ബൈക്കിനു പിന്നിൽ ടോറസ് ലോറി ഇടിച്ചു; എസ്എഫ്ഐ നേതാവായ കോളജ് വിദ്യാർത്ഥിനി മരിച്ചു

0

തൃശൂര്‍: ബൈക്കിന് പിന്നിൽ ടോറസ് ലോറി ഇടിച്ച് വിദ്യാർത്ഥിനി മരിച്ചു. എസ്എഫ്ഐ പഴഞ്ഞി മേഖലാ സെക്രട്ടറിയും പഴഞ്ഞി എംഡി കോളജ് ഒന്നാം വര്‍ഷ ബി.കോം വിദ്യാര്‍ഥിനിയുമായ അപര്‍ണ (18) ആണ് മരിച്ചത്. എസ്എഫ്ഐ കുന്നംകുളം ഏരിയാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സുഹൃത്തിനൊപ്പം ബൈക്കിൽ പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

ശനിയാഴ്ച രാവിലെ 11 മണിയോടെ ചൊവ്വന്നൂര്‍ പന്തല്ലൂരിലാണ് സംഭവം. കുന്നംകുളത്ത് നിന്നും ചൊവ്വന്നൂര്‍ പാടത്തെ സ്വകാര്യ ഓഡിറ്റോറിയത്തിലേക്ക് പോകുന്നതിനിടെ ബൈക്കിന് പിന്നിൽ ടോറസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്ന് റോഡിലേക്ക് തെറിച്ചു വീണ അപര്‍ണയുടെ തലയിലൂടെ ലോറി കയറിയിറങ്ങി. സംഭവസ്ഥലത്തുവച്ചുതന്നെ അപർണ മരിച്ചു.കൂടെയുണ്ടായിരുന്ന സുഹൃത്ത് അക്ഷയ് റോഡരികിലേക്കാണ് വീണത്. അക്ഷയിയുടെ കാലില്‍ നിസാര പരുക്കേറ്റു. സമ്മേളന സ്ഥലത്തിനടുത്താണ് അപകടം നടന്നത്. പഴഞ്ഞി ചെറുതുരുത്തി മണ്ടുംപാല്‍ വീട്ടില്‍ അനില്‍കുമാര്‍ – മാലതി ദമ്പതികളുടെ മകളാണ് അപർണ. അപര്‍ണയുടെ മരണത്തെ തുടര്‍ന്ന് സമ്മേളനം മാറ്റിവച്ചതായി നേതാക്കള്‍ അറിയിച്ചു. അപകട വിവരം അറിഞ്ഞ് എല്‍.ഡി.എഫ് ആലത്തൂര്‍ ലോക്സഭ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മന്ത്രി കെ. രാധാകൃഷ്ണന്‍, എ.സി മൊയ്തീന്‍ എം.എല്‍.എ, കുന്നംകുളം നഗരസഭ ചെയര്‍പേഴ്സണ്‍ സീതാ രവീന്ദ്രന്‍, എസ്.എഫ്. ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീ എന്നിവർ ആശുപത്രിയിൽ എത്തി.

LEAVE A REPLY

Please enter your comment!
Please enter your name here