ഹൈറിച്ച് ഉടമകള്‍ കൈക്കലാക്കിയത് 1157 കോടി; എച്ച് ആര്‍ കോയിന്‍ വഴി 1138 കോടിയെന്നും ഇഡി

0

തൃശൂര്‍: മണി ചെയിന്‍ തട്ടിപ്പിലൂടെ ഹൈറിച്ച് കമ്പനി ഉടമകള്‍ കൈവശപ്പെടുത്തിയത് 1157 കോടി രൂപയെന്ന് കണ്ടെത്തല്‍. എച്ച് ആര്‍ കോയിന്‍ എന്ന പേരില്‍ ഒരു കോയിന്‍ പുറത്തിറക്കി. ഇതിന്റെ പേരിലാണ് കൂടുതല്‍ ഇടപാട് നടന്നതെന്ന് ഇഡി കണ്ടെത്തി. ഇതിലൂടെ നിക്ഷേപകരില്‍ നിന്നും സമാഹരിച്ചത് 1138 കോടിയാണ്.

സമീപകാലത്ത് നടന്ന ഏറ്റവും വലിയ കള്ളപ്പണ ഇടപാടാണ് ഹൈറിച്ച് നടത്തിയതെന്നും ഇഡി വ്യക്തമാക്കി. ഹൈറിച്ച് ഉടമകളായ കെഡി പ്രതാപന്റെയും ശ്രീന പ്രതാപന്റെയും വീടുകളില്‍ നടത്തിയ റെയ്ഡിന് ശേഷമാണ് ഇഡിയുടെ വെളിപ്പെടുത്തല്‍.

അഞ്ചു കമ്പനികള്‍ വഴിയാണ് 1157 കോടി രൂപ സമാഹരിച്ചത്. ക്രിപ്‌റ്റോ ഇടപാടുകള്‍ വഴി കോടികളുടെ കള്ളപ്പണ ഇടപാടാണ് ഇവര്‍ നടത്തിയത്. അഞ്ച് കമ്പനികളുടെ പേരിൽ 50 ബാങ്ക് അക്കൗണ്ടുകളിലായി 212 കോടി രൂപയാണ് ഉണ്ടായിരുന്നത്. ഇത് ഇഡി മരവിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമേ സമാഹരിച്ച പണം വിദേശത്തേക്ക് കടത്തിയെന്നും ഇഡി സംശയിക്കുന്നു.

ഹൈറിച്ച് കൂപ്പണ്‍ വഴിയും നിക്ഷേപകരുമായി ഇടപാടുകള്‍ നടത്തിയിരുന്നു. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം വേണം. ഇഡി റെയ്ഡിന് മുമ്പ് രക്ഷപ്പെട്ട ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി ഉടമയായ കെ ഡി പ്രതാപനും ഭാര്യ ശ്രീനയും ഒളിവില്‍ തുടരുകയാണ്. ഇവര്‍ക്കെതിരെ കള്ളപ്പണ ഇടപാടിന് പിഎംഎല്‍എ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ഇഡി വെളിപ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here