മാധ്യമങ്ങൾ ‘ലാപ് ഡോഗ്‌സ്’ ആയി മാറുന്നുണ്ടോ എന്ന് പരിശോധിക്കണം: മുഖ്യമന്ത്രി 

0

ജനാധിപത്യത്തിന്റെ ‘കാവൽ നായ്ക്കൾ’ അഥവാ വാച്ച് ഡോഗ്സ് ആയി പ്രവർത്തിക്കേണ്ട മാധ്യമങ്ങൾ ആരുടെയെങ്കിലും ‘മടിയിലിരിക്കുന്ന നായ്ക്കൾ’ അഥവാ ലാപ്പ് ഡോഗ്സ് ആയി മാറുന്നുണ്ടോ എന്നത് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങൾ ആരുടെയെങ്കിലും അരുമകളായി മാറുന്നുവെങ്കിൽ അത് തിരുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരള പത്രപ്രവർത്തക യൂണിയൻ 59ാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

വസ്തുനിഷ്ഠത, സത്യസന്ധത, നിഷ്പക്ഷത തുടങ്ങിയ മാധ്യമ പ്രവർത്തനത്തിന്റെ അടിസ്ഥാന ശിലകൾ ആവശ്യമില്ലെന്ന് ചില മാധ്യമങ്ങൾ തീരുമാനിച്ചിരിക്കുകയാണ്. രാഷ്ട്രീയക്കാർക്ക് മാത്രമല്ല മാധ്യമങ്ങളെ ഗൗരവത്തിൽ നിരീക്ഷിക്കുന്ന എല്ലാവർക്കും അറിയുന്നതാണ് ഇക്കാര്യം. ഈ നിലയിൽ നിന്ന് മാധ്യമങ്ങൾ മാറണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

നമ്മുടെ നാട് ഇന്നുള്ളിടത്ത് നിന്നാൽപോര, ഇനിയും മുന്നേറണം. ആ മുന്നേറ്റത്തിനൊപ്പം നിൽക്കാൻ മാധ്യമങ്ങളോട് അഭ്യർത്ഥിക്കുന്നു. സർക്കാരിന്റെ പ്രവർത്തനത്തിൽ വീഴ്ചകളോ കുറവുകളോ ഉണ്ടെങ്കിൽ ഒരു പരാതിയുമുള്ളവരല്ല ഇന്ന് ഭരിക്കുന്നത്. പക്ഷേ സാധാരണ രീതിയിലുള്ള വിമർശനമാണോ , അധിക്ഷേപമാണോ നടത്തുന്നത് എന്ന് ചിന്തിക്കണം. വിമർശനം മാധ്യമ പ്രവർത്തനത്തിന്റെ ഭാഗമാണ്. മാധ്യമരംഗത്തെ അപചയങ്ങൾ ആ രംഗത്തുള്ളവർ തന്നെ ചൂണ്ടിക്കാണിക്കുന്നുണ്ട്. അത് തിരുത്താൻ മാധ്യമമേഖലയിൽ നിന്നുതന്നെ സംവിധാനം വേണം. അതിനുകൂടി സമയമായി. സർക്കാറിനെ ആരോഗ്യപരമായി വിമർശിക്കുന്നതിന് ഒപ്പം തന്നെ നാടിന്റെ പൊതുവായ നന്മക്ക് വേണ്ടിയുള്ള സർക്കാറിന്റെ പ്രവർത്തനങ്ങൾക്ക് മാധ്യമങ്ങൾ പിന്തുണ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here