നവകേരള സദസിന് നാളെ കാസർഗോഡ് തുടക്കം

0

സംസ്ഥാന സർക്കാരിന്റെ നവകേരള സദസിന് നാളെ കാസർഗോഡ് തുടക്കം. മുഖ്യമന്ത്രിയും മന്ത്രിമാരും നാളെ കാസർകോട് എത്തും. മുഖ്യമന്ത്രിക്ക് സഞ്ചരിക്കാനായി പ്രത്യേകം തയ്യാറാക്കിയ ബസ് കാസർഗോഡേക്ക് എത്തും.

 

ഒരു മാസത്തിലധികം നീണ്ടുനിൽക്കുന്ന നവകേരള സദസ്സിനാണ് നാളെ കാസർഗോഡ് തുടക്കമാവുക. നാളെ വൈകുന്നേരം 3.30 ന് മഞ്ചേശ്വരം പൈവെളിഗെ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംസ്ഥാനതല ഉദ്ഘാടനം. 140 നിയോജകമണ്ഡലങ്ങളിലും നവ കേരള സദസ് സംഘടിപ്പിക്കും. വിവാദങ്ങൾക്കിടെ നടത്തുന്ന നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിമാരും സംസ്ഥാനമൊട്ടാകെ സഞ്ചരിക്കും. സർക്കാരിന്റെ വികസന നേട്ടങ്ങൾ മന്ത്രിമാർ നേരിട്ട് ജനങ്ങളോട് വിശദീകരിക്കും. മുഖ്യമന്ത്രിക്ക് മന്ത്രിമാർക്കും സഞ്ചരിക്കാനായി തയ്യാറാക്കിയ ആഡംബര ബസ് നേരിട്ട് കാസർഗോഡേക്ക് എത്തും.

 

നവകേരള സദസിൽ നിന്ന് ലഭിക്കുന്ന പരാതികളിലും നിവേദനങ്ങളിലും മറ്റും അവിടെ വെച്ച് തീരുമാനം ഉണ്ടാകില്ല. ജില്ലകളിൽ കളക്ടറുടെ മേൽനോട്ടത്തിൽ അതാത് വകുപ്പുകളിലെ ഉദ്യോഗസ്ഥർ പരാതികൾക്ക് തീർപ്പുണ്ടാക്കും. സംസ്ഥാന തലത്തിൽ കൈകാര്യം ചെയ്യേണ്ട വിഷയങ്ങൾ ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ വകുപ്പ് സെക്രട്ടറിമാർ തീർപ്പാക്കും. പരാതികളിലും മറ്റും അതാത് വേദിയിൽ മറുപടി പറയാൻ മന്ത്രിമാരെ സഹായിക്കാനും ആവശ്യമായ വിവരങ്ങൾ കൈമാറുന്നതിനും സംസ്ഥാന തലത്തിൽ സെല്ലുകളും ഉണ്ട്. നവ കേരള സദസ് തുടങ്ങുന്നതിന് മുൻപ് രാവിലെ, മുഖ്യമന്ത്രി മന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. കാസർകോട് ഗസ്റ്റ് ഹൗസിൽ വെച്ചായിരിക്കും യോഗം. പര്യടനത്തിന്റെ അവസാന വട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനും പര്യടനത്തിൽ പൊതുവായി പറയേണ്ട കാര്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ അറിയിക്കുന്നതിനും വേണ്ടിയാണ് യോഗം.

LEAVE A REPLY

Please enter your comment!
Please enter your name here