വര്‍ണ-വാദ്യമേളങ്ങള്‍ നെഞ്ചിലേറ്റാന്‍ നാട് ഒരുങ്ങി; തൃശൂര്‍ പൂരം കൊടിയേറി, 19 വരെ തിരക്കിന്റെ നാളുകള്‍

0

തൃശൂര്‍: ലോകത്തെ വിസ്മയിപ്പിക്കുന്ന വര്‍ണ-വാദ്യമേളത്തിന് അരങ്ങുണര്‍ത്തി തൃശൂര്‍ പൂരത്തിന് കൊടിയേറ്റം. തൃശൂരിന് ഇനി പൂരദിനങ്ങള്‍. പ്രധാന പങ്കാളികളായ തിരുവമ്പാടി-പാറമേക്കാവ് ക്ഷേത്രങ്ങളിലും 8 ഘടക ക്ഷേത്രങ്ങളിലും പൂരത്തിനു കൊടിയേറി. 19നാണ് തൃശൂര്‍ പൂരം.

തിരുവമ്പാടി ക്ഷേത്രത്തില്‍ പകല്‍ 11.25നായിരുന്നു കൊടിയേറ്റം. പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കല്‍ സുന്ദരന്‍, സുഷിത് എന്നിവര്‍ കൊടിമരം ഒരുക്കി. പൂജിച്ച കൊടിക്കൂറ മേല്‍ശാന്തി ദേശക്കാര്‍ക്ക് കൈമാറിയതോടെ ആര്‍പ്പുവിളികളുമായി പൂരച്ചടങ്ങുകള്‍ക്ക് തുടക്കമിട്ടു. കൊടിക്കൂറ കൊടിമരത്തില്‍ കെട്ടിയശേഷം ദേശക്കാര്‍ കൊടിമരം ഉയര്‍ത്തി.

പകല്‍ മൂന്നിന് കൊമ്പന്‍ തിരുവമ്പാടി ചന്ദ്രശേഖരന്റെ ശിരസ്സില്‍ തിടമ്പേറ്റി ഭഗവതി എഴുന്നള്ളി. നായ്ക്കനാലിലും നടുവിലാലിലും പൂരപതാകകള്‍ ഉയര്‍ത്തി. തുടര്‍ന്ന് പടിഞ്ഞാറേ ചിറയിലെത്തി ഇറക്കിപ്പൂജ കഴിഞ്ഞ് ആറാട്ട് നടത്തി മടങ്ങി.

പാറമേക്കാവില്‍ പകല്‍ 12.05നാണ് കൊടിയേറിയത്. പാരമ്പര്യ അവകാശികളായ ചെമ്പില്‍ കുട്ടനാശാരി കൊടിമരം ഒരുക്കി. വലിയപാണി കൊട്ടി ഭഗവതി എഴുന്നള്ളിയശേഷം തട്ടകക്കാര്‍ ക്ഷേത്രത്തില്‍ കൊടിമരം ഉയര്‍ത്തി. തുടര്‍ന്ന് ക്ഷേത്ര സമുച്ചയത്തിലെ പാലമരത്തിലും മണികണ്ഠനാലിലും സിംഹമുദ്രയുള്ള കൊടി നാട്ടി. പാറമേക്കാവില്‍ കൊടിയേറ്റത്തിന് ശേഷം അഞ്ച് ആനപ്പുറത്ത് എഴുന്നള്ളിപ്പ് ആരംഭിച്ചു.17നു രാത്രി 7നാണു സാംപിള്‍ വെടിക്കെട്ട്. 17നു തന്നെ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങളുടെ ആനച്ചമയ പ്രദര്‍ശനവും തുടങ്ങും. 20നു പൂരം ഉപചാരം ചൊല്ലിപ്പിരിയും. ലാലൂര്‍ കാര്‍ത്യായനി ക്ഷേത്രം, അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്രം, ചെമ്പൂക്കാവ് ഭഗവതി ക്ഷേത്രം, പനമുക്കുംപ്പിള്ളി ശാസ്താ ക്ഷേത്രം, പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി ക്ഷേത്രം, കണിമംഗലം ശാസ്താ ക്ഷേത്രം, ചൂരക്കോട്ടുകാവ് ഭഗവതി ക്ഷേത്രം, കുറ്റൂര്‍ നെയ്തലക്കാവ് ഭഗവതി ക്ഷേത്രം എന്നിവയാണ് ഇന്നലെ പൂരത്തിനു കൊടിയേറിയ ഘടക ക്ഷേത്രങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here