വനിത പ്രവർത്തകയുടെ വസ്ത്രം വലിച്ചു കീറി, മുടിയില്‍ പോലീസ് ബൂട്ടിട്ട് ചവിട്ടി; കണ്ണൂരിലും കോട്ടയത്തും യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ സംഘർഷം

0

കണ്ണൂര്‍: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ കണ്ണൂര്‍ കളക്ട്രേറ്റ് മാര്‍ച്ചിനിടെ സംഘർഷം. പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകയുടെ വസ്ത്രം വലിച്ചുകീറുകയും മുടിയില്‍ പോലീസ് ബൂട്ടിട്ട് ചവിട്ടുകയും ചെയ്തെന്ന് ആരോപണമുണ്ട്. യൂത്ത് കോൺഗ്രസ് അഴീക്കോട് ബ്ലോക്ക് സെക്രട്ടറി റിയാ നാരായണനെതിരെയായിരുന്നു പോലീസിൻ്റെ അതിക്രമം.

പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി. മുടിയില്‍ ചവിട്ടി നില്‍ക്കുന്നുവെന്നും വസ്ത്രം കീറിയെന്നും പ്രവര്‍ത്തക വിളിച്ച് പറഞ്ഞെങ്കിലും പോലീസ് ഗൗനിച്ചില്ല. അതിരൂക്ഷമായ വിമര്‍ശനമാണ് പോലീസിനെതിരെ പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്. പ്രവര്‍ത്തകയെ അറസ്റ്റു ചെയ്ത് നീക്കുന്നതിനിടെയാണ് ഇവരുടെ വസ്ത്രം കീറിയത്. ഇതിനിടെ വനിതാ പോലീസ് പ്രവര്‍ത്തകയുടെ മുടിയിലും വസ്ത്രത്തിലും ചവിട്ടി പിടിച്ചു. കൈക്ക് പരിക്കേറ്റ് പ്രവര്‍ത്തക ഏറെ നേരം റോഡില്‍ കിടന്നു. വേദനിക്കുന്നുണ്ടെന്നും മുടിയില്‍ ചവിട്ടരുതെന്നും പറയുമ്പോഴും പിന്മാറാന്‍ പോലീസ് തയ്യാറായില്ല.

വലിയ പോലീസ് സന്നാഹം തന്നെ കളക്ട്രേറ്റിനു മുന്നില്‍ നിലയുറപ്പിച്ചിരുന്നു. കളക്ട്രേറ്റിലേക്ക് തള്ളികയറാന്‍ ശ്രമിച്ച പോലീസ് രണ്ടു തവണ പ്രവർത്തകർക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. കോട്ടയത്തും യൂത്ത് കോൺഗ്രസ് മാർച്ചിനിടെ പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here