പഴനിയിൽ പോയി തല മൊട്ടയടിച്ച് രൂപം മാറി; റോഡരികില്‍ കിടന്നുറങ്ങിയ കുട്ടിയെ തട്ടിയെടുക്കാന്‍ മുന്‍പും ശ്രമം

0

തിരുവനന്തപുരം: പേട്ടയിൽ നിന്ന് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ഹസൻകുട്ടി പിടിക്കപ്പെടാതിരിക്കാൻ രൂപമാറ്റം നടത്തി. സംഭവത്തിനു ശേഷം തിരുവനന്തപുരത്തുനിന്ന് പഴനിയിൽ പോയ ഇയാൾ മുടി മൊട്ടയടിക്കുകയായിരുന്നു. തുടർന്ന് ഇയാൾ ആലുവയിൽ എത്തി തട്ടുകടയിൽ പണിയെടുത്തു. വർക്കല അയിരൂർ സ്വദേശിയായ ഇയാൾ മുൻപും സമാനമായ കേസുകളിൽ പ്രതിയായിട്ടുണ്ട്.

മുൻപ് കൊല്ലത്ത് റോ‍ഡരികിൽ ഉറങ്ങിക്കിടന്ന നാടോടികുട്ടിയെ തട്ടിയെടുക്കാൻ ഇയാൾ ശ്രമിച്ചിരുന്നു. അന്ന് നാട്ടുകാർ ഇയാളെ പിടികൂടി മർദിച്ചു. പൊലീസ് എത്തിയപ്പോൾ കേസില്ല എന്ന് പറഞ്ഞതോടെ വിട്ടയക്കുകയായിരുന്നു. നാടോടികൾ പരാതി നൽകാത്തത് കൊണ്ടാണ് അവരെ ലക്ഷ്യം വയ്ക്കുന്നതെന്ന് പ്രതി മൊഴി നൽകി.

പതിനൊന്നുകാരിയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട പോക്സോ കേസിൽ ജാമ്യം കിട്ടി ജനുവരി 22നാണ് ഇയാൾ പുറത്തിറങ്ങിയത്. അതിനു പിന്നാലെയാണ് കുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമിച്ചത്. ചാക്കയിൽ കുട്ടിയെ തട്ടിയെടുത്ത് ഉപദ്രവിക്കാനാണ് ശ്രമിച്ചതെന്നും പ്രതി സമ്മതിച്ചു. കൊല്ലം ചിന്നക്കടയിൽ നിന്ന് ഇന്നലെ രാവിലെയാണ് ഹസൻകുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തേ പോക്സോ കേസിലും മോഷണക്കേസുകളിലുമായി മൂന്നര വർഷം ജയിലിൽ കിടന്ന ചരിത്രവും ഇയാൾക്കുണ്ട്.സംഭവ ദിവസം പ്രതി കൊല്ലത്തുനിന്നു വർക്കലയ്ക്ക് ട്രെയിനിൽ കയറിയെങ്കിലും ഉറങ്ങിപ്പോയതിനാൽ പേട്ട സ്റ്റേഷനിലിറങ്ങി. നടന്ന് ചാക്കയിൽ എത്തിയപ്പോഴാണ് കുഞ്ഞിനെ കണ്ടത്. തുടർന്ന് ഇവിടെ ചുറ്റിത്തിരിഞ്ഞ ഹസൻ കുട്ടിക്ക് മിഠായി നൽകി അടുത്തുകൂടി. രാത്രി ഇവർ ഉറങ്ങിയ ശേഷം കുഞ്ഞിനെ എടുത്തുകൊണ്ടുപോയി. കുട്ടി കരഞ്ഞപ്പോൾ വായ് മൂടിയെന്നും പിന്നീട് അനക്കമില്ലാതായപ്പോൾ മരിച്ചെന്നു കരുതി പുലർച്ചയ്ക്ക് മുൻപ് കുഞ്ഞിനെ ഉപേക്ഷിച്ചുവെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.

രണ്ടുവയസ്സുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ പ്രതി ഹസ്സൻകുട്ടിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. സംഭവസ്ഥലത്ത് കൊണ്ടുപോയി തെളിവെടുക്കാനും സാധ്യതയുണ്ട്. സ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് പോയാലേ പ്രതി പറയുന്ന പല കാര്യങ്ങളിലും വ്യക്തത വരുത്താനാവൂവെന്ന് പൊലീസ് പറയുന്നു. അതിനാൽ സാക്ഷികളില്ലാത്ത കേസിൽ തെളിവെടുപ്പ് നിർണായകമാണ്. റിമാൻഡ് ചെയ്ത ശേഷവും പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനായി പൊലീസ് അപേക്ഷ നൽകും.

Leave a Reply