പണം തട്ടിയെന്ന പരാതി അടിസ്ഥാനരഹിതമാണെന്ന് ശ്രീശാന്ത്

0

 

 

എറണാകുളം: ആരോപണങ്ങൾ നിഷേധിച്ച് ശ്രീശാന്ത്. പണം തട്ടിയെന്ന പരാതി അടിസ്ഥാനരഹിതമാണെന്ന് ശ്രീശാന്ത്. പരാതിക്കാരനെ കണ്ടിട്ട് പോലുമില്ല. വ്യാജ ആരോപണങ്ങൾ ഉന്നയിച്ചതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി .പണം തട്ടിയെന്ന പരാതിയിൽ ശ്രീശാന്ത് ഉൾപ്പെടെ മൂന്നു പേർക്കെതിരെ കോടതി നിർദേശ പ്രകാരം കണ്ണൂർ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരുന്നു.

 

കണ്ണൂർ കണ്ണപുരം സ്വദേശി സരീഗ് ബാലഗോപാലിന്റെ പരാതിയിലാണ് ശ്രീശാന്ത് ഉൾപ്പെടെ 3 പേർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഉഡുപ്പി സ്വദേശികളായ രാജീവ് കുമാറും വെങ്കിടേഷ് കിനിയുമാണ് മറ്റ് പ്രതികൾ. വെങ്കിടേഷ് കിനിയുടെ ഭൂമിയിൽ നിർമ്മിക്കുന്ന വില്ല വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തന്റെ കൈയ്യിൽ നിന്ന് വാങ്ങിയെന്ന് സരീഗ് പരാതിയിൽ പറയുന്നു. എന്നാൽ നിർമാണം നടന്നില്ല. അതേ സ്ഥലത്ത് ശ്രീശാന്ത് കായിക അക്കാദമി തുടങ്ങുമെന്നും അതിൽ പങ്കാളിയാക്കാമെന്നും രാജിവും വെങ്കിടേഷും സരീഗിനെ അറിയിച്ചു. ശ്രീശാന്ത് നേരിട്ട് വിളിച്ച് ഇക്കാര്യത്തിൽ ഉറപ്പ് തന്നിരുന്നതായി സരീഗ് പറയുന്നു. എന്നാൽ ഇതിലും നടപടി ഉണ്ടായില്ലെന്ന് ആരോപിച്ചാണ് കണ്ണൂർ ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി നൽകിയത്. ശ്രീശാന്ത് അടക്കം മൂന്ന് പേർക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടു.

 

ഇതോടെയാണ് കണ്ണൂർ ടൗൺ പൊലീസ് കേസ് എടുത്തത്. ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ കളിക്കുകയാണ് ശ്രീശാന്തിപ്പോൾ. പരാതിക്കാരനായ സരീഗുമായി നേരിട്ട് ബന്ധമില്ലെന്നും സാമ്പത്തിക ഇടപാടുകൾ നടന്നിട്ടില്ലെന്നും ശ്രീശാന്തിന്റെ കുടുംബം വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here