ബലാത്സംഗക്കേസിലെ കോടതി ഉത്തരവില്‍ അതിജീവിതയുടെ പേര്; മജിസ്‌ട്രേറ്റിനെതിരെ നടപടിയെടുക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

0

ന്യൂഡല്‍ഹി: ബലാത്സംഗക്കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയ ഉത്തരവില്‍ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെതിരെ നടപടിയെടുക്കുന്നില്ലെന്ന കേരള ഹൈക്കോടതിയുടെ തീരുമാനം ശരിവെച്ച് സുപ്രീംകോടതി. ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ ജോലിഭാരംകാരണം അശ്രദ്ധയുണ്ടായതാകാമെന്നാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ ഋഷികേശ് റോയ്, പ്രശാന്ത് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് തീരുമാനം.

ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനോട് എന്തെങ്കിലും തരത്തിലുള്ള പകയുണ്ടോ എന്നാണ് ഹര്‍ജിക്കാരിയോട് കോടതി ചോദിച്ചത്. കൈകാര്യം ചെയ്യാന്‍ ധാരാളം കേസുകള്‍ ഉണ്ട്. ഞങ്ങളും തെറ്റുകള്‍ വരുത്താറുണ്ടെന്നും ബെഞ്ച് പറഞ്ഞു.

തിരുവനന്തപുരം കാട്ടാക്കടയിലെ ഒരു ബലാത്സംഗക്കേസിലെ അതിജീവിതയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ബലാത്സംഗക്കേസ് പ്രതിയുടെ ജാമ്യാപേക്ഷയിന്‍മേലുള്ള ഉത്തരവിലാണ് അതിജീവിതയുടെ പേര് വെളിപ്പെടുത്തിയത്.

ബലാത്സംഗത്തെ അതിജീവിച്ചവരുടെ ഐഡന്റിറ്റി രഹസ്യമായി സൂക്ഷിക്കണമെന്ന നിയമം ഉണ്ടായിട്ടും തന്റെ പേര് വെളിപ്പെടുത്തിയതിന് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെതിരെ പെണ്‍കുട്ടി നടപടി ആവശ്യപ്പെടുകയായിരുന്നു. ഇത് സംബന്ധിച്ച് ഹൈക്കോടതിയിലാണ് പെണ്‍കുട്ടി ഹര്‍ജി സമര്‍പ്പിച്ചത്. ഉടനടി തന്നെ ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളില്‍ നിന്നും പേരുകള്‍ നീക്കം ചെയ്യാന്‍ കോടതി ഉത്തരവിട്ടെങ്കിലും മജിസ്‌ട്രേറ്റിനെതിരെ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചു.നിയമപ്രകാരം ഇത്തരം കേസുകളില്‍ പേര് അച്ചടിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവര്‍ക്ക് മാത്രമേ പ്രശ്‌നമുള്ളെന്നും കോടതി വ്യക്തമാക്കി. മാത്രമല്ല ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇത്തരം കേസുകളില്‍ പേരുകള്‍ മറച്ചു വെ്‌ക്കേണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവാന്‍മാരായിരിക്കണമെന്ന് ജുഡീഷ്യല്‍ ഓഫീസര്‍മാരോട് നിര്‍ദേശിക്കുകയും ചെയ്തു. സിംഗിള്‍ ബെഞ്ചിന്റെ വിധി പിന്നീട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും ശരിവെക്കുകയായിരുന്നു. തുടര്‍ന്നാണ് അതിജീവിത സുപ്രീംകോടതിയെ സമീപിച്ചത്. മജിസ്‌ട്രേറ്റിന് എന്തെങ്കിലും തരത്തിലുള്ള ഗൂഢലക്ഷ്യങ്ങളുണ്ടായിരിക്കാമെന്ന് അജിവിതക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ എം ടി ജോര്‍ജ് വാദിച്ചെങ്കിലും സുപ്രീംകോടതി ഹര്‍ജി തളളുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here