ചന്ദ്രനിലേയ്ക്ക് ഊബര്‍ വിളിച്ചാലും ഇത്രയും ആകില്ലല്ലോ, 62 രൂപയുടെ യാത്രയ്ക്ക് ബില്ല് വന്നത് 7.66 കോടി രൂപ

0

ഡല്‍ഹി: 62 രൂപയ്ക്ക് ഊബര്‍ ഓട്ടോ വിളിച്ച യാത്രക്കാരന് കിട്ടിയത് കോടികളുടെ ബില്ല്. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. എന്നും യാത്ര ചെയ്യുന്ന വഴിയിലൂടെയാണ് ദീപക് തെങ്കൂരിയ എന്ന യുവാവ് ഊബര്‍ വിളിച്ചത്. 62 രൂപയാണ് സ്ഥിരമായി ചാര്‍ജ് വരാറുള്ളത്. എന്നാല്‍, വെള്ളിയാഴ്ച യാത്ര അവസാനിപ്പിച്ച് ബില്ല് നോക്കുമ്പോള്‍ 7. 66 കോടി രൂപ ചാര്‍ജ്.

ദീപകിന്റെ സുഹൃത്ത് എക്‌സില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വാര്‍ത്തയായത്. ഇരുവരും ബില്ലിനെക്കുറിച്ച് പറയുന്ന വീഡിയോ വൈറലായി. എത്ര രൂപയായെന്ന് നോക്കട്ടെ എന്ന് സുഹൃത്ത് പറയുമ്പോള്‍ ഫോണില്‍ ബില്ല് കാണിച്ച് 7,66,83,762 രൂപ എന്ന് ദീപക് പറയുന്നത് വീഡിയോയില്‍ കാണാം. 1,67,74,647 യാത്രാ ചെലവായും 5,99,09189 രൂപ വെയിറ്റിംഗ് ചാര്‍ജായും ആണ് ഈടാക്കിയിരിക്കുന്നത്. 75 രൂപ കുറച്ചുനല്‍കിയിട്ടുമുണ്ട്.

ഡ്രൈവര്‍ തനിക്കായി കാത്തുനില്‍ക്കേണ്ടി വന്നിട്ടില്ലെന്നും അതുകൊണ്ട് തന്നെ വെയിറ്റിംഗ് ചാര്‍ജ് വരേണ്ട കാര്യമില്ലെന്നും വീഡിയോയില്‍ ദീപക് പറയുന്നുണ്ട്. എന്നാല്‍ ജിഎസ്ടി ചാര്‍ജൊന്നും രേഖപ്പെടുത്തിയിട്ടില്ല. ചന്ദ്രനിലേയ്ക്ക് ഊബര്‍ വിളിച്ചാല്‍ പോലും ഇത്രയും തുകയാവില്ലെന്ന് സുഹൃത്ത് തമാശ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.വീഡിയോ വൈറലാവുകയും ചര്‍ച്ചകള്‍ സജീവമാകുകയും ചെയ്തതതിനു പിന്നാലെ ക്ഷമാപണവുമായി ഊബര്‍ രംഗത്തെത്തി. എക്‌സിലൂടെയാണ് ഊബര്‍ ഇന്ത്യ കസ്റ്റമര്‍ സപ്പോര്‍ട്ട് വിഭാഗം ക്ഷമ പറഞ്ഞത്. എന്ത് സാങ്കേതിക തകരാറാണ് സംഭവിച്ചതെന്ന് പരിശോധിച്ചു വരികയാണെന്നും ഊബര്‍ വിശദീകരണം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here