ആലപ്പുഴയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രമുഖ സിനിമാതാരം പരിഗണനയിൽ; ചർച്ചകളിൽ ഷാനിമോള്‍ ഉസ്മാന്‍, എ എ ഷുക്കൂര്‍, എം എം ഹാസൻ എന്നീ പേരുകളും; സിറ്റിങ് എംപിമാരില്ലാത്ത ലോക്സഭാ സീറ്റുകളിൽ സർവത്ര ആശയക്കുഴപ്പം

0



ആലപ്പുഴ: ആലപ്പുഴയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രമുഖ സിനിമാതാരം പരിഗണനയിൽ. വിജയസാധ്യത മുന്‍നിര്‍ത്തി സിനിമാതാരങ്ങളെ ഇറക്കാനുള്ള ആലോചനയിലാണ് പാർട്ടി. ആലപ്പുഴയിൽ സിറ്റിങ് എംപി ഇല്ലാത്തതാണ് സ്ഥാനാർഥി നിർണയത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ആലപ്പുഴയില്‍ മുസ്ലിം സമുദായത്തില്‍ നിന്നൊരാള്‍ വേണമെന്നാണ് മറ്റൊരു ആവശ്യം. ഷാനിമോള്‍ ഉസ്മാന്‍, എഎ ഷുക്കൂര്‍, എം.എം.ഹസൻ എന്നീ പേരുകളിലാണ് ഇവിടെ കോണ്‍ഗ്രസ് പരിഗണിക്കുന്നത്. ഇതിനുപുറമെ ആലപ്പുഴയിൽ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിക്കായുള്ള ആലോചനയില്‍ മലയാളത്തിലെ ഒരു പ്രധാന നടനും കോണ്‍ഗ്രസ് പട്ടികയിലുണ്ട്.

ആലപ്പുഴയിലേതു പോലെ തന്നെ കണ്ണൂരിലെയും സ്ഥാനാര്‍ത്ഥി നിര്‍ണയം കോണ്‍ഗ്രസിന് തലവേദനയായി മാറുകയാണ്. കണ്ണൂരില്‍ കെ സുധാകരന്‍ ഒഴിയുന്ന സീറ്റില്‍ തീയ്യ സമുദായത്തില്‍നിന്ന് തന്നെ സ്ഥാനാര്‍ഥി വേണമെന്നാണ് ഒരു വിഭാഗത്തിന്‍റെ ശാഠ്യം. കാസര്‍കോട്, വടകര, കോഴിക്കോട് മണ്ഡലങ്ങളില്‍ നായര്‍ സമുദായത്തില്‍നിന്നുള്ളവരാണ് കോണ്‍ഗ്രസിന്‍റെ സിറ്റിങ് എംപിമാര്‍.

കണ്ണൂര്‍ സീറ്റിലൂടെ സാമുദായിക സന്തുലനം പാലിക്കണമെന്നാണ് ആവശ്യം. അങ്ങനെ വന്നാല്‍ സുധാകരന്റെ വിശ്വസ്തരായ കെ ജയന്തോ, എം ലിജുവോ സീറ്റുറപ്പിക്കും. മുന്നണിയില്‍ മുസ്ലിം സമുദായത്തില്‍നിന്നുള്ള രണ്ട് എംപിമാരുണ്ടെങ്കിലും കോണ്‍ഗ്രസിനില്ല.

കണ്ണൂരില്‍ മുസ്ലിം വനിതയും ആലപ്പുഴയില്‍ ഈഴവസ്ഥാനാര്‍ഥിയുമെന്ന മറ്റൊരു ഫോര്‍മുലയും കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ടുവയ്ക്കുന്നവരുണ്ട്. അങ്ങനെ വന്നാല്‍ ഷമ മുഹമ്മദ് കണ്ണൂരിന്‍റെ പട്ടികയിലേക്ക് വരും. യുവാക്കളെ ഇറക്കാനാണ് സാധ്യതയെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അബുദുള്‍ റഷീദിനും സാധ്യതയുണ്ട്. ഈഴവ പ്രതിനിത്യത്തിലേക്ക് വന്നാല്‍ ആലപ്പുഴയില്‍ എം ലിജുവും എഐസിസി അംഗം അനില്‍ ബോസും ആലോചനയിലേക്ക് വരും. ആറ്റിങ്ങല്‍ വിട്ട് അടൂര്‍ പ്രകാശ് ആലപ്പുഴയില്‍ മത്സരിക്കണമെന്ന അഭിപ്രായങ്ങളും പാര്‍ട്ടിയിലുണ്ട്. എന്നാല്‍, നിലവിലെ സ്ഥിതിയിൽ സിപി എമമിന്‍റെ സിറ്റിംഗ് സീറ്റായ ആലപ്പുഴയിൽ രാഷ്ട്രീയ മൽസരം കാഴ്ചവയ്ക്കാൻ കഴിയുന്ന ഏറ്റവും മികച്ച സ്ഥാനാർഥി യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലാണെന്ന നിരീക്ഷണവും മുതിർന്ന നേതാക്കളിൽ ചിലർ പങ്കു വയ്ക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here