കോഴിക്കോട്: പാനൂരിലെ ബോംബ് സ്‌ഫോടനം തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പില്‍ ബോംബ് വെച്ച് എന്ത് സ്വാധീനമാണ് ഉണ്ടാക്കാന്‍ പോകുന്നതെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കണമെന്ന് വടകര മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ ചോദിച്ചു. ബോംബ് എങ്ങനെയാണ് തെരഞ്ഞെടുപ്പ് സാമഗ്രിയായത്. ബോംബ് കയ്യിലിരുന്ന് പൊട്ടിയിട്ടില്ലായിരുന്നുവെങ്കില്‍ ആര്‍ക്കെതിരെ ഉപയോഗിക്കാനായിരുന്നു ലക്ഷ്യമെന്നും വാര്‍ത്താ സമ്മേളനത്തില്‍ ഷാഫി ചോദിച്ചു.
ബോംബ് നിര്‍മാണത്തിന് തെരഞ്ഞെടുപ്പുമായി ബന്ധമുണ്ട്. സ്ഥാനാര്‍ഥിയോട് ചേര്‍ന്ന് നില്‍ക്കാന്‍ പ്രതികള്‍ക്ക് എങ്ങനെ സാധിച്ചു? നാടിന്റെ സമാധാനം കെടുത്തരുത്. കേരള പൊലീസ് അന്വേഷിച്ചാല്‍ സത്യാവസ്ഥ പുറത്തു വരില്ല. സിപിഎം ക്രമണത്തിന് കോപ്പുകൂട്ടുന്നു. വടകര അടക്കമുള്ള ഇടങ്ങളില്‍ വ്യാപക ബോംബ് ശേഖരണം നടക്കുന്നുണ്ട്. പരിശോധന നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകണമെന്നും ഷാഫി ആവശ്യപ്പെട്ടു. മണ്ഡലത്തില്‍ ഇരട്ട വോട്ട് വ്യാപകമാണെന്നും ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് രേഖാമൂലം പരാതി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം പാനൂര്‍ സ്‌ഫോടനത്തില്‍ പാര്‍ട്ടിക്കെതിരെ ഉയര്‍ന്ന ആരോപണം നിഷേധിക്കുകയാണ് സിപിഎം നേതൃത്വം.
പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഷെറിനൊപ്പമുള്ള ചിത്രത്തെ കുറിച്ച് വിശദീകരണവുമായി വടകരയിലെ സിപിഎം സ്ഥാനാര്‍ഥി കെ കെ ശൈലജയും രംഗത്തെത്തി. പല പരിപാടികളിലും പലരും ഒപ്പം നിന്ന് ഫോട്ടോ എടുക്കാറുണ്ടെന്ന് ശൈലജ പറഞ്ഞു. പാര്‍ട്ടിക്കും തനിക്കും പ്രതികളുമായി ബന്ധമില്ല. അവര്‍ക്ക് സിപിഎമ്മിനേക്കാള്‍ മറ്റ് പലരുമായുമാണ് ബന്ധം. അത് എന്തെന്ന് താന്‍ ഇപ്പോള്‍ പറയുന്നില്ല. യുഡിഎഫിന് മറ്റൊന്നും പറയാന്‍ ഇല്ലെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.