മോദിയുടെ മൗത്ത് പീസ്; രാഹുലിനെ പപ്പു എന്ന് പിണറായി വിളിക്കട്ടെയെന്ന് വിഡി സതീശന്‍

0

ആലപ്പുഴ: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗത്ത് പീസെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബിജെപിയെ പ്രീണിപ്പിക്കാന്‍ പിണറായി രാഹുലിനെ പരിഹസിക്കുകയാണെന്ന് സതീശന്‍ ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പിണറായിയെ വിളിച്ച് ഒരുമൊഴിയെങ്കിലും എടുക്കാന്‍ ഇഡി തയ്യാറായോയെന്നും അതാണ് ബിജെപി- പിണറായി ബന്ധമെന്നും സതീശന്‍ പറഞ്ഞു.

കേരളത്തില്‍ സിപിഎം വിചാരിച്ചാലും ബിജെപിയെ ഒരുസ്ഥലത്തും അക്കൗണ്ട് തുറക്കാന്‍ കോണ്‍ഗ്രസ് സമ്മതിക്കില്ലെന്ന് സതീശന്‍ പറഞ്ഞു. ഭയമാണ് പിണറായി വിജയനെ ഭരിക്കുന്നത്. സിപിഎമ്മും ബിജെപിയും തമ്മിലുള്ള അവിഹിത ബാന്ധവമാണ് ഈ തെരഞ്ഞെടുപ്പില്‍ പുറത്തുവരുന്നത്. കേരളത്തിലെ 15 സീറ്റിലും തമിഴ്‌നാട്ടിലെ രണ്ടിടത്തും രാജസ്ഥാനിലെയും ത്രിപുരയിലും ഓരോ സീറ്റിലും മാത്രമാണ് അവര്‍ മത്സരിക്കുന്നത്. എന്നിട്ടാണ് അവര്‍ മോദിയെ പുറത്താക്കുമെന്ന് പറയുന്നതെന്നും സതീശന്‍ പരിഹസിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലില്‍ കിടക്കുകയാണ്. മുഖ്യമന്ത്രിയെ ജയിലിലിടണമെന്നോ ചോദ്യം ചെയ്യണമെന്നോ തങ്ങള്‍ പറഞ്ഞിട്ടില്ല. അദ്ദേഹത്തില്‍ നിന്ന് ഒരു മൊഴിയെടുക്കലെങ്കിലും വേണ്ടേ?. അതുപോലും നടന്നിട്ടില്ല. ലാവ്‌ലിന്‍ കേസ് എത്രതവണയാണ് മാറ്റിച്ചതെന്നും കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ എത്തുമ്പോള്‍ മൃദുസമീപമാണ് സ്വീകരിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.രാഷ്ട്രീയ എതിരാളികളെ ഭയങ്കരമായി കളിയാക്കുന്നതിന്റ ഭാഗമായാണ് ബിജെപി രാഹുലിനെ പപ്പു എന്ന പേര് വിളിച്ചത്. പിണറായി വിജയന്‍ മോദിയുടെ തോളില്‍ കൈയിട്ട് രാഹുല്‍ ഗാന്ധിയെ അതുവിളിക്കട്ടെ. അത് കേരളത്തിലെ ജനങ്ങള്‍ മനസിലാക്കുമെന്ന് സതീശന്‍ പറഞ്ഞു. പിണറായി മോദിയുടെ മൗത്ത് പീസാണ്. അദ്ദേഹത്തിന്റെ ശത്രു കോണ്‍ഗ്രസും രാഹുലുമാണ്. ന്യൂനപക്ഷത്തിന്റെ വോട്ടുകിട്ടാന്‍ വേണ്ടിയാണ് 35 ദിവസമായി ഈ നാടകം മുഴുവന്‍ കാണിക്കുന്നത്. വര്‍ഗീയ ഫാസിസ്റ്റ് ഭരണകൂടത്തെ താഴെയിറക്കാനുള്ള പൊളിറ്റിക്കല്‍ പ്ലാറ്റ്‌ഫോമാണ് ഇന്ത്യാ മുന്നണി. അതില്‍ മൈനസ് കോണ്‍ഗ്രസ് ആണെങ്കില്‍ പിന്നെ എന്താണ് ഇന്ത്യാമുന്നണി. രാജ്യത്തെ എല്ലാവരും അത് മനസിലാക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയാണ് അവരുടെ പ്രതീക്ഷ. എല്ലായിടത്തും രാഹുലിനെ ബിജെപിയെ അധിക്ഷേപിക്കുകയാണ്. അവരെ കടത്തിവെട്ടാനാണ് പിണറായി ശ്രമിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here