നവകേരള സദസ് ; ഇതുവരെ 5,40,725 പരാതികൾ ലഭിച്ചെന്ന് മുഖ്യമന്ത്രി

0

നവകേരള സദസിൽ ഇതുവരെ ലഭിച്ചത് 5,40,725 പരാതികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ആരംഭിച്ച പരാതിപരിഹാര സെല്ലില്‍ നാളിതുവരെ 5,40,722 പരാതികളാണ് ലഭിച്ചത്. അതില്‍ 5,36,525 പരാതികളില്‍ തീര്‍പ്പ് കല്‍പ്പിച്ചു.
അതായത്, 99.2 ശതമാനം പരാതികളിലും പരിഹാരമുണ്ടായിരിക്കുന്നു. ബാക്കിയുള്ള 4,197 പരാതികളിലുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അവയും സമയബന്ധിതമായി പരിഹരിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.

നവകേരള സദസിന് മുന്‍പ് നടന്ന ‘കരുതലും കൈത്താങ്ങും’ താലൂക്കുതല അദാലത്തുകളിലും ജനങ്ങളുടെ വിവിധ വിഷയങ്ങളിലുള്ള പരാതികളിലും വേഗത്തിലുള്ള പരിഹാരം ഉണ്ടായിട്ടുണ്ട്. അദാലത്തുകളില്‍ 76,551 പരാതികളാണ് ആകെ ലഭിച്ചത്.
അതില്‍ 69,413 പരാതികളിലും തീര്‍പ്പുണ്ടായി. ബാക്കിയുള്ള 7,138 പരാതികള്‍ പരിശോധനയിലാണ്. ഹിയറിങ് അടക്കമുള്ള തുടര്‍നടപടികള്‍ വേണ്ട പരാതികളാണ് അവശേഷിക്കുന്നതിലേറെയുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

16 മണ്ഡലങ്ങളിലാണ് ഇതുവരെ നവകേരള സദസ്സ് ചേര്‍ന്നത്. ഇതില്‍ നാല് മണ്ഡലങ്ങളിലെ എം എല്‍ എ മാര്‍ പങ്കെടുത്തിരുന്നില്ല. രാഷ്ട്രീയ എതിര്‍പ്പുന്നയിച്ച് എം എല്‍ എ മാര്‍ ബഹിഷ്കരിച്ച ആ നാല് മണ്ഡലങ്ങളിലുള്‍പ്പെടെ സംഘാടകസമിതികള്‍ പ്രതീക്ഷിച്ചതിന്‍റെ പലമടങ്ങ് ജനങ്ങളാണെത്തിയത്.ഒരു ബഹിഷ്കരണാഹ്വാനവും ഏശിയില്ല. എന്ന് മാത്രമല്ല, വലിയ തോതിൽ അപവാദം പ്രചരിപ്പിച്ചവര്‍ അപഹാസ്യരാവുകയും ചെയ്തു. ബഹിഷ്കരണാഹ്വാനവും അടിസ്ഥാന രഹിതമായ പ്രചാരണങ്ങളും തള്ളിക്കളഞ്ഞുകൊണ്ട് മഹാപ്രവാഹമായി ജനങ്ങള്‍ എത്തുമ്പോള്‍ മനക്കോട്ട തകര്‍ന്നതിന്‍റെ മനോവിഭ്രാന്തിയാണ് ചിലര്‍ക്കെന്നും മുഖ്യമന്ത്രി പറഞ്ഞു.

എം എല്‍ എ മാര്‍ പ്രതിപക്ഷത്താണോ ഭരണ പക്ഷത്താണോ എന്നത് നോക്കിയല്ല സര്‍ക്കാര്‍ നാടിന്‍റെ വികസനം സാധ്യമാക്കുന്നത്. എല്ലാ പ്രദേശങ്ങള്‍ക്കും തുല്യ പരിഗണയാണ് സര്‍ക്കാര്‍ നല്‍കുന്നത്. പിന്നെന്തിനാണ് ഈ ബഹിഷ്കരണവും ആക്രോശവും എന്ന് ജനങ്ങളോട് വിശദീകരിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here