെടുത്താന്‍ ശ്രമിച്ചു’; എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കുറ്റപത്രം

0

തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരായ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് നെയ്യാറ്റിന്‍കര കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബലാത്സംഗം, വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. എല്‍ദോസിന്റെ രണ്ടു സുഹൃത്തുക്കളും കേസില്‍ പ്രതികളാണ്.

യുവതിയെ ഒന്നിലേറെ തവണ എല്‍ദോസ് കുന്നപ്പിള്ളി ബലാത്സംഗം ചെയ്തുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കോവളത്തുവെച്ച് യുവതിയെ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചതായും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. എല്‍ദോസ് കുന്നപ്പിള്ളി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് യുവതി കോവളം പൊലീസില്‍ നല്‍കിയ പരാതി.ഇതിന്റെ അടിസ്ഥാനത്തില്‍ ലോക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ച കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. അടിമലത്തുറയിലെ ലോഡ്ജില്‍ വെച്ചാണ് യുവതിയെ ആദ്യം പീഡിപ്പിക്കുന്നത്. പിന്നീട് കുന്നത്തുനാട്ടിലും, ഈ യുവതി താമസിക്കുന്ന വീട്ടില്‍ വെച്ചും പല തവണ പീഡിപ്പിച്ചിരുന്നതായിട്ടാണ് കുറ്റപത്രത്തില്‍ പറയുന്നത്.

യുവതിയെ ഭീഷണിപ്പെടുത്താന്‍ കൂടെ നിന്നതിനാണ് സുഹൃത്തുക്കളെ പ്രതി ചേര്‍ത്തിട്ടുള്ളത്. കോവളം ഗസ്റ്റ് ഹൗസില്‍ നിന്നും മടങ്ങുന്ന വഴി കൊക്കയിലേക്ക് തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചതായും യുവതി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ വധശ്രമക്കുറ്റം കൂടി ചുമത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here