സെനറ്റ് അംഗങ്ങളെ എസ്എഫ്‌ഐ തടഞ്ഞ സംഭവത്തില്‍ ബാലന്‍ പൂതേരി ഉള്‍പ്പെടെയുള്ളവര്‍ പൊലീസില്‍ പരാതിനല്‍കി

0

 

 

മലപ്പുറം: സെനറ്റ് അംഗങ്ങളെ എസ്എഫ്‌ഐ തടഞ്ഞ സംഭവത്തില്‍ പത്മശ്രീ ബാലന്‍ പൂതേരി ഉള്‍പ്പെടെയുള്ളവര്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നല്‍കി. ഇ മെയില്‍ വഴിയാണ് പരാതി നല്‍കിയത്. രാജ്യം പത്മശ്രീ നല്‍കി ആദരിച്ച വ്യക്തിയെ അപമാനിച്ചെന്ന് പരാതിയില്‍ പരാമര്‍ശിക്കുന്നു. യോഗത്തില്‍ നിന്ന് പുറത്താക്കപ്പെട്ട എട്ട് സെനറ്റ് അംഗങ്ങളും കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു.

 

അതേസമയം, കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സെനറ്റ് അംഗങ്ങളെ തടഞ്ഞ സംഭവത്തില്‍ ഗവര്‍ണര്‍ നിയമോപദേശം തേടിയിരുന്നു. ആരിഫ് മുഹമ്മദ് ഖാന്‍ ഹൈക്കോടതിയെ സമീപിച്ചേക്കും. ഗവര്‍ണര്‍ നിയമിച്ച ഒമ്പത് സെനറ്റ് അംഗങ്ങളെ സംഘപരിവാര്‍ ബന്ധം ആരോപിച്ചാണ് എസ്എഫ്‌ഐയുടെ പ്രതിഷേധം.

 

സര്‍വകലാശാലകളെ ഗവര്‍ണര്‍ കാവിവല്‍ക്കരിക്കുകയാണെന്ന് ആരോപിച്ചായിരുന്നു എസ്എഫ്ഐ നടപടി. സെനറ്റ് യോഗത്തിനെത്തിയ സിപിഎം, ലീഗ്, കോണ്‍ഗ്രസ് നോമിനികളെ പ്രവേശിപ്പിച്ചപ്പോള്‍ ബാലന്‍ പൂതേരി അടക്കം ഗവര്‍ണറുടെ ഒന്‍പതു നോമിനികളെ ഗേറ്റിന് പുറത്ത് എസ്എഫ്‌ഐ തടഞ്ഞു. സെനറ്റ് യോഗത്തിനെത്തിയ അംഗങ്ങളെ പേരും മറ്റു വിവരങ്ങളും ചോദിച്ചാണ് എസ്എഫ്‌ഐ പ്രവേശിപ്പിച്ചത്.

 

തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷമുണ്ടായി. പൊലീസ് എസ്എഫ്‌ഐ പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടെ സെനറ്റ് യോഗം അഞ്ചുമിനിറ്റ് കൊണ്ട് പിരിഞ്ഞു. സെനറ്റ് യോഗത്തില്‍ കൈയ്യാങ്കളി ആരോപണത്തെ തുടര്‍ന്നാണ് വേഗത്തില്‍ പിരിഞ്ഞത്. ആകെ അഞ്ച് അജണ്ടകളാണ് ഉണ്ടായിരുന്നത്. വിദ്യാര്‍ത്ഥി അംഗങ്ങളുടെ പ്രതിഷേധം കണക്കിലെടുക്കാതെ അജണ്ടകള്‍ കൈയടിച്ച് പാസാക്കിയെന്ന് യുഡിഎഫ് അംഗങ്ങള്‍ പരാതിപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here