മാപ്പിളപ്പാട്ട് കലാകാരി ഫാരിഷ ഹുസൈൻ ശാസ്ത്രീയ സം​ഗീതത്തിലും അരങ്ങേറ്റം നടത്തി

0

കോട്ടയ്ക്കൽ: മാപ്പിളപ്പാട്ട് കലാകാരി ഫാരിഷ ഹുസൈൻ ശാസ്ത്രീയ സം​ഗീതത്തിലും അരങ്ങേറ്റം നടത്തി. 21 വർഷം മുൻപ് തൃപ്പൂണിത്തുറ ആർഎൽവി കോളജിൽനിന്നും ഗാനഭൂഷണം ഡിപ്ലോമ കോഴ്സ് കഴിഞ്ഞിറങ്ങിയ കോട്ടയ്ക്കൽ സ്വദേശിയായ ഫാരിഷ ഹുസൈൻ കഴിഞ്ഞ ദിവസമാണ് പൊന്നാനി ചാലിയേരി ഭഗവതി ക്ഷേത്രത്തിൽ ശാസ്ത്രീയ സം​ഗീതത്തിൽ അരങ്ങേറിയത്. ടെലിവിഷൻ ചാനലുകളിലൂടെയും സ്റ്റേജ് പ്രോ​ഗ്രാമുകളിലും മാപ്പിളപ്പാട്ടിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ കലാകാരിയാണ് ഫാരിഷ ഹുസൈൻ.

സംസ്ഥാന കലോത്സവത്തിൽ മാപ്പിളപ്പാട്ടിലും തമിഴ് പദ്യംചൊല്ലലിലും വിജയിയായിരുന്ന ഫാരിഷ പത്താം ക്ലാസ് കഴിഞ്ഞ ശേഷമാണ് ആർഎൽവി സംഗീത കോളജിലെത്തുന്നത്. അതിനിടെയാണ് ടിവി ചാനലുകളിലെ റിയാലിറ്റി ഷോകളിൽ തുടർച്ചയായി വിജയിയായത്. മത്സരങ്ങളിൽ കൂടുതലായി പാടിയത് മാപ്പിളപ്പാട്ടുകൾ ആയതിനാൽ പിന്നീട് ആ ട്രാക്കിലായി യാത്ര. യുഎഇയിലും സൗദിയിലുമായി 27 രാജ്യങ്ങളിൽ പ്രമുഖ ഗായകർക്കൊപ്പം 2 വർഷത്തിനകം പരിപാടികൾ അവതരിപ്പിച്ചു. എസ്.ജാനകിയുടെ മലയാളം, തമിഴ് ഗാനങ്ങളും ലതാ മങ്കേഷ്കറിന്റെ ഹിന്ദിപ്പാട്ടുകളുമാണ് ഏറെയും പാടിയത്.

തിരക്കുകൾക്കിടയിലും ശാസ്ത്രീയ സംഗീതത്തിൽ അരങ്ങേറ്റം നടത്തണമെന്ന മോഹം ഹൃദയത്തിൽ സൂക്ഷിച്ചു ഫാരിഷ. അങ്ങനെയിരിക്കെയാണ് പൊന്നാനി ചാലിയേരി ഭഗവതി ക്ഷേത്രത്തിൽ അതിനുള്ള അവസരം ഒത്തുവന്നത്. ക്ഷേത്രത്തിലെ ശാന്തിക്കാരന് വെറ്റിലയിൽ ദക്ഷിണ വച്ച് തുടങ്ങി. ഭജനും കീർത്തനങ്ങളുമെല്ലാം പാടി ഹരിവരാസനത്തോടെ അവസാനിപ്പിച്ചു.

അവസരങ്ങൾ ഒത്തുവന്നാൽ കച്ചേരിയുമായി മുന്നോട്ടുപോകാൻ തന്നെയാണ് ഫാരിഷയുടെ തീരുമാനം. കീബോർഡ് ആർട്ടിസ്റ്റായ ഭർത്താവ് ഹുസൈന്റെ പിന്തുണയാണ് കോട്ടയ്ക്കൽ എൻഎസ്എസ് കരയോഗം ഹയർ സെക്കൻഡറി സ്കൂൾ സംഗീത അധ്യാപിക കൂടിയായ ഫാരിഷയുടെ പിൻബലം. മക്കൾ: ഷഹറ, ഷാസിൻ, ഐറ.

LEAVE A REPLY

Please enter your comment!
Please enter your name here