ഇത്രയും പോരാ, ബോണ്ട് നമ്പറുകള്‍ പ്രസിദ്ധീകരിക്കൂ, എസ്ബിഐയ്ക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി

0

ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് കേസിലെ എല്ലാ രേഖകളും പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് എസ്ബിഐയ്ക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി. നിലവില്‍ എസ്ബിഐ നല്‍കിയ രേഖകള്‍ പൂര്‍ണമല്ലെന്നും തിങ്കളാഴ്ചയക്കകം മറുപടി നല്‍കണമെന്നും കോടതി പറഞ്ഞു. ഇലക്ടറല്‍ ബോണ്ട് നമ്പറുകള്‍ പ്രസിദ്ധീകരിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി.

ഇലക്ടറല്‍ ബോണ്ട് നമ്പറുകള്‍ പ്രസിദ്ധീകരിച്ചെങ്കിലേ ബോണ്ട് വാങ്ങിയ ആള്‍ ഏതു രാഷ്ട്രീയ പാര്‍ട്ടിക്കാണ് പണം നല്‍കിയതെന്നു വ്യക്തമാകൂ. നിലവില്‍ നല്‍കിയ രേഖയില്‍ സീരിയല്‍ നമ്പറുകള്‍ ഇല്ല. സീരിയല്‍ നമ്പറുകള്‍ ഉള്‍പ്പെടാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.ബാങ്കിന്റെ അഭിഭാഷകന്‍ എവിടെയെന്നും കോടതി ചോദിച്ചു. കേസില്‍ ബാങ്ക് കക്ഷി അല്ലെന്നാണ് സോളിസിറ്റര്‍ ജനറല്‍ മറുപടി നല്‍കിയത്.സുപ്രീംകോടതിയുടെ നിര്‍ദേശം അനുസരിച്ച് എസ്ബിഐ കൈമാറിയ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ ഇന്നലെ രാത്രി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. മാര്‍ച്ച് 12നാണ് ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ കമ്മീഷന് എസ്ബിഐ കൈമാറിയത്. വിവരങ്ങള്‍ നല്‍കാന്‍ ജൂണ്‍ 30 വരെ സാവകാശം തേടിയുള്ള എസ്ബിഐയുടെ ഹര്‍ജി തിങ്കളാഴ്ച സുപ്രീം കോടതി തള്ളിയിരുന്നു. ഇതോടെയാണ് എസ്ബിഐ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷനു കൈമാറിയത്. 2019 ഏപ്രില്‍ 12 മുതല്‍ ഓരോ സ്ഥാപനവും വ്യക്തിയും വാങ്ങിയ ബോണ്ടുകളുടെ വിവരങ്ങളാണ് പ്രസിദ്ധീകരിച്ചത്.

Leave a Reply