ബിഎസ്‌സി നഴ്സിംഗ് പ്രവേശനം; സംസ്ഥാനത്ത് നഴ്സിംഗ് കോളേജുകളിൽ പരിശോധനയ്‌ക്കൊരുങ്ങി നഴ്സിംഗ് കൗൺസിൽ

0

തിരുവനന്തപുരം: സംസ്ഥാനത്ത് നഴ്സിംഗ് കോളേജുകളിൽ പരിശോധന നടത്താനൊരുങ്ങി നഴ്സിംഗ് കൗൺസിൽ. ഇക്കൊല്ലം പരിശോധനയില്ലെന്നും ഉപാധികളോടെ അഫിലിയേഷൻ നൽകുമെന്നുമായിരുന്നു കഴിഞ്ഞദിവസം ആരോഗ്യമന്ത്രി വീണാജോർജ് അറിയിച്ചത്. എന്നാൽ, പരിശോധനയുടെ ക്രമീകരണം അറിയിക്കാൻ സംസ്ഥാന നഴ്‌സിങ് കൗൺസിലിനോട് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. അടിയന്തര കൗൺസിൽചേർന്ന് തീരുമാനം അറിയിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതോടെ നഴ്‌സിങ് കോളേജുകളിൽ നിർത്തിവെച്ചിരുന്ന പരിശോധന പുനരാരംഭിക്കാനുള്ള നീക്കത്തിലാണ് നഴ്‌സിങ് കൗൺസിൽ. അടുത്തമാസം ചേരുന്ന യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമുണ്ടായേക്കും.


ആരോഗ്യമന്ത്രി അറിയിച്ചതിന് വിരുദ്ധമായാണ് ഇപ്പോൾ ആരോഗ്യവകുപ്പ്,കൗൺസിലിനോട് പരിശോധനാ ക്രമീകരണം അറിയിക്കാൻ ആവശ്യപ്പെട്ടതെന്ന് മാനേജ്‌മെന്റുകൾ ചൂണ്ടിക്കാട്ടുന്നു. കൗൺസിൽ അംഗങ്ങൾ കോളേജുകളിൽ നേരിട്ട് പരിശോധന നടത്തേണ്ടെന്നായിരുന്നു നേരത്തേ മന്ത്രി സ്വീകരിച്ചിരുന്ന നിലപാട്. ഇതേത്തുടർന്ന് പരിശോധന കൗൺസിൽ നിർത്തിവെച്ചിരിക്കുകയായിരുന്നു.

നേരത്തേ നഴ്‌സിങ് കോളേജുകളിലെ അധ്യാപകരായിരുന്നു പരിശോധന നടത്തിയിരുന്നത്. പോരായ്മകൾ റിപ്പോർട്ടുചെയ്യാതെ പരസ്പരം പല വിട്ടുവീഴ്ചകളും ചെയ്യുന്നുവെന്ന് ആരോപണം ഉയർന്നതോടെയാണ് കൗൺസിൽ നേരിട്ട് പരിശോധനയ്ക്കിറങ്ങിയത്.അടുത്തിടെ ചില മാനേജ്‌മെന്റുകൾ ഇതിൽ ഏതിർപ്പ് അറിയിച്ച് സർക്കാരിനെ സമീപിച്ചതോടെയാണ് മന്ത്രി കൗൺസിലിനെതിരേ തിരിഞ്ഞത്.

ബി.എസ്‌സി. നഴ്‌സിങ് പ്രവേശനത്തിന്റെ ആദ്യഘട്ടത്തിൽ സീറ്റുവർധനയുണ്ടാകില്ല.കഴിഞ്ഞവർഷത്തെ അത്രയും സീറ്റുകളിൽ ഉപാധികളോടെ പ്രവേശനത്തിനുള്ള പ്രോസ്പെക്ടസിന് അംഗീകാരം നൽകുമെന്ന് വെള്ളിയാഴ്ച ചേർന്ന കൗൺസിൽ യോഗം തീരുമാനിച്ചിട്ടുണ്ട്.പ്രവേശന മേൽനോട്ടസമിതിക്ക് ഇതിനായി നിർദേശം നൽകണമെന്നും കൗൺസിൽ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും കോളേജുകൾക്ക് പിന്നീട് സീറ്റ് വർധിപ്പിച്ചു നൽകിയാൽ പ്രവേശനത്തിന്റെ അന്തിമഘട്ടത്തിൽ മാത്രമേ അവ അലോട്‌മെന്റിന് പരിഗണിക്കാനിടയുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here