ബേസിലിന് പുരസ്‌കാരം; യൂത്ത് ഐക്കണ്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

0

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷന്‍ 2023-24 വര്‍ഷത്തെ യൂത്ത് ഐക്കണ്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വിവിധ സാമൂഹിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച യുവജനങ്ങള്‍ക്കാണ് കമ്മീഷന്‍ അവാര്‍ഡ് നല്‍കുന്നത്. കല/സാംസ്‌കാരികം, കായികം, സാഹിത്യം, കാര്‍ഷികം, വ്യവസായ സംരംഭകത്വം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളില്‍ നിറസാന്നിദ്ധ്യമാവുകയും വ്യത്യസ്തവും മാതൃകാപരവുമായ ഇടപെടലുകളാല്‍ സമൂഹത്തിനാകെ പുതുവെളിച്ചമുണ്ടാക്കുകയും ചെയ്ത യുവജനങ്ങളെയാണ് കമ്മീഷന്‍ നിയോഗിച്ച പ്രത്യേക ജൂറി അവാര്‍ഡിനായി തെരഞ്ഞെടുത്തത്.

യുവ സംവിധായകനും തിരക്കഥാകൃത്തും അഭിനേതാവുമായ ബേസില്‍ ജോസഫാണ് കല/സാംസ്‌കാരികം മേഖലയില്‍നിന്ന് അവാര്‍ഡിനര്‍ഹനായത്. ലോംഗ് ജമ്പ് താരവും ഏഷ്യന്‍ ഗെയിംസ് വെള്ളി മെഡല്‍ ജേതാവുമായ ആന്‍സി സോജനാണ് കായികരംഗത്തു നിന്ന് അവാര്‍ഡിനര്‍ഹയായത്. യുവ കഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ കെ. അഖിലിനാണ് സാഹിത്യത്തിലുള്ള യൂത്ത് ഐക്കണ്‍ പുരസ്‌കാരം.12 വര്‍ഷമായി മത്സ്യകൃഷിയില്‍ നിരന്തര പരിശ്രമം നടത്തി സ്വയം വിപുലീകരിച്ചും മാതൃക കര്‍ഷകനായി മാറിയ അശ്വിന്‍ പരവൂരാണ് കാര്‍ഷികരംഗത്തു നിന്ന് അവാര്‍ഡിനര്‍ഹനായത്.വ്യവസായം/സംരഭകത്വം മേഖലയില്‍ കേരളത്തിലെ ശ്രദ്ധേയനായ യുവ സംരംഭകനായ സജീഷ് കെ.വി. അവാര്‍ഡിനര്‍ഹയായി. കേരളത്തില്‍ ലോകോത്തര നിലവാരമുള്ള സര്‍ജിക്കല്‍ ഉപകരണങ്ങള്‍ ഉല്പാദിപ്പിക്കുന്ന നിര്‍മ്മാണ യൂണിറ്റ് സ്ഥാപിച്ചതോടെയാണ് വ്യാവസായിക രംഗത്ത് സജീഷ് തന്റെ പ്രാവീണ്യം തെളിയിച്ചത്. സാമൂഹിക സേവന മേഖലയില്‍ നിന്നും യൂത്ത് ഐക്കണായി ശ്രീനാഥ് ഗോപിനാഥിനെ തിരഞ്ഞെടുത്തു. സൈബര്‍ സുരക്ഷാ മേഖലയില്‍ ഈ വര്‍ഷത്തെ ഇന്ത്യന്‍ ഐക്കണ്‍ അവാര്‍ഡ് നേടിയ ടെക് ബൈ ഹാര്‍ട്ടിന്റെ ചെയര്‍മാനാണ് ശ്രീനാഥ് ഗോപിനാഥന്‍.

LEAVE A REPLY

Please enter your comment!
Please enter your name here