കേരളീയത്തിൽ ഗോത്ര വിഭാഗങ്ങളെ അപമാനിച്ചു, കേരളത്തിന്റെ യശസ്സ് ലോകത്തിന് മുന്നിൽ അപമാനിക്കപ്പെട്ടു; കെ സുരേന്ദ്രൻ 

0

കേരളീയത്തിൽ നടന്നത് കേരളത്തിന് അപമാനകരമാകുന്ന കാര്യങ്ങൾ ആണെന്നും കേരളത്തിന്റെ യശസ്സ് ലോകത്തിന് മുന്നിൽ അപമാനിക്കപ്പെട്ടു എന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഗോത്ര വിഭാഗങ്ങളെ പച്ചയായി അപമാനിക്കുന്ന സംഭവമാണ് കേരളീയത്തിലുണ്ടായതെന്ന് സുരേന്ദ്രൻ പറഞ്ഞു. വികൃതമായ രീതിയിൽ അവരെ വേഷം കെട്ടിച്ച് പരസ്യമായി പൊതുസമൂഹത്തിൽ അപമാനിച്ചു. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

സംഘാടകർ ആദിവാസി സമൂഹത്തോട് മാപ്പ് പറയണം. പ്രമുഖരായ വ്യക്തികൾ പങ്കെടുക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാഗ്ദാനം. ഇതുവരെ പ്രമുഖരായ വ്യക്തികളെയൊന്നും കേരളീയത്തിൽ കണ്ടില്ല. നിക്ഷേപം ഉണ്ടാകുമെന്നായിരുന്നു ധനമന്ത്രിയുടെ പ്രസ്താവന. കേരളത്തിലേക്ക് പുതിയ നിക്ഷേപങ്ങൾ വരുന്ന രീതിയിലുള്ള ഇടപെടലുകളും കേരളീയത്തിൽ ഉണ്ടായിട്ടില്ല.

 

മാനവീയം വീഥിയിൽ ക്വട്ടേഷൻ സംഘങ്ങളുടെ ആക്രമണമാണ് നേരിടേണ്ടി വന്നത്. മയക്കുമരുന്ന് സംഘങ്ങളും ക്വട്ടേഷൻ സംഘങ്ങളും അവിടെ ഏറ്റുമുട്ടി. കേരളീയത്തിലൂടെ അവർക്ക് ലൈസൻസ് കിട്ടിയ അവസ്ഥയാണ്. അവിടെ വിഹരിക്കാനുള്ള അവസരം അവർക്ക് നൽകുന്ന സാഹചര്യമുണ്ടായി.

 

കേരളീയം ധൂർത്താണ്. പൈസ പിരിക്കാൻ ആർക്കാണ് അധികാരം കൊടുത്തത്. ആറ്റുകാൽ പൊങ്കാലയിൽ ലക്ഷക്കണക്കിന് രൂപ എഴുതിയെടുത്ത തിരുവനന്തപുരം മേയർക്കാണ് ചുമതല നൽകിയത്. സർക്കാർ ഖജനാവ് ഉപയോഗിച്ച് കോടിക്കണക്കിന് രൂപ കൊള്ള നടത്തുക എന്നതാണ് കേരളീയത്തിലൂടെ ലക്ഷ്യമിടുന്നതെന്നും സുരേന്ദ്രൻ വിമർശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here