ഓയൂരിൽ നിന്ന് കാണാതായ ആറുവയസുകാരിയെ കണ്ടെത്തി; കണ്ടെത്തിയത് കൊല്ലം ആശ്രമം മൈതാനത്തിന് സമീപത്ത് നിന്ന്

0

കൊല്ലം: ഓയൂരിൽ നിന്ന് കാണാതായ ആറുവയസുകാരി അബിഗേലിനെ കണ്ടെത്തി. കുട്ടിയെ ഉപേക്ഷിച്ചു തട്ടിക്കൊണ്ടു പോയവർ കടന്നു കളഞ്ഞതായാണ് സൂചന. കൊല്ലം ആശ്രമം മൈതാനത്തിന് സമീപത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വൈകാതെ കൊണ്ടുപോകും.

ഇന്നലെ വൈകീട്ട് നാലരക്കാണ് ട്യൂഷന് പോകും വഴി സഹോദരന് മുന്നിൽവെച്ചാണ് 6 വയസുകാരി അബിഗേൽ സാറയെ വെള്ള നിറത്തിലുള്ള കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയത്. പ്രതികളെന്ന് കരുതുന്നവര്‍ പാരിപ്പള്ളിയിലെ കടയിൽ നിന്ന് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ച് പണം ആവശ്യപ്പെട്ടപ്പോൾ മാത്രമാണ് പൊലീസിന് കിട്ടിയ ആകെയൊരു തുമ്പ്. ആ നമ്പറും സ്ഥലവും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം ഒരു രാത്രി മുഴുവൻ ഇരുട്ടി വെളുത്തിട്ടും തുമ്പില്ലാത്ത അവസ്ഥ ആയിരുന്നു. പോകാൻ സാധ്യതയുള്ള ഇടങ്ങളിലെല്ലാം ഒരിഞ്ച് വിടാതെ സിസിടിവികൾ അരിച്ചു പെറുക്കി, തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ചെന്ന് കരുതുന്ന കാറിന്‍റെ നമ്പര്‍ പ്ലേറ്റ് വ്യാജമെന്ന് തിരിച്ചറിഞ്ഞതോടെ ആ അന്വേഷണവും വഴി മുട്ടി. ഒരു പ്രത്യേക സ്ഥലത്ത് വച്ച് സിസിടിവി പിന്തുടര്‍ന്ന് നടത്തിവന്ന അന്വേഷണവും വഴിമുട്ടി. ഫോൺ ചെയ്യാനെത്തിയ സ്ത്രീ അടക്കമുള്ളവര്‍ സഞ്ചരിച്ച ഓട്ടോയെ കുറിച്ചും പൊലീസിന് ഒരു വിവരവും ലഭിച്ചില്ല .

കരുതിക്കൂട്ടി നല്ല ആസൂത്രണത്തോടെ നടപ്പാക്കിയ ക്രൈം തന്നെ എന്നാണ് പൊലീസ് കരുതുന്നത്. പിന്നിൽ ഒരു സംഘം തന്നെ ഉണ്ടെന്ന് സംശയിക്കുമ്പോഴും ഇവര്‍ ആരെന്നോ എത്ര പേരുണ്ടെന്നോ ഇവരുടെ ഉദ്ദേശമെന്തെന്നോ ഒന്നും വ്യക്തമല്ല. പാരിപ്പള്ളിയിലെ കടയിൽ ഫോൺ ചെയ്യാനെത്തിയ സ്ത്രീക്ക് ഒപ്പമുണ്ടായിരുന്ന ആളുടെ രേഖാചിത്രം തയ്യാറാക്കിയിട്ടുണ്ട്. ഫോൺവിളി സന്ദേശങ്ങൾ ട്രാക്ക് ചെയ്യാൻ സൈബര്‍ സംഘം ഉണര്‍ന്നിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here