വരന്‍ ഡോക്ടറാണ്; ‘സേവ് ദ ഡേറ്റ്’ ഓപ്പറേഷന്‍ തീയറ്ററില്‍; ഫോട്ടോ ഷൂട്ട് വൈറല്‍; പണി പോയി

0

ബംഗളൂരു: ‘സേവ് ദ ഡേറ്റ്’ വ്യത്യസ്തമാക്കാന്‍ പോയി പുലിവാല് പിടിച്ച് യുവ ഡോക്ടര്‍. ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ പ്രതിശ്രുത വധുവിനൊപ്പം ഫോട്ടോ ഷൂട്ട് നടത്തിയതിനെ തുടര്‍ന്ന് ഡോക്ടര്‍ക്ക് ജോലി നഷ്ടമായി. കര്‍ണാടകയിലെ ചിത്രദുര്‍ഗയിലാണ് സംഭവം.

ഓപ്പറേഷന്‍ തീയറ്ററില്‍ സെറ്റ് ഇട്ടായിരുന്നു ഇവര്‍ സേവ് ദ ഡേറ്റ് ചിത്രീകരിച്ചത്. ചിത്രദുര്‍ഗയിലെ ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഡോക്ടറും പ്രതിശ്രുതവധുവും ശസ്ത്രക്രിയ നടത്തുന്ന രീതിയിലാണ് വീഡിയോ ചിത്രികരിച്ചത്. അതിനായി അവര്‍ എല്ലാ ഒരുക്കങ്ങളും നടത്തി. രോഗിയായി ഒരു സുഹൃത്തിനെയും തയ്യാറാക്കി. വീഡിയോ ചിത്രീകരിക്കുന്നതിനിടെ എല്ലാവരും ചിരിക്കുന്നത് വീഡിയോയില്‍ കാണാം

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ജില്ലാ ഭരണകൂടം ഡോക്ടറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ‘ഞങ്ങള്‍ അദ്ദേഹത്തെ ഒരു മാസം മുമ്പ് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ (എന്‍എച്ച്എം) മുഖേന മെഡിക്കല്‍ ഓഫീസറായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചിരുന്നു. അറ്റുകുറ്റപ്പണി നടക്കുന്നതിനാല്‍ ഓപ്പറേഷന്‍ തിയേറ്റര്‍ നിലവില്‍ ഉപയോഗിക്കാറില്ല. അവിടെ വച്ചായിരുന്നു ഇത്തരത്തില്‍ ഒരു വീഡിയോ ചിത്രീകരിച്ചതെന്ന് ജില്ലാ ആരോഗ്യ ചിത്രദുര്‍ഗ ഓഫീസര്‍ രേണു പ്രസാദ് പറഞ്ഞു.

ഡോക്ടര്‍മാരുടെ ഇത്തരം അച്ചടക്കമില്ലായ്മ അംഗീകരിക്കാനാവില്ലെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു പറഞ്ഞു. ‘സര്‍ക്കാര്‍ ആശുപത്രികള്‍ നിലനില്‍ക്കുന്നത് ആളുകളുടെ ആരോഗ്യ സംരക്ഷണത്തിനാണ്, അല്ലാതെ വ്യക്തിപരമായ നേട്ടത്തിന് വേണ്ടിയല്ല. ഡോക്ടര്‍മാരുടെ ഇത്തരം അച്ചടക്കമില്ലായ്മ അംഗീകരിക്കാനാകില്ല. ആരോഗ്യവകുപ്പില്‍ ജോലി ചെയ്യുന്ന കരാര്‍ ജീവനക്കാരടക്കം സര്‍ക്കാര്‍ ചട്ടങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ആശുപത്രികളെ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കാന്‍ ബന്ധപ്പെട്ട ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു.

Leave a Reply