’30 വര്‍ഷത്തേക്കു പുറംലോകം കാണരുത്’; നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയ പ്രതിയുടെ ശിക്ഷയില്‍ ഇളവ്

0

ന്യൂഡല്‍ഹി: ചാവക്കാട് ഒരുമനയൂരില്‍ നാലംഗ കുടുംബത്തെ കൊലപ്പെടുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച കേസിലെ പ്രതി 30 വര്‍ഷത്തേക്കു പുറംലോകം കാണരുതെന്ന ഹൈക്കോടതി വിധിയില്‍ നേരിയ ഇളവു വരുത്തി സുപ്രീംകോടതി.

കഠിനതടവിനിടെ പരോളോ, ജാമ്യമോ മറ്റു ശിക്ഷാ ഇളവുകളോ പാടില്ലെന്ന നിബന്ധനയുടെ കാലാവധി 25 വര്‍ഷമാക്കി കുറച്ചു. അനുഭവിച്ചു കഴിഞ്ഞ തടവുശിക്ഷയടക്കമാണിത്. കേസിലെ പ്രതി അകലാട് പുന്നയൂര്‍ മംഗലത്തുവീട്ടില്‍ നവാസ് (42) നല്‍കിയ അപ്പീല്‍ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

ജഡ്ജിമാരായ ബി ആര്‍ ഗവായ്, കെ വി വിശ്വനാഥ്, സന്ദീപ് മേത്ത എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്. പ്രതിക്കെതിരായ കഠിനതടവ് അടക്കം ഹൈക്കോടതി വിധിയിലെ മറ്റു കണ്ടെത്തലുകള്‍ സുപ്രീം കോടതി ശരിവച്ചു.

ഒരുമനയൂര്‍ മുത്തന്‍മാവ് പിള്ളരിക്കല്‍ വീട്ടില്‍ രാമചന്ദ്രന്‍ (45), ഭാര്യ ലത (38), മകള്‍ ചിത്ര (11), രാമചന്ദ്രന്റെ മാതാവ് കാര്‍ത്യായനി (80) എന്നിവരെ 2005 നവംബര്‍ നാലിനു പ്രതി ആക്രമിച്ചു കൊലപ്പെടുത്തിയെന്നാണു പ്രോസിക്യൂഷന്‍ കേസ്. പ്രതിയുടെ പ്രണയാഭ്യര്‍ഥന ലത നിരസിച്ചതിലുള്ള വിരോധം മൂലം അര്‍ധരാത്രി വീട്ടില്‍ അതിക്രമിച്ചുകയറി കൊല നടത്തുകയായിരുന്നു. വീടിന്റെ ചുമര്‍ തുരന്നാണു പ്രതി അകത്തുകടന്നത്. കൊലയ്ക്കുശേഷം കൈ ഞരമ്പു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചനിലയില്‍ പ്രതിയെ വീടിനകത്തുതന്നെ കണ്ടെത്തിയിരുന്നു.

Leave a Reply