ജീവനക്കാരിയെ രാത്രി മുഴുവന്‍ ചോദ്യം ചെയ്തത് നിയമവിരുദ്ധം; ഇഡിക്കെതിരെ സിഎംആര്‍എല്‍ കോടതിയില്‍

0

കൊച്ചി: മാസപ്പടി കേസില്‍ വനിതാ ജീവനക്കാരിയെ രാത്രി മുഴുവന്‍ ചോദ്യം ചെയ്തത് നിയമവിരുദ്ധമെന്ന് കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി സിഎംആര്‍എല്‍ കോടതിയെ സമീപിച്ചു. ഉദ്യോഗസ്ഥരെ 24 മണിക്കൂര്‍ കസ്റ്റഡിയില്‍ വെച്ചത് എന്തിനെന്നും സിഎംആര്‍എല്‍ ചോദിക്കുന്നു.ചോദ്യം ചെയ്യലിന്റെ പേരിൽ ഇ‍ഡി ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്നാണ് സിഎംആർഎൽ ജീവനക്കാര്‍ ആരോപിക്കുന്നത്. ഇ മെയിൽ ഐ ഡി, പാസ് വേർഡ് എന്നിവ നൽകാനും രഹസ്യ സ്വഭാവമുള്ള രേഖകൾ നൽകാനും ഇ‍ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചു. കോടതി ഉത്തരവ് ഉണ്ടായിട്ടും ഇ ഡി ഉദ്യോഗസ്ഥർ നിയമവിരുദ്ധമായി പ്രവർത്തിച്ചുവെന്നും ഉദ്യോഗസ്ഥർ ആരോപിക്കുന്നു.

അതേസമയം ചോദ്യം ചെയ്യലിന് സമയപരിധി നിശ്ചയിക്കാനാകില്ലെന്നാണ് ഇഡി കോടതിയില്‍ നിലപാട് അറിയിച്ചത്. വനിതാ ജീവനക്കാരിയെ വനിത ഉദ്യോഗസ്ഥയാണ് ചോദ്യം ചെയ്തത്. നോട്ടീസ് നല്‍കിയ ചിലര്‍ ഹാജരായില്ല. ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഹര്‍ജിയില്‍ അടിയന്തര പ്രധാന്യമില്ലെന്നും ഇഡി അറിയിച്ചു.

സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി വെള്ളിയാഴ്ച കോടതി പരിഗണിക്കും. അതിനിടെ, സിഎംആര്‍എല്ലിലെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് ഇഡി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് നോട്ടീസ് നല്‍കി. ഫിനാന്‍സ് ചീഫ് ജനറല്‍ മാനേജര്‍ പി സുരേഷ് കുമാറിനാണ് ഇഡി നോട്ടീസ് നല്‍കിയത്. മുന്‍ കാഷ്യര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.

എക്‌സാലോജിക്കുമായി ഉണ്ടാക്കിയ കരാറില്‍ ഒപ്പിട്ടയാളാണ് ഫീഫ് ജനറല്‍ മാനേജര്‍. സിഎംആർഎൽ വിവിധ വ്യക്തികളും കമ്പനികളുമായി 135 കോടിയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. അതേസമയം, ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നും ചോദ്യം ചെയ്യലില്‍ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്. ഈ ഹര്‍ജിയും ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here