പൗരത്വ നിയമ ചട്ടങ്ങള്‍; ഹര്‍ജികളില്‍ സുപ്രീം കോടതി ചൊവ്വാഴ്ച വാദം കേള്‍ക്കും

0

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹര്‍ജികളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതു വരെ, നിയമം നടപ്പാക്കുന്നതു നിര്‍ത്തിവയ്ക്കണമെന്ന് കേന്ദ്രത്തിനു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി ചൊവ്വാഴ്ച വാദം കേള്‍ക്കും. മുസ്ലിം ലീഗ് ഉള്‍പ്പെടെ ഒട്ടേറെ സംഘടനകള്‍ പൗരത്വ നിയമ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്.

മുസ്ലിം ലീഗിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ ഹര്‍ജി ചീഫ് ജസ്റ്റിസിനു മുമ്പാകെ മെന്‍ഷന്‍ ചെയ്യുകയായിരുന്നു. നിയമം അനുസരിച്ച് ഒരാള്‍ക്കു പൗരത്വം നല്‍കിയാല്‍ അതു പിന്‍വലിക്കാനാവില്ലെന്ന് കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.ചൊവ്വാഴ്ച ഇക്കാര്യം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. 190ല്‍ ഏറെ ഹര്‍ജികള്‍ കോടതിയിലെത്തിയിട്ടുണ്ട്. ഇടക്കാല അപേക്ഷകള്‍ ഉള്‍പ്പെടെ അന്നു പരിഗണിക്കും.

പൗരത്വ നിയമ ഭേദഗതിക്കെതിരെ 237 ഹര്‍ജികളാണ് പരിഗണനയിലുള്ളതെന്ന് സോളിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. അവയില്‍ നാലു പേരാണ് ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തതിനെതിരെ അപേക്ഷ ഫയല്‍ ചെയ്തതന്നെ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here