‘അപലപിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല,ജനാധിപത്യത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് നടക്കുന്നത്: കെസി വേണുഗോപാല്‍

0

ഡല്‍ഹി: കോണ്‍ഗ്രസ് മാര്‍ച്ചിനെതിരെ തിരുവനന്തപുരത്തെ പൊലീസ് അതിക്രമത്തെ അപലപിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ജനാധിപത്യത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് നടക്കുന്നത്. ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചാല്‍ എന്തായിരിക്കും സ്ഥിതി അതല്ലേ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതെന്ന് ചോദിച്ച അദ്ദേഹം എന്തിനാണ് നേതാക്കള്‍ക്ക് നേരെ ഗ്രനേഡ് എറിഞ്ഞതെന്നും ചോദിച്ചു.

അക്രമണത്തിന് പൊലീസാണ് നേതൃത്വം നല്‍കുന്നത് ഗ്രനേഡ് എറിയാന്‍ എവിടെ നിന്നാണ് നിര്‍ദ്ദേശം കിട്ടിയത്. ഡിജിപി ഓഫീസില്‍ നിന്നും നല്‍കിയതാണോ ഇതില്‍ നിന്നൊന്നും പാഠം ഉള്‍ക്കൊണ്ടില്ലെങ്കില്‍ പ്രത്യാഘാതം വലുതായിരിക്കും. ഇന്നലെ ഡല്‍ഹിയില്‍ യെച്ചൂരിയും ഞാനും ഒരുമിച്ചിരുന്നാണ് സമരം ചെയ്തത്. എന്നാല്‍ എന്താണ് മോദി ചെയ്യുന്നത് അതുപോലെ ആവര്‍ത്തിക്കുകയാണ് ഇവിടെ. നേതാക്കള്‍ക്കെതിരായ അക്രമം നിസ്സാരമായി കാണാന്‍ കഴിയില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

അടിക്ക് തിരിച്ചടി കോണ്‍ഗ്രസിന്റെ നയമല്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരെ കോടതിയില്‍ നിന്ന് നടപടി വന്നിരിക്കുകയാണ്. ഇന്നലെ വൈകുന്നേരം വരെ മുഖ്യമന്ത്രി അയാളെ ന്യായീകരിച്ചു കൊണ്ടിരിക്കുകയാണ്. ഉമ്മന്‍ചാണ്ടിയുടെയോ കരുണാകരന്റെയോ വിഎസിന്റെയോ ഗണ്‍മാന്മാര്‍ ആരെയെങ്കിലും തല്ലിയിട്ടുണ്ടോ? മോദിക്കെതിരെ പറഞ്ഞാല്‍ ഇഡിയെ അയക്കുകയും മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാല്‍ കേസ് എടുക്കുകയും ചെയ്യുകയാണ്.

ഗവര്‍ണറുടെ നടപടിയെ ഞങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. മുഖ്യമന്ത്രി മുഖ്യമന്ത്രിയുടെ ആളുകളെ തിരുകി കയറ്റാന്‍ ശ്രമിക്കുന്നു, ഗവര്‍ണര്‍ ഗവര്‍ണറുടെ ആളുകളെയും തിരുകിക്കയറ്റുന്നു. കോണ്‍ഗ്രസിന്റെ നിലപാട് ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here