സൊമാറ്റോ ‘മനസ് മാറ്റി’, പച്ച ഡ്രസ് കോഡ് ഒഴിവാക്കി; വെജിറ്റേറിയന്‍ ഭക്ഷണവും ചുവപ്പില്‍ തന്നെ വരും

0

ന്യൂഡല്‍ഹി: വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക് ഫുഡ് ഡെലിവറി ചെയ്യുന്ന പാര്‍ട്ണര്‍മാര്‍ക്കായി അവതരിപ്പിച്ച പച്ച നിറത്തിലുള്ള ഡ്രസ് കോഡ് പിന്‍വലിച്ച് ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ. വെജിറ്റേറിയന്‍ ഭക്ഷണം വിതരണവുമായി ബന്ധപ്പെട്ട് പാര്‍ട്ണര്‍മാര്‍ക്ക് പ്രത്യേക ഡ്രസ് കോഡ് ഏര്‍പ്പെടുത്തുന്നത് വിവേചനമാണെന്ന തരത്തില്‍ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം പിന്‍വലിച്ചത്.

നിലവില്‍ ഫുഡ് ഡെലിവറി പാര്‍ട്ണര്‍മാരെല്ലാം ചുവന്ന വസ്ത്രം ധരിച്ചാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. ഉത്സവ ദിവസങ്ങളിലും ആചാരപരമായി പ്രാധാന്യമുള്ള ദിവസങ്ങളിലും നോണ്‍ വെജ് ആണ് വിതരണം ചെയ്യുന്നത് എന്ന് ചിലപ്പോഴെങ്കിലും തെറ്റിദ്ധരിച്ച് റെസിഡന്റ്‌സ് അസോസിയേഷനുകളും മറ്റും പാര്‍ട്ണര്‍മാരെ തടയുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇത് ഒഴിവാക്കാന്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക് ഫുഡ് ഡെലിവറി ചെയ്യുന്ന പാര്‍ട്ണര്‍മാര്‍ക്കായി പച്ച നിറത്തിലുള്ള ഡ്രസ് കോഡ് അവതരിപ്പിക്കാന്‍ തീരുമാനിച്ചെന്നായിരുന്നു കമ്പനിയുടെ ഇന്നലത്തെ പ്രഖ്യാപനം.ഇത് വിവാദമായ പശ്ചാത്തലത്തിലാണ് പഴയ പോലെ ചുവന്ന ഡ്രസ് കോഡ് തന്നെ പിന്തുടരുമെന്ന് കമ്പനി അറിയിച്ചത്.അതേസമയം പ്യുവര്‍ വെജ് ഫ്‌ലീറ്റ് തുടരുമെന്ന് സൊമാറ്റോ സിഇഒ ദീപിന്ദര്‍ ഗോയല്‍ എക്‌സില്‍ കുറിച്ചു.വെജിറ്റേറിയന്‍ ഭക്ഷണം വിതരണം ചെയ്യുന്ന പാര്‍ട്ണര്‍മാര്‍ക്കായി അവതരിപ്പിച്ച പച്ച ഡ്രസ് കോഡ് പിന്‍വലിക്കാന്‍ തീരുമാനിച്ചു. പാര്‍ട്ണര്‍മാര്‍ തമ്മിലുള്ള വിവേചനം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി. എല്ലാ പാര്‍ട്ണര്‍മാരും ചുവന്ന വസ്ത്രമാണ് ധരിക്കുക. എന്നാല്‍ പ്യുവര്‍ വെജ് ഓപ്ഷന്‍ തെരഞ്ഞെടുത്തവര്‍ക്ക് വെജ് ഒണ്‍ലി ഫ്‌ലീറ്റ് ആണ് ഭക്ഷണം വിതരണം ചെയ്യുന്നത് എന്ന് ആപ്പ് വഴി ഉറപ്പിക്കാന്‍ സാധിക്കുമെന്നും ദീപിന്ദര്‍ ഗോയല്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here