ദൗത്യം ഉടന്‍, മയക്കുവെടിവെച്ച് കാട്ടാനയെ മുത്തങ്ങയിലേക്ക് കൊണ്ടുപോകും; നടപടി കൂടുതല്‍ ജാഗ്രതയോടെയെന്ന് വനംമന്ത്രി

0

മാനന്തവാടി: വയനാട് പടമലയില്‍ ഭീതി വിതച്ച കാട്ടാനയെ മയക്കുവെടിവയ്ക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. കാട്ടാനയെ മയക്കുവെടിവെച്ച് മുത്തങ്ങയിലേക്ക് കൊണ്ടുപോകും. കാട്ടിലേക്ക് വിടണോ, കുങ്കിയാന ആക്കണമോ എന്നതില്‍ പിന്നീട് തീരുമാനിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടുന്നതിന് ദൗത്യസംഘം പ്രവര്‍ത്തനം രാവിലെ മുതല്‍ ആരംഭിക്കും. ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്ത് കൊടുത്തിട്ടുണ്ട്. മയക്കുവെടിവെച്ച് പിടികൂടിയ ശേഷം മുത്തങ്ങയിലേക്ക് കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. തുടര്‍ന്ന് നിരീക്ഷണം നടത്തും. ആരോഗ്യസ്ഥിതി അടക്കം പരിശോധിച്ച ശേഷമാകും ആനപരിപാലന കേന്ദ്രത്തില്‍ കൊണ്ടുപോകണമോ, അതോ ഉള്‍ക്കാട്ടിലേക്ക് അയക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. ഇതാണ് നടപടിക്രമം. എന്നാല്‍ നിരീക്ഷണത്തിന് ശേഷം മാത്രമാകും അന്തിമ തീരുമാനമെടുക്കുക എന്നും മന്ത്രി പറഞ്ഞു.

ഓരോ ദൗത്യവും പുതിയ പാഠമാണ്. മുന്‍ അനുഭവത്തില്‍ നിന്ന് പാഠം പഠിച്ച് കൂടുതല്‍ ജാഗ്രതയോട് കൂടിയുള്ള നടപടി സ്വീകരിക്കും. നിലവില്‍ ആന ഉള്‍ക്കാട്ടിലേക്ക് പോയിട്ടുണ്ട്. ആന നിരീക്ഷണത്തിലാണ്. ഇന്നലെ ജനങ്ങളുടെ രോഷം അഭിമുഖീകരിക്കേണ്ടി വന്നു. അവരുടെ പ്രശ്‌നം പരിഹരിക്കാന്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വന്നതിനാല്‍ ആനയെ പിടികൂടുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ സാധിച്ചില്ല. ആനയെ പിടികൂടുന്നതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here