പങ്കാളിയുടെ മൃതദേഹം വിട്ടുകിട്ടണം; യുവാവിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി

0

കൊച്ചി: ചേരാനല്ലൂരില്‍ ഫ്‌ലാറ്റില്‍നിന്ന് വീണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച സ്വവര്‍ഗപങ്കാളിയുടെ മൃതദേഹം വിട്ടുകിട്ടാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കോട്ടയം മുണ്ടക്കയം സ്വദേശിയായ യുവാവ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ ഉള്‍പ്പെടെ വിശദീകരണം തേടി. ചികിത്സയ്ക്ക് ചെലവായ തുക അടയ്ക്കാത്തതിനാല്‍ ആശുപത്രി അധികൃതര്‍ മൃതദേഹം വിട്ടുനല്‍കുന്നില്ലെന്നും നടപടി സ്വീകരിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ച് ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും.

ശനിയാഴ്ച രാവിലെ അപകടത്തില്‍ പരിക്കേറ്റ യുവാവിനെ ആദ്യം എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ചികിത്സാച്ചെലവായ 1.30 ലക്ഷം രൂപ നല്‍കണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

ആറുവര്‍ഷമായി യുവാക്കള്‍ ഒരുമിച്ചായിരുന്നു താമസം. ഇരുവരുടെയും ബന്ധുക്കള്‍ ബന്ധത്തിന് അനുകൂലമായിരുന്നില്ല. പൊലീസ് വിവരം അറിയിച്ചതോടെ ബന്ധുക്കള്‍ എത്തിയിരുന്നു. എന്നാല്‍, ആശുപത്രിയില്‍ പണം അടച്ചാലേ മൃതദേഹം ഏറ്റെടുക്കൂ എന്നതായിരുന്നു അവരുടെ നിലപാട്. സ്ഥിരജോലിയില്ലെന്നും 30,000 രൂപ അടയ്ക്കാമെന്നും പങ്കാളിയായ യുവാവ് അറിയിച്ചു. ഈ തുക സ്വീകരിച്ച് മൃതദേഹം വിട്ടുനല്‍കാന്‍ നടപടി സ്വീകരിക്കാന്‍ കലക്ടറോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here