ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഉള്‍പ്പെടെ എഎപി നേതാക്കള്‍ 100 കോടി കൈപ്പറ്റിയെന്ന് ഇഡി. ബിആര്‍എസ് നേതാവും തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളുമായ കെ കവിതയില്‍ നിന്നാണ് തുക കൈപ്പറ്റിയത്. കവിതയ്ക്ക് മദ്യവ്യവസായികള്‍ നല്‍കിയ തുകയാണ് എഎപി കൈപ്പറ്റിയത്.
മദ്യനയം തയ്യാറാക്കുന്ന ഗൂഢാലോചനയിലും കെജരിവാള്‍ പങ്കെടുത്തെന്ന് ഇഡി ആരോപിക്കുന്നു. കെജരിവാള്‍ തങ്ങള്‍ അയച്ച സമന്‍സ് നിരന്തരം അവഗണിച്ചെന്നും ഇഡി കോടതിയില്‍ വ്യക്തമാക്കും. കെജരിവാളിനെ ഇഡി ചോദ്യം ചെയ്യുകയാണ്. ഇഡി അഡീഷണല്‍ ഡയറക്ടര്‍ കപില്‍ രാജ് ആണ് ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കുന്നത്. കെ കവിതയ്‌ക്കൊപ്പം ഇരുത്തിയും കെജരിവാളിനെ ചോദ്യം ചെയ്യും. ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തതും കപില്‍ രാജാണ്.അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് എഎപി നേതാവും മന്ത്രിയുമായ അതിഷി മര്‍ലേന പറഞ്ഞു. തെളിവുകള്‍ ഒന്നുമില്ലാതെയാണ് കെജരിവാളിനെ അറസ്റ്റ് ചെയ്തതെന്നും അതിഷി ആരോപിച്ചു. കെജരിവാള്‍ വെല്ലുവിളിയാണെന്ന് മോദിക്കറിയാം. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ്, ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ഒരു ദേശീയ പാര്‍ട്ടിയുടെ ദേശീയ കണ്‍വീനറെ അറസ്റ്റ് ചെയ്യുന്നത്. കെജരിവാളിനെ പ്രചാരണ രംഗത്തുനിന്നും മാറ്റി നിര്‍ത്തി ഏകപക്ഷീയമായ വിജയം നേടാമെന്ന് ബിജെപി കരുതേണ്ടെന്നും അതിഷി ആരോപിച്ചു.
അതിനിടെ, അഴിമതി കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ രാജിവെക്കണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു. രാജിക്ക് നിര്‍ദേശം നല്‍കണമെന്ന ആവശ്യവുമായി ബിജെപി ലെഫ്റ്റനന്റ് ഗവര്‍ണറെ സമീപിച്ചു. ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഇക്കാര്യത്തില്‍ നിയമോപദേശം തേടിയിരിക്കുകയാണ്. മുഖ്യമന്ത്രി രാജിവെച്ചില്ലെങ്കിൽ സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. അതേസമയം രാജി വെക്കില്ലെന്നും ജയിലിൽ കിടന്ന് കെജരിവാൾ ഭരണം നയിക്കുമെന്നുമാണ് എഎപി പറയുന്നത്.
ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് ഇന്നലെ കെജരിവാളിന്റെ വീട്ടിലെത്തിയ ഇഡി സംഘം രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കെജരിവാളിനെ അറസ്റ്റ് ചെയ്തത്. ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റ് തടയണമെന്ന ഹര്‍ജി വ്യാഴാഴ്ച ഡല്‍ഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെ കെജ്‌രിവാളിന്റെ വീട്ടില്‍ 12 അംഗ ഇഡി സംഘം സെര്‍ച്ച് വാറണ്ടുമായെത്തുകയായിരുന്നു. കെജരിവാളിന്റെ അറസ്റ്റിൽ രാജ്യവ്യാപക പ്രതിഷേധത്തിന് എ എ പി ആഹ്വാനം ചെയ്തിട്ടുണ്ട്.